ഡോ. ദീപ്തി ജെ.സി (ചീഫ് ഫിസിഷ്യൻ, കോയമ്പത്തൂർ ആയുർവേദിക് സെന്റർ)

പി.സി.ഒ.എസിനെ കരുതലോടെ നേരിടാം

ആധുനിക സ്ത്രീ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം അഥവാ പി.സി.ഒ.എസ്. ശരീരത്തിലെ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ (ഹോർമോണൽ ഇംബാലൻസ്) പെൺകുട്ടികളുടെ മാസമുറയിൽ വൈകല്യങ്ങൾ (ഡിസോർഡർ) ഉണ്ടാക്കുന്നു. കൗമാരക്കാരിൽ തുടങ്ങി 45 വയസ്സ് വരെയുള്ള സ്ത്രീകളിലാണ് ഈ അവസ്ഥ കണ്ടുവരുന്നത്.

PCOS ലക്ഷണങ്ങൾ എന്തൊക്കെ?

ആദ്യാർത്തവം (മെനാർക്കി) ഉണ്ടായശേഷം പിന്നെ ആർത്തവമുണ്ടാകാതെയിരിക്കുക, ക്രമം തെറ്റി വരുന്ന ആർത്തവം, അമിതമായതും നീണ്ടുനിൽക്കുന്നതുമായ രക്തസ്രാവം (എക്സസ് ആൻഡ് പ്രൊലോങ്ഡ് ബ്ലീഡിങ്), രണ്ടുമൂന്ന് മാസം കൂടുമ്പോൾ ആർത്തവം വരിക, ആർത്തവരക്തം ചിലപ്പോൾ തീരെ കുറഞ്ഞിരിക്കുക എന്നിങ്ങനെ ആർത്തവങ്ങളിലെ വ്യതിയാനങ്ങൾക്കൊപ്പം, ബാഹ്യമായും ചില ലക്ഷണങ്ങളിലൂടെ പി.സി.ഒ.എസ് എന്ന രോഗാവസ്ഥയെ മനസ്സിലാക്കാം. മുഖത്ത് പ്രത്യേകിച്ച് മേൽച്ചുണ്ടിലും കീഴ്ത്താടിയിലും അമിത രോമവളർച്ച (ഹിർസ്യൂട്ടിസം), കഴുത്തിന്‍റെ പിൻഭാഗത്ത് ശരീരത്തിന്‍റെ സ്വാഭാവിക നിറത്തേക്കാൾ കറുപ്പുനിറം കാണുക, അമിതമായി മുഖക്കുരു പ്രത്യക്ഷപ്പെടുക, ശക്തമായ മുടികൊഴിച്ചിൽ, അതോടൊപ്പം മുടിയുടെ കട്ടി കുറഞ്ഞ് ആരോഗ്യം ക്ഷയിക്കുക, ചിലരിൽ പുരുഷന്മാരെ പോലെ കഷണ്ടി ഉണ്ടാകുക, അമിതമായി ശരീരഭാരം കൂടുക (ഒബെസിറ്റി) തുടങ്ങിയവയാണ് ലക്ഷണങ്ങൾ. എന്നാൽ, അമിതവണ്ണമില്ലാത്ത കൃശഗാത്രരിലും മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെ പി.സി.ഒ.എസ് ഉണ്ടാകുന്നു.

ശരീരത്തിലെ സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയുടെ ഉൽപാദനം കുറയുന്നതും പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഹോർമോണിന്‍റെ അളവ് കൂടുന്നതും പുരുഷ ഹോർമോൺ ആയ ആൻഡ്രൊജൻ സ്ത്രീശരീരത്തിൽ അമിതമായ തോതിൽ ഉണ്ടാകുന്നതും പി.സി.ഒ.എസിന് കാരണമാകുന്നു. ജീവിതശൈലിയിൽ വന്നിട്ടുള്ള വ്യതിയാനങ്ങളാണ് (ലൈഫ് സ്റ്റൈൽ ഡിസോർഡർ) ഈ ഹോർമോൺ അസന്തുലിതാവസ്ഥക്ക് കാരണമാകുന്നത്. ഈ അസന്തുലിതാവസ്ഥ സ്ത്രീശരീരത്തിന്‍റെ ബാഹ്യ-ആഭ്യന്തര ഘടനയിൽ (എക്സ്റ്റേണൽ ആൻഡ് ഇന്‍റേണൽ സ്ട്രക്ചർ) തന്നെ മാറ്റം വരുത്തുന്നു.

