തലമുറകൾ മാറുമ്പോൾ മാനസികാരോഗ്യവും കുറയുന്നു!

സ്മാർട്ട്‌ഫോൺ ഉപയോഗം, അൾട്രാ പ്രോസസ്ഡ് ഡയറ്റുകൾ, സാമൂഹിക ബന്ധങ്ങൾ ദുർബലമാകൽ തുടങ്ങിയവയാണ് മാനസികാരോഗ്യത്തിൽ കുറവുവരുത്തുന്ന പ്രധാന കാരണങ്ങളെന്നാണ് പഠനം പറയുന്നത്. 

ഓരോ തലമുറയും മാറുമ്പോൾ അതോടൊപ്പം മനുഷ്യന്റെ മാനസികാരോഗ്യവും കുറഞ്ഞുപോവുകയാണെന്ന് കണ്ടെത്തൽ. സ്മാർട്ട്‌ഫോൺ ഉപയോഗം, അൾട്രാ പ്രോസസ്ഡ് ഡയറ്റുകൾ, സാമൂഹിക ബന്ധങ്ങൾ ദുർബലമാകൽ തുടങ്ങിയവയാണ് മാനസികാരോഗ്യത്തിൽ കുറവുവരുത്തുന്ന പ്രധാന കാരണങ്ങളെന്നാണ് പഠനം പറയുന്നത്. ഇന്ത്യ ഉൾപ്പെടെ 85 രാജ്യങ്ങളിലായി 2.5 ദശലക്ഷത്തിലധികം ആളുകളിൽനിന്നുള്ള ഡേറ്റ വിശകലനം ചെയ്ത് ‘സാപിയൻ ലാബ്‌സ് ഗ്ലോബൽ മൈൻഡ് ഹെൽത്ത്’ തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. സമ്മർദത്തെ നേരിടാനും വികാരങ്ങളെ നിയന്ത്രിക്കാനുമുള്ള വ്യക്തികളുടെ കഴിവുകൂടി വിലയിരുത്തുന്നതായിരുന്നു സർവേ. സർവേയിൽ തലമുറകൾ തമ്മിൽ ഇക്കാര്യങ്ങളിൽ വ്യക്തമായ വിടവ് വെളിപ്പെടുകയും ചെയ്തു. 55 വയസ്സും അതിൽ കൂടുതലുമുള്ള, ‘മുതിർന്നവർ’ എന്ന് കണക്കാക്കുന്നവർ സർവേയിൽ ആരോഗ്യകരമായ അവസ്ഥയിലാണെന്ന് സർവേ പറയുന്നു. അതേസമയം, 35 വയസ്സിന് താഴെയുള്ളവരിൽ പകുതിയോളം പേർക്കും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ അനുഭവപ്പെടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. പഴയ തലമുറകളിൽ ഉണ്ടായിരുന്നതിനേക്കാൾ നാലിരട്ടി കൂടുതലാണ് ഈ അവസ്ഥ.

മഹാമാരിക്കാലത്തിനുമുമ്പുതന്നെ ഈ അവസ്ഥ പ്രകടമായിരുന്നെങ്കിലും കോവിഡ്-19 മുതൽ അത് കുത്തനെ വഷളാവുകയായിരുന്നെന്നും അതിൽനിന്ന് ആരും ഇതുവരെ കരകയറിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. ഈ പഠനത്തിൽ വ്യക്തമാകുന്ന മറ്റുചില കാര്യങ്ങൾകൂടിയുണ്ട്. സമ്പത്ത് സന്തോഷത്തിന്റെ അളവുകോലായി പ്രവർത്തിക്കുന്നില്ല എന്നതാണ് അതിലൊന്ന്. മറ്റൊന്ന് ചെറുപ്പകാലം മുതൽതന്നെയുള്ള സ്മാർട്ട്ഫോൺ ഉപയോഗമാണ്. ജനിച്ച് അധികകാലമാകുന്നതിനുമുമ്പുതന്നെ സ്മാർട്ട് ഫോൺ ഉപയോഗം തുടങ്ങുന്ന പുതുതലമുറയിലുള്ളവരിൽ മാനസികാരോഗ്യത്തിന്റെ അളവ് വളരെ കുറവാണെന്ന് പഠനം പറയുന്നു. ഭക്ഷണക്രമമാണ് മറ്റൊരു പ്രധാന ഘടകം. 55 വയസ്സിനു മുകളിലുള്ളവരിൽ 26 ശതമാനം പേർ മാത്രമാണ് പാക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പഞ്ചസാരയടങ്ങിയ പാനീയങ്ങൾ തുടങ്ങിയ അൾട്രാ-പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം പകുതിയിലധികം യുവാക്കളും, ഏകദേശം 54 ശതമാനം ഇത്തരം ഭക്ഷണം കഴിക്കുന്നവരാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി യുവാക്കളിൽ ഉത്കണ്ഠയും വിഷാദവും വർധിച്ചുവരുകയാണെന്നും പഠനത്തിലുണ്ട്. ജീവിതശൈലിക്ക് പുറമേ, സാമൂഹികവും വൈകാരികവുമായ പിന്തുണയും മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tags:    
News Summary - Mental health also declines as generations change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.