കോവിഡ് ഏതുസമയവും പിടിപെടും എന്ന വിചാരത്തിലാണ് ഇന്ന് നമ്മളിൽ പലരും. ഒന്നാം തരംഗം കഴിഞ്ഞ് രണ്ടും മൂന്നും തരംഗത്തിൻെറ ഭീതിയിലാണ് ജനം. 'ഭയപ്പെടേണ്ട ജാഗ്രത മതി...' എന്ന് സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുമ്പോഴും മറുവശത്ത് ജനത്തെ ഭീതിപ്പെടുത്തി സമൂഹമാധ്യമങ്ങളും മറ്റും വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ഇത് സമൂഹമാധ്യമങ്ങളുടെ കാലമായതിനാൽ ആശങ്ക പരത്താൻ ഒരു പരിധി വരെയെങ്കിലും ഇക്കൂട്ടര്‍ക്ക് കഴിയുന്നുമുണ്ട്. ഈ അങ്കലാപ്പും ഭീതിയും സ്വന്തം മാനസികാരോഗ്യം അവതാളത്തിലാക്കുകയാണെന്നാണ് തിരിച്ചറിയേണ്ടത്. വരുമാനത്തിനായി ലോക്ഡൗണില്‍ തട്ടിക്കൂട്ടിയെടുത്ത യുട്യൂബ് ചനാലുകൾക്ക് 'നമുക്കും കിട്ടണം പണം' എന്ന വിചാരം മാത്രമേ ഉള്ളു എന്നതും തിരിച്ചറിയേണ്ടതുണ്ട്.

മനസ്സില്‍ നിന്നാണ് ഏതു രോഗവുമുണ്ടാകുന്നത്. 'മഴ നനഞ്ഞാല്‍ പനി പിടിക്കും' എന്ന് അമ്മമാര്‍ കുട്ടികളെ പറഞ്ഞു പഠിപ്പിക്കും. ആ കുട്ടി എത്ര വളര്‍ന്നു വലുതായാലും അമ്മ പറഞ്ഞു പഠിപ്പിച്ച പാഠം മനസ്സിലുണ്ടാകും, പനിയും പിടിക്കും. സമൂഹത്തില്‍ മിക്കവര്‍ക്കും അലര്‍ജി സംബന്ധമായ രോഗങ്ങള്‍ ഉണ്ട് എന്നു പറയുന്നു. എന്നാല്‍ അലര്‍ജി എന്ന ഒന്ന് ഈ പറയുന്ന മിക്കപേര്‍ക്കും ഇല്ല എന്നാണ് ഷൊര്‍ണൂരുകാരനായ ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തകനും ആസ്ത്മ ചികിത്സകനുമായ ഡോ. എം.പി. മണി പറയുന്നത്. മാനസികമായ തോന്നലാണ് പലരെയും അലര്‍ജി രോഗികളാക്കുന്നത്. എത്ര കടുത്ത ആസ്ത്മ രോഗികള്‍ക്കും തീർത്ഥാടന വേളയിൽ കുന്ന് കയറുമ്പോഴോ വിനോദ സഞ്ചാരത്തിനിടെ ട്രെക്കിങ് നടത്തുമ്പോഴോ ഒന്നും ശ്വാസംമുട്ടുണ്ടാകുന്നില്ല. തിരികെ വന്നു രാത്രി കിടക്കുമ്പോഴാകും അവര്‍ക്ക് ശ്വാസംമുട്ടലുണ്ടാകുന്നത്. അലര്‍ജിയാണെങ്കില്‍ പൊടിയും തണുപ്പും തട്ടുമ്പോള്‍ അസ്വസ്ഥത ഉണ്ടാകണം.

പ്രമേഹ രോഗിയാണ്, കൊളസ്‌ട്രോള്‍ ഉണ്ട് എന്ന് ലബോറട്ടറിക്കാരും ഡോക്ടര്‍മാരും പറയുമ്പോള്‍ മുതൽ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതല്‍ 'രോഗി'യായി ജീവിക്കാനും തുടങ്ങുന്നു. എല്ലാവര്‍ക്കും ഒരേ അളവുകോല്‍ അല്ല വേണ്ടത്. പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പില്‍ നിന്ന് എത്ര ഉയരത്തിലാണ് സ്ഥിര താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് ഫലത്തില്‍ വ്യത്യാസമുണ്ടാവും. കൂടാതെ, ഒരേ ദിവസം വിവിധ സമയങ്ങളില്‍ വിവിധ ലാബില്‍ എടുക്കുന്ന പരിശോധനാ ഫലവും ഒന്നാകാത്തതിെൻറ കാര്യവും ഇതു തന്നെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതാണ് നമ്മുടെയെല്ലാം അവസ്ഥ.

