മാനസികാരോഗ്യമെന്ന നിക്ഷേപം

മൂഹത്തിന്‍റെ വികസനത്തിന് ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ ക്ഷേമമാണ്. എന്നാൽ ശാരീരിക ആരോഗ്യത്തിനു നമ്മൾ കൊടുക്കുന്ന പ്രാധാന്യം പലപ്പോഴും നമ്മൾ മനസികാരോഗ്യത്തിന്‍റെ കാര്യത്തിൽ കാണിക്കാറില്ല. ഇത് മുഖേന ചെറിയ മാനസിക പ്രശ്നങ്ങൾ പോലും പിന്നീട് വലിയ മാനസിക പ്രശ്നങ്ങളായി പരിണമിക്കാറുണ്ട്.

ഒരുപാട് കാലമായി വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല എന്നു തോന്നിയിരുന്ന ഒരു മേഖലയായിരുന്നു മാനസികാരോഗ്യം. എന്നാൽ ഇന്ന് അതിൽ ഒരു മാറ്റം വന്നിട്ടുള്ളതായി നമുക്ക് കാണാം. മാനസികരോഗ്യം നിലനിർത്താനും സന്തോഷപൂർണമായ ജീവിതം നയിക്കാനും ആവശ്യമായ ലേഖനങ്ങൾക്കും ക്ലാസ്സുകൾക്കും വിഡിയോകൾക്കും ഇന്ന് മുമ്പെങ്ങും ഇല്ലാത്ത ഒരു സ്വീകാര്യത ഉണ്ട്. വാർത്താ മാധ്യമങ്ങളും ആരോഗ്യ മാസികകളുമൊക്കെ മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളും വാർത്തകളും കൂടുതലായി ഉൾപ്പെടുത്താൻ തുടങ്ങി.

മാനസികാരോഗ്യം എന്നാൽ ഒരാൾ സ്വന്തം കഴിവ് തിരിച്ചറിഞ്ഞു, സാധാരണ ജീവിത ക്ലേശങ്ങളെ ഫലപ്രദമായി നേരിട്ട് സമൂഹത്തിന്‍റെ ഉള്ളിൽ ഫലദായകമായ രീതിയിൽ ജീവിക്കുന്നതാണ്. ഈ സാഹചര്യത്തിൽ മാനസികാരോഗ്യം ഒരു വ്യക്തിയുടെ ക്ഷേമത്തിനും ജനസമൂഹത്തിന് പ്രയോജനകരമായ പ്രവർത്തനങ്ങൾക്കും അടിസ്ഥാനമാണ്.




മാനസികാരോഗ്യം എന്തുകൊണ്ട് പ്രാധാന്യമർഹിക്കുന്നു.?

ലോകജനസംഖ്യയിൽ 55 കോടിയിൽ അധികം ആളുകൾ പല തരത്തിലുള്ള മാനസികരോഗം മൂലം കഷ്ടത അനുഭവിക്കുന്നു. ലോകാരോഗ്യ സംഘടന ഇന്ത്യയെ ഏറ്റവും വിഷാദമനുഭവിക്കുന്ന രാജ്യമായാണ്‌ ലേബൽ ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ ഏഴിൽ ഒരാൾ ഉത്കണ്ഠ, വിഷാദം, അമിതഭയം, സമ്മർദ്ദം, സ്‌കീസോഫ്രീനിയ തുടങ്ങിയ മനസിക പ്രശ്‌നങ്ങളിൽ ഏതെങ്കിലുമൊന്ന് അനുഭവിക്കുണ്ട്. 2016 ലെ കേരളാ സ്റ്റേറ്റ് മെന്‍റൽ ഹെൽത്ത് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 12.43% ആളുകൾക്കും മാനസികാരോഗ്യത്തിനുള്ള ചികിത്സ ആവശ്യമാണ്. അതിൽ തന്നെ 15% ആളുകൾക്ക് മാത്രമേ ശാസ്ത്രീയമായ ചികിത്സയും സഹായവും ലഭിക്കുന്നുള്ളു. ആയതിനാൽ മാനസികാരോഗ്യം ഗുണകരമാക്കുന്നതിൽ നാം സ്വീകരിക്കുന്ന സമീപനം പ്രധാനപെട്ടതാണ്.

ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട്കൊണ്ട് ലോകാരോഗ്യ സംഘടന ഈ വർഷത്തെ (2020) പ്രമേയമായി സ്വീകരിച്ചിട്ടുള്ളത് "എല്ലാവർക്കും മാനസികാരോഗ്യം; കൂടുതൽ നിക്ഷേപം, കൂടുതൽ ലഭ്യത'' എന്നതാണ്. ഈ കാലത്ത് മനസികാരോഗ്യ സേവനങ്ങൾ എല്ലാവർക്കും എളുപ്പം ലഭ്യമാക്കാനായി കൂടുതൽ നിക്ഷേപങ്ങൾ മാനസികാരോഗ്യ മേഖലയിൽ നടക്കേണ്ടതുണ്ട്. ലോക മാനസികാരോഗ്യ സംഘടനയുടെ പ്രസിഡന്‍റ് ഡോക്ടർ ഡാനിയലിന്‍റെ വാക്കുകളിൽ പറയുകയാണെങ്കിൽ, "മാനസികാരോഗ്യം എന്നത് നിക്ഷേപം ആണ്, അതിനു വേണ്ടിയുള്ള ചിലവഴിക്കൽ നല്ല നാളേക്ക് വേണ്ടിയുള്ള കരുതൽ കൂടെ ആണെന്നുള്ള ബോധം നമുക്ക് എല്ലാവർക്കും ഉണ്ടാവണം. വലിയൊരു സാമൂഹ്യ വിപത്തിനെ തടയാൻ നമ്മൾ അതിനു മുൻഗണന നൽകണം."

മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ


-ആരോഗ്യവും സന്തോഷപ്രദവുമായ ബന്ധങ്ങളിൽ ഏർപ്പെടുക.
-വ്യായാമങ്ങൾ പതിവാക്കുക
-വിശ്രമവേളകൾ കണ്ടെത്തുക
-സഹായങ്ങൾ ചോദിക്കുക
-ശുഭാപ്തി വിശ്വാസം കൈക്കൊള്ളുക
-മനസു തുറന്ന് സംസാരിക്കുക.
കൃത്യസമയത്ത് ഉറങ്ങുക.
-ഡയറി സൂക്ഷിക്കുക.
-ധ്യാനിക്കുക.
-സേവനങ്ങൾ ചെയ്യുക
-നല്ല മാധ്യമങ്ങൾ ശ്രദ്ധിക്കുക.
-താൽപര്യം ഇല്ലാത്ത വിഷയങ്ങളോട് "ഇല്ല (No)" എന്നു പറയാൻ ശീലിക്കുക.
-ജീവിതത്തിനു ലക്ഷ്യം ഉണ്ടായിരിക്കുക.
-ചെയ്യുന്ന ജോലിയെ ഇഷ്ടപ്പെടുക/ ഇഷ്ടപ്പെടുന്ന ജോലി തിരഞ്ഞെടുക്കുക.
-സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യാൻ സമയം കണ്ടെത്തുക.
-സമയനിഷ്ഠ പാലിക്കുക.




 മാനസികാരോഗ്യം കുറഞ്ഞവർ കാണിച്ചേക്കാവുന്ന ലക്ഷണങ്ങൾ

-അമിതവും നിയന്ത്രിക്കാനാവാത്തതുമായ സങ്കടം
-അമിതമായ ടെൻഷനും ഭയവും
-അതിയായ കുറ്റബോധം
-ആത്മഹത്യാ ചിന്തകൾ
-ഉറക്കില്ലായ്മ / അമിതമായ ഉറക്കം
-ഭക്ഷണത്തിൽ താൽപര്യമില്ലായ്മ.
- സൗഹൃദങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും വിട്ടുനിൽക്കാനുള്ള പ്രവണത.
- ലഹരി പദാർഥങ്ങളുടെ ഉപയോഗം.
-അമിതമായ ദേഷ്യം.
- ജോലികളിൽ താൽപര്യമില്ലായ്മയും തളർച്ചയും.

തുടങ്ങിയവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ മാനസിക ആരോഗ്യത്തിലെ അപാകതയാണ്‌ സൂചിപ്പിക്കുന്നത്. ശാസ്ത്രീയമായ സഹാത്തോടെ അവയെ കൈകാര്യം ചെയ്താൽ മാനസികാരോഗ്യം വീണ്ടെടുക്കാം.




 

മനോരോഗ ചികിത്സയും പ്രാധാന്യവും

മനോരോഗ ചികിത്സകൾ അതത് വ്യക്തിയിൽ കേന്ദ്രികരിച്ചുകൊണ്ടാണ് നടത്തപ്പെടാറുള്ളത്. എന്നാൽ ഒരു വ്യക്തി മാനസികാരോഗ്യം വീണ്ടെടുക്കുന്നതിൽ സമൂഹത്തിനും വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ സമൂഹത്തിൽ നിന്ന് ഒരു മാനസികരോഗിയെ ഒറ്റപ്പെടുത്തുന്നതും മാറ്റി നിർത്തുന്നതും ആ വ്യക്തിയിലെ മാനസിക സമ്മർദങ്ങൾ വർധിക്കാൻ കാരണമാവുന്നു. ഈ കാരണത്താൽ സമൂഹത്തിലെ ഓരോ അംഗങ്ങളും, മാനസിക പ്രശ്നമുള്ള ആളെ സമൂഹത്തിന്‍റെ ഭാഗമായി ഉൾക്കൊണ്ടു കൊണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. തന്‍റെ കൂടെ ഒരു സമൂഹം ഉണ്ടെന്ന തിരിച്ചറിവ് വലിയ അളവോളം രോഗപ്രതിരോധത്തിനുള്ള കാരണമാണ്.

മനോരോഗങ്ങൾക്കുള്ള ചികിത്സയും വളരെ പ്രധാനപ്പെട്ടതാണ്. മാനസിക ദൗർബല്യങ്ങളെ എളുപ്പം ചൂഷണം ചെയ്യാൻ കഴിയും എന്നതിനാൽ ഇത്തരം ചികിൽസാ മേഖലകളിൽ വ്യാജന്മാർ ഏറെയാണ്. മാനസിക സംഘർഷങ്ങൾ മനസ്സിലാക്കുന്നതിനും, മാനസികാരോഗ്യം എളുപ്പം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും കൃത്യമായ യോഗ്യതയുള്ള മനഃശാസ്ത്രജ്ഞരെ സമീപിക്കേണ്ടത് നിർബന്ധമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.