കൃത്രിമ റെറ്റിന ഗവേഷകര്‍ വികസിപ്പിച്ചു

ലണ്ടന്‍: മനുഷ്യ റെറ്റിനക്ക് സമാനമായ റെറ്റിന ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ലബോറട്ടറിയില്‍ വികസിപ്പിച്ചു. മനുഷ്യ വിത്തുകോശത്തില്‍നിന്നാണ്  പ്രകാശത്തോട് പ്രതികരിക്കുന്നതും പ്രവര്‍ത്തനക്ഷമവുമായ  റെറ്റിന വികസിപ്പിച്ചത്. മനുഷ്യ റെറ്റിനയുടെ ചെറിയ മാതൃകയാണ് ഇപ്പോള്‍ വികസിപ്പിച്ചിട്ടുള്ളതെന്ന് ഗവേഷണസംഘ തലവന്‍ എം. വലേറിയ കാന്‍േറാസോളര്‍ പറഞ്ഞു. നേച്വര്‍ കമ്യൂണിക്കേഷന്‍സ് ജേണലില്‍ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്ളൂരിപോറ്റന്‍റ് സ്റ്റെം സെല്‍ (ഐ.പി.എസ്) എന്ന വിത്തുകോശത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് പുതിയ നേട്ടം കൈവരിച്ചത്. പ്ളൂരിപോറ്റന്‍റ് സ്റ്റെം  സെല്ലുകളെ പ്രകാശത്തോട് പ്രതിപ്രവര്‍ത്തിക്കുന്ന റെറ്റിനല്‍ പ്രോജിനിറ്റര്‍ സെല്ലുകളാക്കി മാറ്റിയാണ് കൃത്രിമ റെറ്റിന വികസിപ്പിച്ചത്.
ഏഴുതരം കോശങ്ങളും പ്രകാശം സ്വീകരിക്കുന്നതു മുതല്‍ കാഴ്ച സാധ്യമാക്കുന്നതിനുവരെ സഹായിക്കുന്ന ആറ് ന്യൂറോണുകളും ഉള്‍ക്കൊള്ളുന്ന സങ്കീര്‍ണഘടനയാണ് റെറ്റിനക്കുള്ളത്.
മനുഷ്യ റെറ്റിനക്ക് സമാനമായ പൂര്‍ണരൂപത്തിലുള്ള കാഴ്ച സാധ്യമാക്കുന്നതരം റെറ്റിന വികസനത്തിനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് കാന്‍േറാസോളര്‍ പറഞ്ഞു.
28 ആഴ്ച പ്രായമായ ഭ്രൂണത്തിലെ  റെറ്റിന പ്രകാശത്തോട് പ്രതികരിക്കുന്നതുപോലെ ലാബില്‍ വികസിപ്പിച്ച റെറ്റിന പ്രവര്‍ത്തിക്കുമോ എന്നും ഗവേഷകര്‍ പരിശോധിച്ചു.
ഭ്രൂണത്തിലെ റെറ്റിന പ്രകാശത്തോട് പ്രതികരിക്കുന്നതുപോലെ ലാബില്‍ വികസിപ്പിച്ച റെറ്റിന കലകളും പ്രകാശത്തോട് പ്രതികരിച്ചെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.