പോസ്റ്റ്പാർട്ടം എന്നാൽ പ്രസവശേഷമുള്ള കാലയളവ് എന്നാണ് അർത്ഥമാക്കുന്നത്. അമ്മയുടെ ശരീരവും മനസ്സും ഗർഭധാരണത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തുന്ന വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. ഇതിനെ ‘നാലാം ട്രൈമെസ്റ്റർ’ എന്നും വിളിക്കാറുണ്ട്.
സാധാരണയായി പ്രസവശേഷമുള്ള ആദ്യത്തെ ആറ് മുതൽ എട്ട് ആഴ്ചകൾ വരെയാണ് ഈ കാലയളവായി കണക്കാക്കുന്നത്. എങ്കിലും ശാരീരികവും മാനസികവുമായ മാറ്റങ്ങൾ പൂർണമായി ഇല്ലാതാകാൻ ആറ് മാസം വരെയോ അതിൽ കൂടുതലോ എടുത്തേക്കാം. പ്രസവം ഒരു സ്ത്രീയുടെ ശരീരത്തിൽ വലിയ സമ്മർദം ചെലുത്തുന്നു. അതിന്റെ ആഘാതം ശാരീരികമായി മാത്രമല്ല, വൈകാരികമായും ആഴത്തിൽ സ്വാധീനം ചെലുത്തുന്നു. പോസ്റ്റ്പാർട്ടം എന്നത് കേവലം ശാരീരികമായ വീണ്ടെടുക്കൽ മാത്രമല്ല, ഒരുപാട് വൈകാരികവും മാനസികവുമായ മാറ്റങ്ങളിലൂടെയും അമ്മ കടന്നുപോകുന്ന സമയമാണ്.
പോസ്റ്റ്പാർട്ടം പലപ്പോഴും സമൂഹം വേണ്ടത്ര മനസിലാക്കാത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഇത് പ്രധാനമായും പോസ്റ്റ്പാർട്ടം ഡിപ്രഷൻ (PPD), പോസ്റ്റ്പാർട്ടം ആൻസൈറ്റി തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളുമായും സാമൂഹിക സമ്മർദങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. മാതൃത്വം എന്നത് സന്തോഷം നിറഞ്ഞതും തികഞ്ഞതുമായ ഒരു അനുഭവമാണെന്ന ശക്തമായ സാമൂഹിക ധാരണ ഇന്നും നിലനിൽക്കുന്നുണ്ട്. അതിനാൽ ഒരു പുതിയ അമ്മ വിഷാദത്തിലോ ഉത്കണ്ഠയിലോ ആയിരിക്കുക എന്നത് ഒരു പരാജയമായാണ് സമൂഹം കണക്കാക്കുന്നത്.
പ്രസവശേഷം ആദ്യത്തെ രണ്ടാഴ്ച ഉണ്ടാകുന്ന സാധാരണമായ മൂഡ് മാറ്റങ്ങൾ 'ബേബി ബ്ലൂസ്' എന്നറിയപ്പെടുന്നു. പ്രസവിച്ച് ആദ്യത്തെ 1-2 ആഴ്ചകളിൽ ഉണ്ടാകുന്ന ചെറിയ വിഷാദവും മൂഡ് മാറ്റങ്ങളും. ഇത് സാധാരണമാണ്, പെട്ടെന്ന് കരയുക, സങ്കടം, ഉത്കണ്ഠ എന്നിവ അനുഭവപ്പെടാം. സാധാരണയായി ഇത് താനെ മാറും. എന്നാൽ ഇത് ഗുരുതരമായ അവസ്ഥയായ പോസ്റ്റ്പാർട്ടം ഡിപ്രഷനുമായി (PPD) പലരും തെറ്റിദ്ധരിക്കുന്നു. 'ഇത് കുറച്ച് ദിവസത്തേക്ക് മാത്രമേ ഉണ്ടാകൂ, ക്ഷീണം കാരണമാണ്, അത് താനെ മാറും' എന്നിങ്ങനെ പറഞ്ഞ് ആളുകൾ പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ തീവ്രത കുറച്ചു കാണുന്നു. യഥാർത്ഥത്തിൽ ചികിത്സ ആവശ്യമുള്ള ഒരു മാനസികാരോഗ്യ പ്രശ്നമാണ്.
പോസ്റ്റ്പാർട്ടം പ്രശ്നങ്ങൾ ഒരു മാനസികാരോഗ്യ പ്രശ്നമായി തിരിച്ചറിയപ്പെടുന്നില്ല. പൊതുവെ മാനസികാരോഗ്യ പ്രശ്നങ്ങൾ തുറന്ന് സംസാരിക്കുന്നത് സമൂഹത്തിൽ ഒരു കുറവായോ നാണക്കേടായാണ് കണക്കാക്കുന്നത്. പ്രസവശേഷം അമ്മയുടെ ശാരീരിക ആരോഗ്യം, കുഞ്ഞിന്റെ ആരോഗ്യം എന്നിവക്ക് മാത്രം ശ്രദ്ധ കൊടുക്കുകയും മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നതും പോസ്റ്റ്പാർട്ടത്തിന്‍റെ പ്രധാന കാരണമാണ്. പോസ്റ്റ്പാർട്ടം അവസ്ഥ എന്താണെന്നും, അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും, എത്രത്തോളം സാധാരണമാണെന്നും ഉള്ളതിനെക്കുറിച്ച് പൊതുജനത്തിന് വേണ്ടത്ര അറിവില്ല. പ്രസവശേഷം പങ്കാളിക്കും പോസ്റ്റ്പാർട്ടം ഡിപ്രഷൻ വരാമെന്നതിനെക്കുറിച്ച് സമൂഹം അത്ര ബോധവാന്മാരല്ല എന്നതും ഒരു പ്രശ്നമാണ്.
ഈ കാരണങ്ങൾ കൊണ്ടാണ് പോസ്റ്റ്പാർട്ടം അവസ്ഥയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകൾക്ക് സമൂഹത്തിൽ നിന്ന് വേണ്ടത്ര അംഗീകാരവും പിന്തുണയും ലഭിക്കാതെ പോകുന്നത്. കൂടുതൽ തുറന്ന സംഭാഷണങ്ങളും, അവബോധവും, ആരോഗ്യ രംഗത്തെ പരിശീലനങ്ങളും ഉണ്ടെങ്കിൽ മാത്രമേ ഈ തെറ്റിദ്ധാരണകൾ തിരുത്തി പോസ്റ്റ്പാർട്ടം അവസ്ഥകളെ ഒരു സാധാരണ ആരോഗ്യ പ്രശ്നമായി കാണാൻ സാധിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.