എങ്ങനെ നിങ്ങള്‍ക്ക് നല്ലൊരു ഇൻഫ്ലുവന്‍സറാകാം

സ്വന്തം ചിന്തകള്‍, വ്യക്തിത്വം, നിലപാടുകള്‍, കഴിവ് എന്നിവയിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്നവരാണ് ഇൻഫ്ലുവന്‍സര്‍മാര്‍. നല്ല ഇൻഫ്ലുവന്‍സറാകുന്നതിലൂടെ മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ മാത്രമല്ല സ്വന്തം കരിയറും ബിസിനസും പരിധികളില്ലാതെ ഉയര്‍ത്താനും സാധിക്കും. നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കാനാവും, മറ്റുള്ളവരുടെ മനസില്‍ പോസിറ്റീവ് ഇംപാക്ട് സൃഷ്ടിക്കാനും കഴിയും, പോസിറ്റീവ് പേഴ്‌സനല്‍ ബ്രാന്റിങ് സൃഷ്ടിക്കാനും അര്‍ത്ഥവത്തായ ജീവിതം നയിക്കാനും സാധിക്കും. അവരവരുടെ മേഖലയില്‍ നല്ല ഒരു ഇൻഫ്ലുവെന്‍സറാകുകയെന്നത് ഓരോരുത്തരുടെയും സ്വപ്‌നമാണ്. അല്പം നേതൃത്വഗുണവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ ആര്‍ക്കും ഈ സ്വപ്‌നത്തിലേക്കെത്താം. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ആദ്യത്തെ കാര്യം അഭിനന്ദനങ്ങള്‍ ആത്മാര്‍ത്ഥമായിരിക്കുകയെന്നതാണ്. മറ്റുള്ളവരെ അഭിനന്ദിക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ സത്യസന്ധമായും ആത്മാര്‍ത്ഥമായും അത് ചെയ്യണം. നമ്മളെ സമീപിക്കുന്നവരെ സംബന്ധിച്ച് നമ്മള്‍ നല്ലൊരു ശ്രോതാവായിരിക്കണം. നല്ലൊരു ശ്രോതാവിനേ ആളുകളെ മനസിലാക്കാനാവൂ. മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ മുന്‍വിധികളില്ലാതെ കേള്‍ക്കാന്‍ തയാറാവുക. നമ്മള്‍ ഒരാളെ കേള്‍ക്കുന്നത് ആത്മാര്‍ത്ഥമായിട്ടായിരിക്കണം. വെറുതെ അവരെ ബോധിപ്പിക്കാനായി ഇരുന്നുകൊടുക്കലാവരുത്. താല്‍പര്യമില്ലാതെയാണ് കേട്ടിരിക്കുന്നതെങ്കില്‍ ശരീരഭാഷയില്‍ അത് പ്രതിഫലിക്കുകയും മറ്റുള്ളവര്‍ക്ക് എളുപ്പം മനസിലാവുകയും ചെയ്യും.

ആളുകളെ അറിയാന്‍ ജിജ്ഞാസ വേണം. നമ്മളോട് സംസാരിക്കുന്ന വിഷയത്തില്‍ നമുക്ക് താല്‍പര്യമുണ്ടെന്നും അവര്‍ പറയുന്നത് വളരെ ജിജ്ഞാസയോടെയാണ് കേള്‍ക്കുന്നതെന്നും ശരീരഭാഷയിലൂടെ അവര്‍ക്ക് മനസിലാവണം. സംസാരിക്കുമ്പോള്‍ അഭിമുഖമായുള്ള വ്യക്തിയുടെ പേര് വിളിച്ചുകൊണ്ട് സംസാരിക്കുന്നതിലൂടെ അവരുടെ ഹൃദയത്തില്‍ എളുപ്പം കടന്നുകൂടാം. മുഖത്ത് ഒരു പുഞ്ചിരി നിലനിര്‍ത്താന്‍ മറക്കേണ്ട. പരാതി പറച്ചിലും കുറ്റംപറച്ചിലും വേണ്ട. കേള്‍ക്കുന്നയാള്‍ക്ക് കൂടി താല്‍പര്യമുള്ള വിഷയമായിരിക്കണം നമ്മള്‍ സംസാരിക്കേണ്ടത്.

ഒരുകൂട്ടം ആളുകള്‍ക്കിടയില്‍ പെരുമാറുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൂട്ടത്തിലുള്ള ഒരാള്‍ പറഞ്ഞതില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ അപ്പോള്‍ തന്നെ അത് ചൂണ്ടിക്കാട്ടി അവരെ വിഷമിപ്പിക്കാതിരിക്കുക. സ്വകാര്യമായി പിഴവുകള്‍ ചൂണ്ടിക്കാട്ടാം. അഭിനന്ദനങ്ങളാണെങ്കില്‍ ഗ്രൂപ്പിനുള്ളില്‍ ഏവര്‍ക്കും മുമ്പില്‍ തന്നെയാകാം. വിമര്‍ശനങ്ങള്‍ അല്ലെങ്കില്‍ അയാളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് മറ്റുള്ളവരില്ലാത്തപ്പോഴാകാം. പറയേണ്ട കാര്യങ്ങള്‍ ആജ്ഞപോലെ അവതരിപ്പിക്കുന്നിന് പകരം ചോദ്യരൂപേണ മുന്നോട്ടുവെക്കാം. ഇത് ചെയ്യൂ, അത് ചെയ്യൂ എന്ന് നിര്‍ബന്ധം പിടിക്കാതെ ഇങ്ങനെ ചെയ്യുന്നത് നന്നാവില്ലേയെന്ന് ഇതല്ലേ നല്ലത് എന്ന രീതിയില്‍ ചോദിക്കാം. ലീഡര്‍ എന്ന നിലയില്‍ മറുവശത്തുള്ളവര്‍ നമ്മളെ അംഗീകരിക്കാന്‍ ഇത് സഹായിക്കും.

നമ്മള്‍ എന്ത് കാര്യം പറയുമ്പോഴും അത് മറ്റുള്ളവരില്‍ എന്ത് ഫീലിങ്ങാണ് ഉണ്ടാക്കുകയെന്ന ബോധ്യം നമുക്കുണ്ടാവണം. അവരുടെ വീക്ഷണ കോണില്‍ നിന്നുകൊണ്ടുകൂടി കാര്യങ്ങളെ കാണാന്‍ ശ്രമിക്കണം. ആളുകളെ എപ്പോഴും എന്‍കറേജ് ചെയ്യുന്ന രീതിയില്‍ പെരുമാറണം. അനാവശ്യമായ വാഗ്ദങ്ങള്‍ ഒഴിവാക്കുന്നത് മറ്റുള്ളവരില്‍ നമ്മളിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കും. അവരുടെ നിലപാടുകളെ റസ്‌പെക്ട് ചെയ്യുക. നമുക്കെന്തെങ്കിലും പിഴവ് സംഭവിച്ചാലോ, അത് ആരെങ്കിലും ചൂണ്ടിക്കാട്ടിയാലോ തെറ്റിനെ തെറ്റായി അംഗീകരിക്കുക. ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ മറ്റുള്ളവരുടെ മനസില്‍ നമുക്ക് സ്ഥാനവും ബഹുമാനവും ലഭിക്കുകയും അവരില്‍ സ്വധീനം ചെലുത്താനാവുകയും ചെയ്യും.

Tags:    
News Summary - How you can become a good influencer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.