ആദ്യം ഗിബ്ലി, ഇപ്പോൾ നാനോ ബനാന; വൈറൽ ട്രെൻഡുകൾ മാനസികാരോഗ്യത്തെ ബാധിക്കുമോ?

ഗിബ്ലി തരംഗം കഴിഞ്ഞ് അടുത്തത് ഇതാ ജെമിനിയുടെ നാനോ ബനാന. ഇത്തരം വൈറൽ ട്രെൻഡുകൾ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് മനഃശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ഒരു പ്രത്യേക ട്രെൻഡ് പിന്തുടരുന്നത് ഒരു വ്യക്തിയെ ഒറ്റയടിക്ക് മാനസികരോഗിയാക്കില്ലെങ്കിലും അത്തരം പ്രവണതകൾ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കുന്ന നിരവധി ഘടകങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

​ഡോപാമിനും വൈറൽ ട്രെൻഡുകളും 

സോഷ്യൽ മീഡിയയിലെ വൈറൽ ട്രെൻഡുകൾ ഡോപാമിനെ കാര്യമായി സ്വാധീനിക്കുന്നു. ​ഡോപാമിൻ എന്നത് തലച്ചോറിലെ ഒരു പ്രധാന ന്യൂറോട്രാൻസ്മിറ്ററാണ്. ഇത് സന്തോഷം, പ്രചോദനം, സംതൃപ്തി എന്നിവയുമായി ബന്ധപ്പെട്ട വികാരങ്ങൾ ഉണ്ടാക്കുന്നു. ഒരു നല്ല കാര്യം ചെയ്യുമ്പോൾ തലച്ചോറിൽ ഡോപാമിൻ പുറത്തുവിടും. ഇത് നമുക്ക് സന്തോഷം നൽകുകയും ആ പ്രവർത്തി വീണ്ടും ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

​സോഷ്യൽ മീഡിയയിലെ ലൈക്കുകൾ, കമന്റുകൾ, ഷെയറുകൾ, റീട്വീറ്റുകൾ എന്നിവയെല്ലാം നമ്മുടെ തലച്ചോറിന് ഒരു തരം 'സാമൂഹിക പ്രതിഫലമായി'അനുഭവപ്പെടുന്നു. ഒരു വൈറൽ ട്രെൻഡ് പിന്തുടർന്ന് നമ്മൾ ഒരു വിഡിയോ പോസ്റ്റ് ചെയ്യുകയും അതിന് ധാരാളം ലൈക്കുകൾ ലഭിക്കുകയും ചെയ്യുമ്പോൾ തലച്ചോറിൽ ഡോപാമിൻ വർധിക്കുകയും നമുക്ക് താത്കാലികമായി സന്തോഷം തോന്നുകയും ചെയ്യുന്നു. ഈ ഡോപാമിൻ ഹിറ്റ് ലഭിക്കാൻ വേണ്ടി നമ്മൾ വീണ്ടും ഇത്തരം ട്രെൻഡുകൾ പിന്തുടരാൻ പ്രേരിതരാകുന്നു.

അമിത സമ്മർദ്ദം: ഒരു ട്രെൻഡിനൊപ്പം നിൽക്കുന്നതിനും അതിവേഗം മാറിവരുന്ന ട്രെൻഡുകൾക്കനുസരിച്ച് ഉള്ളടക്കം സൃഷ്ടിക്കുന്നതിനും വ്യക്തികൾക്ക് വലിയ മാനസിക സമ്മർദ്ദം നേരിടേണ്ടി വരും. ഇത് 'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്' (FOMO) എന്ന അവസ്ഥയിലേക്ക് നയിക്കാം. അതായത് ഒരു ട്രെൻഡ് നഷ്ടമാകുമോ എന്നുള്ള ഉത്കണ്ഠ എപ്പോഴും മനസിൽ നിലനിൽക്കും.

ഒറ്റപ്പെടലും അരക്ഷിതത്വവും: സോഷ്യൽ മീഡിയ ട്രെൻഡുകൾ പലപ്പോഴും പൂർണ്ണമായ ചിത്രങ്ങളാണ് അവതരിപ്പിക്കുന്നത്. അതിൽ നാം കാണുന്നത് ഏറ്റവും മികച്ച നിമിഷങ്ങൾ മാത്രമാണ്. ഇത് കാണുമ്പോൾ താൻ ഒരു കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടതാണെന്നും മറ്റുള്ളവരെപ്പോലെ 'കൂൾ' അല്ലെന്നും പ്രത്യേകിച്ച് യുവതലമുറക്ക് തോന്നാം. ഇത്തരം താരതമ്യം ആത്മവിശ്വാസം കുറക്കാനും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനും സാധ്യതയുണ്ട്.

​​ശരീരത്തെക്കുറിച്ചുള്ള മോശം ധാരണ : പല വൈറൽ ട്രെൻഡുകളും സൗന്ദര്യത്തെയും ശരീര രൂപത്തെയും സംബന്ധിച്ചാണ്. ഇത് യാഥാർത്ഥ്യമല്ലാത്ത സൗന്ദര്യസങ്കൽപ്പങ്ങൾ പ്രചരിപ്പിക്കുകയും അതിനനുസരിച്ച് സ്വന്തം ശരീരത്തെ താരതമ്യം ചെയ്യുമ്പോൾ കൗമാരക്കാർക്ക്, അവരുടെ ശരീരത്തെക്കുറിച്ച് മോശം ധാരണ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് വിഷാദരോഗം, ഉത്കണ്ഠ, ഭക്ഷണക്രമം സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവക്ക് കാരണമായേക്കാം.

സൈബർ ബുള്ളിയിങ്: വൈറൽ ട്രെൻഡുകൾ പിന്തുടരുമ്പോൾ ലഭിക്കുന്ന ലൈക്കുകളും ഷെയറുകളും ആളുകൾക്ക് ആത്മവിശ്വാസം നൽകുമെങ്കിലും നെഗറ്റീവ് കമന്റുകളും വിമർശനങ്ങളും മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഇത് സൈബർ ബുള്ളിയിങിലേക്ക് നയിക്കുകയും ചെയ്യും. ​എല്ലാ ട്രെൻഡുകളും ദോഷകരമാണെന്ന് പറയാനാവില്ല. ക്രിയാത്മകമായ കാര്യങ്ങൾ ചെയ്യുന്നതും നല്ല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതുമായ ട്രെൻഡുകളും ഉണ്ട്. പക്ഷേ ഇത്തരം വിഷയങ്ങളിൽ സ്വയം നിയന്ത്രിക്കാനും എന്താണ് യഥാർത്ഥ്യമെന്ന് തിരിച്ചറിയാനും ശ്രമിക്കുന്നതുമാണ് പ്രധാനം. 

Tags:    
News Summary - Can viral trends affect mental health?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.