മലപ്പുറം: മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം കുട്ടികളിൽ മാനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും കൂടുന്നതായി റിപ്പോർട്ട്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 41 കുട്ടികൾ ആതമഹത്യ ചെയ്തതായി ആഭ്യന്തരവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മൊബൈൽ ഫോൺ, ഇന്റർനെറ്റ് ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് ഇത്രയും കുട്ടികൾ ജീവനൊടുക്കിയതെന്നാണ് വിവരം. 2021 മുതൽ 2025 ആഗസ്റ്റ് വരെ മൊബൈൽ ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗത്താൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 30 കുട്ടികളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചതായും ആഭ്യന്തര വകുപ്പിന്റെ കണക്കുകളിലുണ്ട്.
ഗെയിം കളിക്കാനോ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനോ മൊബൈൽ ഫോൺ നൽകാത്തതിനെതുടർന്ന് ജീവനൊടുക്കുന്ന കേസുകളാണ് കൂടുതലും. ഒന്നരമാസം മുമ്പ് ആലപ്പുഴ തലവടിയിൽ ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു.
അമിത മൊബൈല്‍ ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞതിന് 15കാരി ആത്മഹത്യ ചെയ്തിട്ടും അധികമായിട്ടില്ല. അമിത മൊബൈൽ ഉപയോഗവും സ്വഭാവ മാറ്റങ്ങളും ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ ചൈൽഡ് ലൈനിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും എത്തുന്നത് വർധിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതാസക്തിയിൽ രണ്ടര വർഷത്തിനിടെ ഡിജിറ്റൽ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിൽ ചികിത്സസഹായം തേടിയത് 1992 കുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.