കോവിഡ്: ദന്ത രോഗികളും ഡോക്ടര്‍മാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോവിഡ് കാലത്ത്‌ ദന്ത ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും മാത്രമല്ല, ഡെന്റല്‍ ആശുപത്രികളെയും ക്ലിനിക്കുകളെയും സമീപിക്കുന്ന രോഗികളും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ ചില കാര്യങ്ങളുണ്ട്. 

ഡോക്ടര്‍മാരോട്

നിലവില്‍ തുടരുന്ന ഡെന്റല്‍ ചികിത്സകളുമായി മുന്നോട്ട് പോവുമ്പോള്‍ തന്നെ, നിരവധി പോസ്റ്റ് കോവിഡ് കേസുകള്‍ അറിഞ്ഞോ അറിയാതെയോ ചികിത്സ തേടിയെത്തും എന്നത് യാഥാര്‍ത്ഥ്യമാണ്. ഈ സാഹചര്യത്തില്‍ ദന്ത ചികിത്സയില്‍ ബോധപൂര്‍വം ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം. പ്രത്യേകിച്ചും ആന്റികോയാകുലന്റ് ഉപയോഗിക്കുന്ന രോഗികള്‍ പല്ലെടുക്കല്‍, അത്‌പോലെ മറ്റു ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്.

ചെറുപ്പക്കാര്‍ ഉള്‍പ്പെടെ ഒരുവിധം എല്ലാ രോഗികള്‍ക്കും നിര്‍ദ്ദേശിച്ച ആന്റിഓകോഗുലന്റുകള്‍ കുറഞ്ഞത് ഒരു മാസത്തേക്ക് ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ട്. ക്ലോപ്പിഡോഗ്രല്‍ (clopidogrel), ആസ്പിരിന്‍ (aspirin), വാര്‍ഫാരിന്‍ (warfarin) പോലുള്ള മരുന്നുകളെക്കുറിച്ച് ദന്ത ഡോക്ടര്‍മാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കും. എന്നാല്‍, ഡെബിഗട്രാന്‍ (Debigatran), എനോക്‌സബാന്‍ (Enoxaban) തുടങ്ങിയ മരുന്നുകളും കോവിഡ് രോഗികള്‍ക്ക് നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. ഇതൊരുപക്ഷെ സാധാരണയായി ഉപയോഗിക്കാത്തത് കൊണ്ട് ദന്ത ചികിത്സ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിച്ചിരിക്കണമെന്നില്ല. ഈ മരുന്നുകളും കൂടുതല്‍ ശക്തിയുള്ളവയാണ്. അതിനാല്‍ നിര്‍ദ്ദിഷ്ട മരുന്നുകളെകുറിച്ച് ഇപ്പോള്‍ മുതല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

എന്തുചെയ്യാന്‍ കഴിയും?

  •  ആദ്യ കണ്‍സള്‍ട്ടേഷന്‍ നടത്തുമ്പോള്‍ രോഗിയുടെ പൂര്‍ണ്ണ മെഡിക്കല്‍ ഹിസ്റ്ററി സൂക്ഷിച്ചു മനസ്സിലാക്കുക.
  •  പ്രൊസീജ്യറിന് മുമ്പ് ലോക്കല്‍ ഹീമോസ്റ്റാസിസ് രീതികളും നന്നായിട്ട് സജ്ജമാക്കുക.
  •  പറ്റുമെങ്കില്‍ പ്രോസീജ്യറിന് ശേഷം കുറഞ്ഞത് അരമണിക്കൂറെങ്കിലും ബ്ലീഡിങ് വരുന്നുണ്ടോ എന്ന് നോക്കാന്‍ വെയ്റ്റിങ് ഏരിയയില്‍ നിര്‍ത്തുക. കൂടാതെ, പോസ്റ്റ് കോവിഡ് കേസ് എന്നതിലുപരി Antibiotic prophylaxis protocol, Short appointment, Stress less procedure എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

രോഗികളോട്

  • പല്ലിന്റെ നിര കമ്പിയിട്ട് ശരിയാകുന്ന രീതി, ക്യാപ്പിങ്, സൗന്ദര്യ വര്‍ദ്ധക ട്രീറ്റ്‌മെന്റ്, ക്ലീനിങ് എന്നിവ കോവിഡ് കാലത്ത് ചെയ്യാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. നമ്മുടെ ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് കാരണമായേക്കും.
  • കോവിഡ് സാഹചര്യത്തില്‍ ചെറിയ അസുഖങ്ങള്‍ക്ക് ഓണ്‍ലൈനായോ ഫോണിലൂടെയോ സ്ഥിരമായി കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടറോട് ഉപദേശങ്ങള്‍ ചോദിച്ചറിയുക. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ക്ലിനിക്കല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുക.

