നിങ്ങൾക്ക് മൊബൈൽ ഫോൺ ഇടക്കിടെ നോക്കുന്ന ശീലമുണ്ടോ? ഇതിന് പിന്നിലെ യഥാർത്ഥ കാരണം അറിയൂ...
പുതിയ നോട്ടിഫിക്കേഷനുകൾ ഒന്നും തന്നെ വന്നിട്ടില്ലെന്ന് അറിയാമെങ്കിലും നാം എന്തിനാണ് വീണ്ടും വീണ്ടും മൊബൈൽ ഫോൺ പരിശോധിക്കുന്നത്? പുറമെ നിസ്സാരമെന്ന് തോന്നുന്ന ഈ ശീലത്തിന് പിന്നിൽ നമ്മുടെ തലച്ചോറിലെ റിവാർഡ് സിസ്റ്റവും, വിരസതയും, അതുകൂടാതെ കൂടുതൽ കാര്യങ്ങൾ അറിയാനുള്ള പ്രേരണയുമാണുള്ളതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കഡബംസ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. അനിത ബി, എച്ച്.ടി ലൈഫ്‌സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഈ നിരന്തരമായ ഫോൺ ഉപയോഗത്തിന്‍റെ കാരണങ്ങളും അവ നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിശദീകരിച്ചത്.
മനശാസ്ത്രപരമായി നോക്കുമ്പോൾ, വിരസത, ഉത്കണ്ഠ, വെറുതെയിരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവയുമായും ഈ പെരുമാറ്റത്തിന് ബന്ധമുണ്ടെന്ന് ഡോ. അനിത ചൂണ്ടിക്കാണിക്കുന്നു. ചില ആളുകളെ സംബന്ധിച്ചിടത്തോളം ചെറിയൊരു നിമിഷത്തെ അനിശ്ചിതത്വമോ ഏകാന്തതയോ മാനസിക അസ്വസ്ഥതയോ ഒഴിവാക്കാനുള്ള വഴിയാണ് ഫോൺ ഉപയോഗം. ഇത്തരം വികാരങ്ങളെ നേരിടുന്നതിന് പകരമായി അവർ പെട്ടെന്ന് തന്നെ ഫോണിലൂടെ ആശ്വാസം തേടുന്നു. ഫോൺ നൽകുന്ന ഈ തൽക്ഷണ വ്യതിചലനം, പിന്നീട് അതിൽ വലിയ സംതൃപ്തി ലഭിച്ചില്ലെങ്കിൽ പോലും ആ ശീലത്തെ വീണ്ടും ആവർത്തിക്കാൻ കാരണമാകുന്നു.
എല്ലാറ്റിനും ഉപരിയായി എന്തെങ്കിലും പ്രധാനപ്പെട്ട വിവരങ്ങളോ അപ്‌ഡേറ്റുകളോ നഷ്ടപ്പെട്ടുപോകുമോ എന്ന ഭയവും (FOMO - Fear of Missing Out) ഇതിന് ആക്കം കൂട്ടുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം ഫോൺ പൂർണ്ണമായി ഉപേക്ഷിക്കുക എന്നതല്ല, മറിച്ച് നമ്മെ ഫോണിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ തിരിച്ചറിയുക എന്നതാണ്. പ്രധാനമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക, ആവശ്യമായ ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഫോൺ ദൂരെ മാറ്റി വെക്കുക, അനാവശ്യ ഉത്തേജനങ്ങൾ ഇല്ലാതെ സ്വയം ശാന്തമായിരിക്കാൻ ശീലിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ ശീലത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.