വൃക്കരോഗം പുതുതലമുറക്കും ഭീഷണി

കോഴിക്കോട്: മുതിര്‍ന്നവരെ വേട്ടയാടുന്ന ജീവിതശൈലീ രോഗങ്ങളുടെ തുടര്‍ച്ചയായി വൃക്കരോഗം പുതുതലമുറക്കും ഭീഷണി. മുതിര്‍ന്നവരിലെന്നതിനേക്കാള്‍ കുട്ടികളിലെ വൃക്കരോഗവും പ്രതിരോധവുമാണ് ഇത്തവണത്തെ വൃക്കദിന സന്ദേശം. സംസ്ഥാനത്ത് 100 കുട്ടികളില്‍ രണ്ടുപേര്‍ക്ക് വൃക്കരോഗമുണ്ടെന്ന കണക്കുകള്‍ ആശങ്കയോടെയാണ് ആരോഗ്യ വിദഗ്ധര്‍ കാണുന്നത്. 

10 മുതല്‍ 18 വയസ്സുവരെയുള്ളവരിലാണ് കൂടുതലായും വൃക്കരോഗം. രോഗികളായ കുട്ടികളില്‍ 50 ശതമാനവും ജന്മനാരോഗമുള്ളവരും പാരമ്പര്യമായി കിട്ടുന്നവരുമാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയാണ് കുട്ടികളില്‍ രോഗം വരാനുള്ള പ്രധാന കാരണം.  നിറം ചേര്‍ത്ത പാനീയങ്ങള്‍,വറുത്തതും പൊരിച്ചതുമായ ഭക്ഷണം, സോസുകളുടെ അമിത ഉപയോഗം എന്നിവയെല്ലാം രോഗത്തിലേക്ക് നയിക്കുന്നു. ക്രമം തെറ്റിയുള്ള ഭക്ഷണ ശീലങ്ങളും പ്രധാന കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  വൃക്കയുടെ ജോലി വര്‍ധിപ്പിച്ച് പ്രവര്‍ത്തനം നിശ്ചലമാക്കുന്നു. ക്ഷീണം, ഉറക്കമില്ലായ്മ, നടുവേദന എന്നിങ്ങനെയാണ് കുട്ടികളില്‍ പ്രധാനമായും കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍ . പലരും ഇത് അവഗണിക്കുകയും രോഗത്തിന്‍െറ അവസാനഘട്ടത്തില്‍ ചികിത്സ നടത്തുകയും ചെയ്യുന്നു.  100ല്‍ 10 പേര്‍ക്ക് എന്നനിലയിലാണ് മുതിര്‍ന്നവരില്‍ രോഗം കണ്ടുവരുന്നത്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. രോഗികളില്‍ 70 ശതമാനവും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുള്ളവരാണ്. 

 പ്രമേഹവും രക്തസമ്മര്‍ദവുമുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ സ്ക്രീനിങ് ടെസ്റ്റ് നടത്തുകയും കൃത്യമായി മരുന്നു കഴിക്കുകയും ചെയ്യണം.  പ്രത്യക്ഷ രോഗലക്ഷണം ഇല്ലാത്തതിനാല്‍ രണ്ടു വൃക്കകളും തകരാറിലായതിന് ശേഷമാണ് പലരും ഡോക്ടര്‍മാരുടെ മുന്നില്‍ എത്തുന്നത്.  മാസത്തില്‍ 2400ലധികം പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പരിശോധനക്കത്തെുന്നത്. മാസത്തില്‍ നാല് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയും നടക്കുന്നു. മരണശേഷം അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സര്‍ക്കാറിന്‍െറ മൃതസഞ്ജീവനി പദ്ധതിയില്‍ വൃക്കദാനം ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. എം. ശ്രീലത പറഞ്ഞു. 2012ല്‍ ഒമ്പതുപേരാണ് മൃതസഞ്ജീവനിയില്‍ വൃക്കദാനം ചെയ്തത്. 2015ല്‍ 75  പേര്‍ വൃക്കദാനം ചെയ്തു. ഈ വര്‍ഷം മാര്‍ച്ചുവരെ 20 പേരാണ് ഇത്തരത്തില്‍ വൃക്ക ദാനം ചെയ്തിട്ടുള്ളത്. എങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവത്കരണം ആവശ്യമാണെന്ന് ഡോക്ടര്‍ പറയുന്നു. കുട്ടികളിലെ വൃക്കമാറ്റിവെക്കലും ധാരാളമായി നടക്കുന്നുണ്ട്. മിക്കമാസവും രണ്ടു കുട്ടികള്‍ക്കെങ്കിലും വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നുണ്ട്. കുട്ടികളുടെ വൃക്കരോഗത്തെപ്പറ്റി ബോധവത്കരിക്കുന്നതിനായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നിരവധി പരിപാടികളും മെഡിക്കല്‍ കോളജുകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്്. 

രോഗത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍
ശരീരത്തിനാകമാനം തളര്‍ച്ച,മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ടും വേദനയും, മൂത്രത്തില്‍ രക്തം കലരുക, മൂത്രത്തിന്‍െറ അളവില്‍ വ്യത്യാസം വരിക, കണങ്കാലിലും കൈകളിലും നീര്, കണ്ണിനു ചുറ്റും കറുത്ത പാടുകള്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.