കോവിഡ് പോസിറ്റീവ് രോഗികള്‍ ശ്രദ്ധിക്കേണ്ടത്

  • കണ്‍സള്‍ട്ട് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് കോവിഡ് ചികിത്സാ റെക്കോര്‍ഡ് കൈമാറുക. നിലവിലെ ആരോഗ്യ സ്ഥിതി, വിശദമായ മറ്റു രോഗ വിവരങ്ങള്‍, നിലവില്‍ തുടരുന്ന മരുന്നുകള്‍ എന്നിവ ഡോക്ടര്‍മാരുമായി പങ്ക് വെക്കുക. ഈ അവസരത്തില്‍ പൂര്‍ണ്ണമായും സ്വന്തമായി ചികിത്സിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
  • കോവിഡ് ബാധിച്ച് ഹോസ്പിറ്റലില്‍ അഡ്മിഷന്‍ ലഭിച്ച രോഗികള്‍ക്ക് ഉയര്‍ന്ന ഡോസ് സ്റ്റിറോയിഡുകള്‍ നല്‍കുന്നുണ്ട്. അതിനാല്‍ രോഗപ്രതിരോധ ശേഷി കുറയുന്നു. ചികിത്സാ നടപടിക്രമങ്ങള്‍ സമ്മര്‍ദ്ദത്തിലായാല്‍ അഡ്രീനല്‍ പ്രതിസന്ധിക്കും സാധ്യതയുണ്ട്.
  • കോവിഡ് പോസിറ്റീവായവര്‍ രോഗശമനത്തിന് ശേഷം അതുവരെ ഉപയോഗിച്ചുവന്ന ടൂത്ത്ബ്രഷ് വീണ്ടും ഉപയോഗിക്കാതിരിക്കാനും വീട്ടില്‍ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധ ചെലുത്തുക.

ക്ലിനിക്കിലൂടെയുള്ള വ്യാപനം തടയാന്‍ 

ദന്തചികിത്സക്കായി വിവിധ പ്രദേശങ്ങളില്‍ നിന്നും പല പ്രായക്കാരും ക്ലിനിക്കുകളില്‍ എത്തിച്ചേരും. അവരില്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വരുന്നവരും, കോവിഡ് സ്ഥിരീകരിച്ച രോഗികളുള്ള വീട്ടില്‍ നിന്ന് വരുന്നവരുമുണ്ടാകും. അതിനാല്‍തന്നെ വരുന്ന രോഗികളില്‍ പലരും അറിഞ്ഞോ അറിയാതെയോ കോവിഡ് വാഹകരാവാന്‍ സാധ്യതയുണ്ട്. അവരില്‍ നിന്ന് പ്രത്യക്ഷമായോ പരോക്ഷമായോ രോഗ വ്യാപനത്തിന് സാധ്യത ഏറെയാണ്.

നിലവിലെ ദന്ത ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചിട്ട ശീതീകരിച്ച നിലയിലായിരിക്കും. കോവിഡാനന്തര സാഹചര്യത്തില്‍ ഇത്തരം ശീതീകരിച്ച ചികിത്സാ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ രോഗികളും അതിലുപരി ഡോക്ടര്‍മാരും ജീവനക്കാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നു.

  • ഡെന്റല്‍ പ്രോസീജ്യര്‍ പൂര്‍ണമായും ഏറോസോള്‍ ആണ് (വായുവിലൂടെ രോഗവ്യാപനത്തിന് സാധ്യത). ഉമിനീര്‍, രക്തം എന്നിവ വഴിയുള്ള രോഗവ്യാപനത്തിനും സാധ്യത കൂടുതലാണ്.
  • ചികിത്സ കഴിയുന്നത് വരെ മുഴുവന്‍ പ്രോസീജ്യറും ഡോക്ടറും ജീവനക്കാരും മാത്രം ചെയ്യണം. ഒരിക്കലും രോഗിയെ മറ്റു ഉപകാരണങ്ങള്‍ നേരിട്ട് സ്പര്‍ശിക്കുവാനോ ഉപയോഗിക്കുവാനോ അനുവദിക്കരുത്.
  • അടിയന്തിര രോഗാവസ്ഥയിലല്ലാതെ (അസഹ്യമായ പല്ല് വേദന, വായ തുറക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥ, ഫേഷ്യല്‍ ട്രോമ) ആരും ദന്ത ചികിത്സക്ക് പോവാതിരിക്കാന്‍ ശ്രമിക്കുക.
  • അടിയന്തിര ദന്ത ചികിത്സക്കായി വരുന്ന രോഗി കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുക.
  • കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനോട് കൂടെ ചികിത്സാ സമയം പരമാവധി ചുരുക്കാന്‍ ശ്രമിക്കുക.
  • അണുവിമുക്ത ക്ലിനിക് സജീകരിക്കുക. ജീവനക്കാരുടെ സുരക്ഷ കര്‍ശനമാക്കുക. രോഗിയുമായി പരോക്ഷമായ ആശയവിനിമയം മാത്രമാക്കുക.
  • കോവിഡ് പോസിറ്റീവ് രോഗിക്ക് അപോയിന്‍മെന്റ് റീഷെഡ്യൂള്‍ ചെയ്യുക, അല്ലെങ്കില്‍ കോവിഡ് രോഗികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച മറ്റ് ആശുപത്രികളിലേക്ക്് നിര്‍ദ്ദേശിക്കുക.
  • എല്ലാ ദിവസവും ക്ലിനിക് അണുവിമുകതമാകുക.
  • വര്‍ക്കിങ് ഇന്‍സ്ട്രുമെന്റ്‌സ് ഓരോ ചികിത്സക്ക് ശേഷവും അണുവിമുക്തമാക്കുക (സാധാരണത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണം).
  • സംസാരം പരമാവധി കുറക്കുക, ആവശ്യമായ ിവരുമ്പോള്‍ പരമാവധി അകലം പാലിക്കുക.
  • ഓക്‌സീമീറ്റര്‍ അടക്കമുള്ളവ റിസെപ്ഷനില്‍ സൂക്ഷിക്കുക.
  • രോഗിയുടെ പൂര്‍ണ്ണവിവരങ്ങള്‍, തിയ്യതി, സമയം, എന്നിവ രജിസ്റ്ററില്‍ സൂക്ഷിക്കുക.
എടപ്പാള്‍ മലബാര്‍ ഡെന്റല്‍ കോളജ് സീനിയര്‍ ലക്ച്വററാണ് ലേഖകന്‍.
Tags:    
News Summary - things to note for dental patients and doctors during Covid period

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.