സ്മാർട്ട്‌ഫോൺ, കമ്പ്യൂട്ടർ, ടാബ്‌ലെറ്റ്, സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കാൻ കഴിയുമോ? ഇടവേള പോയിട്ട് അതിൽ നിന്ന് കണ്ണെടുക്കാൻ പോലും കഴിയുന്നില്ലല്ലേ. ഡിജിറ്റൽ ലോകം അത്രയും ആഴത്തിലാണ് മനുഷ്യനെ സ്വാധീനിക്കുന്നത്. എന്നാൽ അഡിക്ഷൻ കുറക്കാനും സാങ്കേതികവിദ്യയിൽ നിന്ന് മനഃപൂർവം ഒരു ഇടവേള എടുക്കുന്നതിനും വേണ്ടിയുള്ള ഒരു പരിശീലനമാണ് ‘ഡിജിറ്റൽ ഡീറ്റോക്സ്’. ശ്രദ്ധ, മാനസികാരോഗ്യം, സാമൂഹിക ബന്ധങ്ങൾ, ഉറക്കം എന്നിവയെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. 2024ൽ ഇന്ത്യൻ ഗവേഷകരുടെ ഒരു സംഘം മെഡിക്കൽ ജേണലായ ക്യൂറസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഡിജിറ്റൽ സ്‌ക്രീനിന്റെ നിരന്തരമായ ഉപയോഗം തലച്ചോറിനെ സമ്മർദത്തിലാക്കുകയും സ്വാഭാവിക വിശ്രമ ചക്രങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പറയുന്നു.
മുതിർന്നവരിൽ 61ശതമാനത്തിലധികം പേർ ഇന്റർനെറ്റിനും ഡിജിറ്റൽ സ്ക്രീനുകൾക്കും അടിമകളാണെന്ന് സമ്മതിക്കുന്നു എന്നത് വളരെ ഗൗരവമായ ഒരു വിഷയമാണ്. ഉറക്കമില്ലായ്മ, കണ്ണിന് ആയാസം, കഴുത്തുവേദന, വ്യായാമക്കുറവ് മൂലമുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയും സോഷ്യൽ മീഡിയ ഉപയോഗം കൂടിയാൽ സംഭവിക്കും. ആപ്പുകളും വെബ്‌സൈറ്റുകളും നമ്മളെ കൂടുതൽ സമയം ഹൂക്ക് ചെയ്ത് നിർത്താനായി മനഃപൂർവം രൂപകൽപ്പന ചെയ്തവയാണ്. സോഷ്യൽ മീഡിയ നോട്ടിഫിക്കേഷനുകൾ, ലൈക്കുകൾ, പുതിയ വിവരങ്ങൾ എന്നിവയെല്ലാം തലച്ചോറിൽ ഡോപാമിൻ ഉത്പാദിപ്പിക്കുന്നു. ഈ ഡോപമിൻ ലൂപ്പാണ് നമ്മളെ വീണ്ടും സ്ക്രീനിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്.
സോഷ്യൽ മീഡിയയുടെ തുടർച്ചയായ ഉപയോഗം വിഷാദം, ഉത്കണ്ഠ, ഒറ്റപ്പെടൽ എന്നിവക്ക് കാരണമാകും. ഡീറ്റോക്സ് എടുക്കുന്നത് ഈ സമ്മർദ്ദങ്ങൾ കുറക്കാൻ സഹായിക്കുന്നുമെന്ന് പഠനങ്ങൾ പറയുന്നു. നിരന്തരമായ നോട്ടിഫിക്കേഷനുകൾ കാരണം കുറഞ്ഞുപോകുന്ന ശ്രദ്ധാശക്തി തിരികെ കൊണ്ടുവരാനും ഒരു കാര്യത്തിൽ കൂടുതൽ നേരം ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്നു. രാത്രിയിൽ സ്ക്രീനുകളിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തെ സഹായിക്കുന്ന ഹോർമോണായ മെലടോണിന്‍റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഡീറ്റോക്സ് ഉറക്കം മെച്ചപ്പെടുത്തും. ഡിജിറ്റൽ ലോകത്ത് നിന്ന് പുറത്തുവരുന്നത് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നേരിട്ട് സമയം ചെലവഴിക്കാനും ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ സ്ഥാപിക്കാനും അവസരം നൽകുന്നു. വിരസത അനുഭവപ്പെടുമ്പോൾ ഉടൻ ഫോൺ എടുക്കുന്ന ശീലം ഒഴിവാക്കി, ആ സമയത്ത് പുതിയ ഹോബികളോ സർഗ്ഗാത്മക കാര്യങ്ങളോ ചെയ്യാൻ പ്രേരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.