ഉയർന്ന രക്തസമ്മർദത്തെ രക്താതിമർദം (ഹൈപർ ടെൻഷൻ) എന്നും ഉയർന്ന കൊളസ്ട്രോളിനെ ‘ഹൈപർലിപിഡിമിയ’ എന്നും പറയുന്നു. ഹൃദയത്തിൽനിന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം കൊണ്ടുപോകുന്ന ധമനികളുടെ ഭിത്തികളിൽ രക്തം ചെലുത്തുന്ന മർദം സാധാരണ നിലയേക്കാൾ കൂടുതലായിരിക്കുന്ന അവസ്ഥയാണ് ‘രക്താതിമർദം’. പലപ്പോഴും ‘നിശ്ശബ്ദ കൊലയാളി’യെന്ന് വിളിക്കപ്പെടുന്നതിനാൽ പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. എങ്കിലും ചിലരിൽ കഠിനമായ തലവേദന, നെഞ്ചുവേദന, തലകറക്കം, ക്ഷീണം, ശ്വാസതടസ്സം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടാം.
അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അമിതവണ്ണം, പുകവലി, അമിത മദ്യപാനം, കടുത്ത മാനസിക സമ്മർദം, ചില വൃക്കരോഗങ്ങൾ, ജനിതക ഘടകങ്ങൾ എന്നിവ ഹൈപർടെൻഷന് കാരണമാകാം. ഭക്ഷണനിയന്ത്രണം, വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവയോടൊപ്പം ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുകയാണെങ്കിൽ ഈ രോഗത്തെ നിയന്ത്രണത്തിലാക്കാം. ശരീരകോശങ്ങളിൽ കാണപ്പെടുന്ന കൊഴുപ്പുപോലെയുള്ള ഒരു പദാർഥമാണ് കൊളസ്ട്രോൾ.
ശരീരത്തിന് ഇത് ആവശ്യമാണ്. എങ്കിലും രക്തത്തിൽ ഇതിന്റെ അളവ് കൂടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന കൊളസ്ട്രോളും രക്താതിമർദത്തെപ്പോലെ പലപ്പോഴും ലക്ഷണങ്ങൾ കാണിക്കാറില്ല. എങ്കിലും കൈകാലുകളിലെ പേശീവേദന, ചർമത്തിന്റെ നിറംമാറ്റം എന്നിവ ലക്ഷണങ്ങളാവാം. ആരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്ക്രിയത്വം, അമിതവണ്ണം, പുകവലി, പ്രമേഹം എന്നിവ പ്രധാന കാരണങ്ങളാണ്.
നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, പുകവലി പൂർണമായും ഒഴിവാക്കുക, ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കൃത്യമായി കഴിക്കുക, കൃത്യമായ ഇടവേളകളിൽ രക്തപരിശോധന നടത്തുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം. രക്താതിമർദവും (ഹൈപർടെൻഷൻ) ഉയർന്ന കൊളസ്ട്രോളും ഒരുമിച്ചുണ്ടാകുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. പതിവ് ആരോഗ്യപരിശോധനകളിലൂടെ ഇവ നേരത്തേ കണ്ടെത്തുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.