പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിലെ ആരോഗ്യമേഖലയിൽ ഞെട്ടിപ്പിക്കുന്ന മാറ്റങ്ങൾ റിപ്പോർട്ട് ചെയ്ത് ആരോഗ്യവിദഗ്ധർ. ഒരുകാലത്ത് അമിത മദ്യപാനികളിലും പ്രായമായവരിലും മാത്രം കണ്ടുവന്നിരുന്ന ഫാറ്റി ലിവർ (കരൾ വീക്കം), ഇന്ന് 20കളിലും 30കളിലും ഉള്ള ഇന്ത്യൻ യുവാക്കളിൽ അതിവേഗം പടരുകയാണ്. മദ്യപിക്കാത്തവരിലും കൗമാരക്കാരിലും പോലും കണ്ടുവരുന്ന ഈ പുതിയ ആരോഗ്യ പ്രതിസന്ധിയെ 'മെറ്റബോളിക് ഡിസ്‌ഫംഗ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോട്ടിക് ലിവർ ഡിസീസ്' (MASLD) എന്നാണ് വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഫാറ്റി ലിവർ ബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2000ന്റെ തുടക്കത്തിൽ ആഗോളതലത്തിൽ 25 ശതമാനമായിരുന്നു രോഗബാധിതർ എങ്കിൽ ഇന്നത് 38 ശതമാനമായി ഉയർന്നു. ഇന്ത്യയിൽ പ്രത്യേകിച്ച് നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളിലാണ് ഈ പ്രവണത കൂടുതൽ. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവർക്കും വ്യായാമം ചെയ്യാത്തത് മൂലം ഈ രോഗം വരാം (Lean NAFLD) എന്നത് ഇതിന്റെ ഗൗരവം വർധിപ്പിക്കുന്നു.
മണിക്കൂറുകളോളം അനങ്ങാതെ ഇരുന്നുള്ള ജോലിയും അമിതമായ സ്‌ക്രീൻ ടൈമും ശരീരത്തിലെ ഊർജ്ജ ഉപഭോഗം കുറക്കുന്നു. ഇത് ഉപയോഗിക്കപ്പെടാത്ത കലോറി കൊഴുപ്പായി മാറി കരളിൽ അടിഞ്ഞുകൂടാൻ ഇടയാക്കുന്നു. മൈദ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ, കൃത്രിമ മധുരം ചേർത്ത ശീതളപാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ അമിത ഉപയോഗം ഇൻസുലിൻ പ്രതിരോധം വർധിപ്പിക്കുന്നു. രാത്രി ഷിഫ്റ്റുകൾ, ക്രമമല്ലാത്ത ഉറക്കം, വിട്ടുമാറാത്ത മാനസിക സമ്മർദം എന്നിവ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാവുകയും കരളിന്റെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു.
ഫാറ്റി ലിവർ രോഗത്തിന്റെ ഏറ്റവും വലിയ അപകടം അത് പ്രകടമായ ലക്ഷണങ്ങൾ കാണിക്കില്ല എന്നതാണ്. പലപ്പോഴും മറ്റ് അസുഖങ്ങൾക്കായി നടത്തുന്ന സ്കാനിംഗിലോ രക്തപരിശോധനയിലോ ആണ് രോഗം തിരിച്ചറിയുന്നത്. ചെറുപ്രായത്തിൽ തന്നെ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഭാവിയിൽ ലിവർ സിറോസിസ്, കരൾ കാൻസർ, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.