പി.എസ്.ഒ.എസ് ഉള്ളവരിൽ സാധാരണയിൽ കൂടുതലായി പുരുഷ ഹോർമോണായ ആൻഡ്രൊജൻ ഉൽപാദിപ്പിക്കപ്പെടുന്നതിനാൽ, അണ്ഡാശയത്തിൽ നിന്നും (ഓവറി) അണ്ഡം (ഓവം) പുറത്തേക്ക് വരുന്നതിന് തടസ്സമുണ്ടാകുകയോ അണ്ഡത്തിന് പൂർണ വികാസം അഥവാ വളർച്ച ഉണ്ടാകാതിരിക്കുകയോ ചെയ്യും. തൽഫലമായി ഇവ ചെറിയ സിസ്റ്റുകളായി രൂപപ്പെടുകയും ചെയ്യുന്നു. ഭാവിയിൽ ഗർഭധാരണത്തെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ നേരത്തെ തിരിച്ചറിയുകയും വേണം. പി.സി.ഒ.എസിനെ ഒരു ഉപാപചയ വൈകല്യമായും (മെറ്റബോളിക് ഡിസോർഡർ) കണക്കാക്കുന്നു. ഹോർമോണുകളുടെ അസന്തുലിതാവസ്ഥക്കൊപ്പം ചിലരിൽ ജനിതക ഘടകങ്ങളും പങ്കുവഹിക്കുന്നുണ്ട്.

പി.സി.ഒ.എസ് ബാധിച്ചവരിൽ സങ്കീർണവും ഗുരുതരവുമായ ആരോഗ്യപ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വന്ധ്യത, പ്രമേഹം, ഉയർന്ന രക്തസമ്മർദം, അമിതവണ്ണം, ഹൃദ്രോഗം, എൻഡോമെട്രിയൽ കാൻസർ തുടങ്ങിയവ പി.സി.ഒ.എസിന്‍റെ പിൻതുടർച്ചയായുണ്ടാകുന്ന രോഗങ്ങളാണ്.

കൗമാരക്കാരായ പെൺകുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം തന്നെ അവരുടെ മാനസിക പിരിമുറുക്കങ്ങളെ മനസ്സിലാക്കി വേണ്ട പിൻബലം നൽകേണ്ടതുമാണ്.

ആയുർവേദ ശാസ്ത്രത്തിൽ പി.സി.ഒ.എസിന് ഏറ്റവും ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്. പഞ്ചകർമ്മശോധന ചികിത്സകൾ, ശമന ചികിത്സകൾ ഇവയോടൊപ്പം ആരോഗ്യകരവും ചിട്ടയുമായ ഭക്ഷണക്രമീകരണം, ദിവസവും 45 മിനിറ്റിൽ കുറയാതെയുള്ള വ്യായാമം, ദിനചര്യാ ക്രമീകരണം എന്നിവ പാലിക്കണം. ഇതോടൊപ്പം യോഗ, പ്രാണായാമം തുടങ്ങിയ ശ്വസന വ്യായമങ്ങളിലൂടെ മാനസികമായ പിരിമുറുക്കങ്ങളെ കുറക്കുകയും ചെയ്യുമ്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകും. അപ്പോൾ ഹോർമോണുകളുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സാധിക്കും. അതിലൂടെ പി.സി.ഒ.എസ് എന്ന അവസ്ഥയെ ഇല്ലാതാക്കാനും സാധിക്കുന്നു.

Tags:    
News Summary - PCOS can be tackled with care

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.