ഉറങ്ങുന്നതിന് മുമ്പ് അഞ്ച് മിനിറ്റ് മെഡിറ്റേഷൻ ചെയ്താൽ നിങ്ങളുടെ ആരോഗ്യത്തിലും ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ സംഭവിക്കും. പകൽ മുഴുവൻ ജോലിത്തിരക്കിലും മറ്റും കഴിയുമ്പോൾ നമ്മുടെ ശരീരം ഒരുതരം പിരിമുറുക്കത്തിലായിരിക്കും. ധ്യാനിക്കുന്നതോടെ ശരീരം ശാന്തമായ 'റെസ്റ്റ് ആൻഡ് ഡൈജസ്റ്റ്' മോഡിലേക്ക് മാറുന്നു. ഇത് പേശികളിലെ മുറുക്കം കുറക്കാൻ സഹായിക്കുന്നു.
പകൽ മുഴുവൻ പല കാര്യങ്ങളിലായി ഓടിക്കൊണ്ടിരിക്കുന്ന തലച്ചോറിനെ ശാന്തമാക്കാൻ ഈ അഞ്ച് മിനിറ്റ് സഹായിക്കുന്നു. ഇത് തലച്ചോറിലെ ആൽഫ തരംഗങ്ങൾ വർധിപ്പിക്കുകയും മനസ്സിന് സുഖകരമായ അവസ്ഥ നൽകുകയും ചെയ്യുന്നു. രാത്രിയിൽ കിടക്കുമ്പോൾ പഴയ കാര്യങ്ങൾ ആലോചിച്ച് വിഷമിക്കുന്നതോ നാളത്തെ കാര്യങ്ങളെ ഓർത്ത് ഉത്കണ്ഠപ്പെടുന്നതോ സാധാരണമാണ്. അഞ്ച് മിനിറ്റ് മെഡിറ്റേഷൻ ചെയ്യുമ്പോൾ ഈ ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കും.
ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറക്കാൻ മെഡിറ്റേഷൻ സഹായിക്കും. ഇത് ഉത്കണ്ഠയും അനാവശ്യ ചിന്തകളും ഒഴിവാക്കി മനസ്സിനെ സമാധാനിപ്പിക്കുന്നു.
ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനം വർധിപ്പിക്കാൻ മെഡിറ്റേഷൻ സഹായിക്കുന്നു. ഇത് പെട്ടെന്ന് ഉറക്കം വരാനും, രാത്രിയിൽ ഇടക്കിടെ ഉണരുന്നത് ഒഴിവാക്കി ആഴത്തിലുള്ള ഉറക്കം ലഭിക്കാനും കാരണമാകുന്നു. വെറുതെ ഉറങ്ങുന്നതും ഗുണമേന്മയുള്ള ഉറക്കം ലഭിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മെഡിറ്റേഷൻ ഉറക്കത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ കുറഞ്ഞ സമയം ഉറങ്ങിയാൽ പോലും രാവിലെ എഴുന്നേൽക്കുമ്പോൾ നല്ല ഉന്മേഷം അനുഭവപ്പെടും.
മെഡിറ്റേഷൻ ചെയ്യുമ്പോൾ ശ്വസനഗതി സാവധാനത്തിലാവുകയും ഹൃദയമിടിപ്പ് സാധാരണ നിലയിലാവുകയും ചെയ്യുന്നു. ഇത് രക്തസമ്മർദം കുറക്കാൻ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.