കൊറോണയുടെ കാര്യവും വ്യത്യസ്തമല്ല. രോഗത്തെപ്പറ്റി എപ്പോഴും സംസാരിക്കുന്നവരും വാര്‍ത്തകളില്‍ എത്രപേര്‍ക്ക് കോവിഡ് ബാധിച്ചു എന്നതുമൊക്കെ നിത്യവും കാണുന്നവരിലാണ് ഈ ഭയാശങ്കകള്‍ കാണുന്നത്. താന്‍ എപ്പോഴും രോഗിയാണ് എന്ന് ചിന്തിക്കുന്നതിന് പകരം 'എനിക്ക് രോഗം വരില്ല. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണ്... സന്തോഷവാനാണ്' എന്ന ആത്മവിശ്വാസം എല്ലാവരിലും ഉണ്ടാവണം. എന്നാല്‍ അത് അഹങ്കാരത്തിലേക്കോ അമിത ആത്മവിശ്വാസത്തിലേക്കോ പോകരുത് താനും.

നല്ല മാനസികാരോഗ്യമുള്ള വ്യക്തിക്ക് മികച്ച പ്രതിരോധ ശേഷിയും ആരോഗ്യവും ഉണ്ടാവും. 'ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്ഥിരാവസ്ഥയാണ് ആരോഗ്യം' എന്ന് ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്നു.

നമ്മുടെ ഓരോ തീരുമാനവും പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് എനര്‍ജി ഉല്‍പാദിപ്പിക്കുകയും അതിനനുസരിച്ച് ശരീരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 90% രോഗങ്ങള്‍ക്കും മൂലകാരണം നെഗറ്റീവ് ചിന്തകള്‍ സൃഷ്ടിക്കുന്ന ഊര്‍ജ്ജമാണ്.


മനുഷ്യന്‍ തെറ്റായ ചിന്തകളും സഹിഷ്ണുതയുമില്ലാതെ സ്വയം നശിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയതിനാല്‍ താന്‍ രക്ഷപ്പെടില്ല എന്നു കരുതി ആത്മഹത്യ ചെയ്ത എത്രയോ പേര്‍ നമ്മുടെ കേരളത്തിലുണ്ട്. പ്രവാസ ജീവിതത്തിനിടെ അവധിക്ക് എത്തി വിമാനത്താവളത്തില്‍നിന്നും കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറൻറീനിൽ കഴിയുമ്പോൾ കുടുംബം തിരിഞ്ഞു നോക്കിയില്ല എന്ന കാരണത്താല്‍, ഭക്ഷണം വാതില്‍ക്കല്‍ വെച്ച് അവര്‍ അകന്നു നിന്നു എന്ന കാരണത്താല്‍ ആത്മഹത്യ ചെയ്തവരുണ്ട്. കുടുംബത്തെ അനാഥമാക്കി പോയ അവര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍... നാളെ ഈ അവസ്ഥ മാറും, പിന്നെ എല്ലാവരുമൊത്ത് സന്തോഷമായി ജീവിക്കാം എന്ന് ചിന്തിച്ചിരുന്നെങ്കില്‍...

ക്വാറൻറീനില്‍ കഴിയുമ്പോൾ സദാസമയവും കിടന്ന് ഉറങ്ങുകയോ അനാവശ്യ ചിന്തകളിൽ മുഴുകി ഇരിക്കുകയോ ചെയ്യുന്നവരുണ്ട്. ഇത് നെഗറ്റീവ് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇപ്പോഴും നമ്മുടെ രാജ്യത്ത് അല്ലെങ്കിൽ സംസ്ഥാനത്ത് 90% ത്തിലധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടില്ല. കൊറോണ കാരണം രോഗികളിൽ മിക്കവരും മരിച്ചത് ആശുപത്രികളിലാണെങ്കിൽ, ആശുപത്രിയിലെ അന്തരീക്ഷവും മനസ്സിലെ ഭയവും ഒരു കാരണമാണ്.

