ദീർഘനേരം ഇരിക്കുന്നത് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഇരട്ടിയാക്കുമെന്ന് ഹൃദ്രോഗ വിദഗ്ധർ പറയുന്നു. ഇരിക്കുന്നത് രക്തയോട്ടം മന്ദഗതിയിലാക്കുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നു. പതിവ് ചലനം ആരോഗ്യകരമായ രക്തചംക്രമണം നിലനിർത്തുന്നു. ചില ശീലങ്ങൾ നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം, പക്ഷേ കാലക്രമേണ അവ നിങ്ങളുടെ ഹൃദയത്തെ ഗുരുതരമായി ബാധിച്ചേക്കാം. ദീർഘനേരം ഇരിക്കുന്നത് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്കുള്ള സാധ്യത ഇരട്ടിയാക്കുന്ന ഒരു ദൈനംദിന ശീലമാണെന്ന് കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു.
നീണ്ട ജോലി സമയം, ഡിജിറ്റൽ വിനോദം, ഉദാസീനമായ ജീവിതശൈലി എന്നിവയാൽ ദീർഘനേരം ഇരിക്കുന്നത് പലർക്കും ഒരു ശീലമായി മാറിയിട്ടുണ്ട്. ഇരിപ്പ് പതിവായാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ദിവസേനയുള്ള ഇരിപ്പ് ഓരോ രണ്ട് മണിക്കൂറിലും മാരകവും മാരകമല്ലാത്തതുമായ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതായി ടൈം സ്പെന്‍റ് സിറ്റിങ് ആസ് ആൻ ഇൻഡിപെൻഡന്റ് റിസ്ക് ഫാക്ടർ ഫോർ കാർഡിയോവാസ്കുലാർ ഡിസീസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ദീർഘനേരം ഇരിക്കുമ്പോൾ രക്തചംക്രമണം മന്ദഗതിയിലാകുന്നു, പ്രത്യേകിച്ച് കാലുകളിൽ. ഈ മന്ദഗതിയിലുള്ള ഒഴുക്ക് രക്തം കട്ടപിടിക്കുന്നതിനും ധമനികളിൽ തടസ്സമുണ്ടാകുന്നതിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം ദുർബലപ്പെടുത്തുകയും ദോഷകരമായ കൊളസ്ട്രോൾ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ഒരുമിച്ച് ഹൃദയ സിസ്റ്റത്തിൽ അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നു.
ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുന്നത് ഉദാസീനമായ ജീവിതശൈലി ഇല്ലാതാക്കുമെന്ന് പലരും കരുതുന്നു. പക്ഷേ പഠനങ്ങൾ കാണിക്കുന്നത് മറ്റൊന്നാണ്. ശാരീരിക പ്രവർത്തനങ്ങൾ ഹൃദയത്തെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിലും ധമനികളുടെ കാഠിന്യം ട്രൈഗ്ലിസറൈഡിന്‍റെ അളവ് ഉയരൽ, ദീർഘനേരം ഇരിക്കുന്നത് മൂലമുണ്ടാകുന്ന ഇൻസുലിൻ സംവേദനക്ഷമത കുറയൽ എന്നിവയെ ഇതിന് മറികടക്കാൻ കഴിയില്ല. ആരോഗ്യകരമായ രക്തചംക്രമണവും മെറ്റബോളിസവും നിലനിർത്തുന്നതിന് ശരീരത്തിന് ഇടക്കിടെയുള്ള ചലനങ്ങൾ ആവശ്യമാണ്. കൂടുതൽ തവണ ചലിക്കുകയും കുറച്ച് ഇരിക്കുകയും എപ്പോഴും കാര്യങ്ങൾ ആക്ടീവായി ഇരിക്കുകയും ചെയ്താൽ ഒരു പരിധി വരെ ഹൃദയത്തെ സംരക്ഷിക്കാനും മികച്ച ദീർഘകാല ആരോഗ്യം ഉറപ്പാക്കാനും കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഓരോ 30 മിനിറ്റിലും നിൽക്കുക, ഫോൺ കോളുകൾക്കിടയിൽ നടക്കുക, അല്ലെങ്കിൽ ജോലികൾക്കിടയിൽ സ്ട്രച്ചിങ് നടത്തുക തുടങ്ങിയ ലളിതമായ മാറ്റങ്ങൾ ശീലിക്കുന്നത് നല്ലതാണ്. കാൾഫ് റെയ്‌സ്, ചെറിയ നടത്തം, അല്ലെങ്കിൽ ഡെസ്‌ക് സ്ട്രെച്ച് പോലുള്ള നേരിയ ചലനങ്ങൾ പോലും രക്തയോട്ടം മെച്ചപ്പെടുത്തുകയും പതിവായി പരിശീലിക്കുമ്പോൾ ഹൃദയത്തിലെ ആയാസം കുറയുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. പതിവ് ചലനം ധമനികളിലെ കാഠിന്യം കുറക്കുന്നു. രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറക്കുന്നു. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യത ഗണ്യമായി കുറക്കുന്നു. കാലക്രമേണ, ഈ ചെറിയ ക്രമീകരണങ്ങൾ ഹൃദയാരോഗ്യവും ദീർഘായുസ്സും വളരെയധികം മെച്ചപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.