കോവിഡ്കാലം പുറത്തിറങ്ങാനും ഒത്തുകൂടാനുമുള്ള സാധ്യതകളെല്ലാം അടച്ചതോടെ മാനസിക പിരിമുറുക്കത്തിലാണ് പലരും. വരുമാനം കുറഞ്ഞവരും, പാടേ നിലച്ചവരും, ജോലി നഷ്ടപ്പെട്ടവരും അരക്ഷിതാവസ്ഥയിലാണ്. ഇതൊടൊപ്പം ഏതുനിമിഷവും അസുഖ ബാധിതരായേക്കാമെന്ന ഭീതിക്കൊപ്പം വേണ്ടപ്പെട്ടവരെ ഇനി കാണാന്‍ കഴിയുമോ എന്ന ആശങ്കയും കൂടിയാകുന്നതോടെ മാനിസികാവസ്ഥ തന്നെ തകരാറിലാകുന്നു. മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. ഒരു വേളയില്‍ മരിച്ചു എന്ന് നാം കേട്ട പലരും പിന്നീട് വര്‍ഷങ്ങളോളം ജീവിച്ചത് നാം കണ്ടറിഞ്ഞിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ മരിക്കും എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്റ്റീഫന്‍ ഹോക്കിങ്സ് വളരെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മരിച്ചത്. നിരവധി പേര്‍ ഇക്കാലത്തും ഇത്തരം വിധിയെഴുത്തുകൾ തെറ്റിച്ച് നമുക്കിടയിൽ ജീവിക്കുന്നു.

എത്ര നല്ല ചികിത്സ ലഭിച്ചാലും രോഗബാധിതര്‍ ആത്മവിശ്വാസമില്ലാത്തവരായാല്‍ ചികിത്സ ഫലം ചെയ്യില്ല. ആത്മഹത്യശ്രമം നടത്തി ആശുപത്രിയില്‍ ചികിത്സ ചെയ്താലും ചിലര്‍ രക്ഷപ്പെടാറില്ല. അവരുടെ മനസ്സിലെ ആഗ്രഹം അപ്പോഴും മരിക്കണമെന്നു തന്നെയായിരിക്കും. വിഷാദ രോഗവും മറ്റ് മാനസിക രോഗങ്ങളും ഉള്ളവര്‍ക്കാണ് ഏറെ പ്രശ്‌നം. അവര്‍ക്ക് ഈ സമയം രോഗം മൂര്‍ച്ഛിക്കാന്‍ ഇടയുണ്ട്. ഇത്തരക്കാർ കൊറോണയുടെ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുന്നത് ഒഴിവാക്കുക. ഇത്തരം വാര്‍ത്തകള്‍ ചാനലുകളില്‍ കാണാതിരിക്കുക.

രസകരമായ വീഡിയോകള്‍ കാണുകയും നല്ല പുസ്തകങ്ങള്‍ വായിക്കുകയും പ്രാര്‍ഥിക്കുകയും ഒക്കെ ചെയ്താല്‍ പോസിറ്റിവ് ഊര്‍ജ്ജം ലഭിക്കും. മാനസിക പ്രശ്‌നങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ സൈക്കോളജിസ്റ്റിനെ കാണുക. വേണ്ടി വന്നാല്‍ മാത്രം സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് സേവിക്കുക. ഡോക്ടറെ കാണിച്ചാല്‍ കുഴപ്പമായാലോ എന്ന ധാരണയില്‍ വിഷാദരോഗമുള്ളവരെയും മറ്റും ഉപദേശിച്ചും സഹായിച്ചും രക്ഷിക്കാനും ശ്രമം നടത്തിയാല്‍ ഗുണം ചെയ്യില്ല. ആരോഗ്യമുള്ള ജനത മാനസികാരോഗ്യംകൂടി ഉള്ളവരാണെന്ന് ഉറപ്പുവരുത്താന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.

Tags:    
News Summary - Do not think that you can get sick at any moment; Mental health is important

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.