കുറഞ്ഞ സമയം ഉറങ്ങിയാൽ ഹൃദയം പെട്ടെന്ന് നിലയ്ക്കും. കൂടുതൽ സമയം ഉറങ്ങിയാൽ ആരോഗ്യം ക്ഷയിക്കും. നിരന്തരം ഉപദേശം കേട്ടുകേട്ട് മടുത്തല്ലേ..? എന്നാൽ അടുത്തിടെ ഗവേഷകർ നടത്തിയ പുതിയ പഠനം ഇത്തിരി ആശ്വാസം നൽകുന്നതാണ്. നിത്യജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തുന്ന ആ മൂന്ന് കാര്യങ്ങൾ ചെയ്യുന്നത് ഹൃദയാഘാതവും പക്ഷാഘാതവും തടയുമെന്നാണ് 'യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജി'യിൽ പ്രസിദ്ധീകരിച്ച പുതിയ പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. യു.കെ ബയോബാങ്കിൽനിന്നുള്ള 53,000 മുതിർന്ന പൗരന്മാരെ എട്ടു വർഷം നിരീക്ഷിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ഏതൊക്കെയാണെന്നല്ലേ ആ മൂന്ന് കാര്യങ്ങൾ? പറഞ്ഞുതരാം..
ഈ മൂന്ന് കാര്യങ്ങൾ ഒരുമിച്ചു പാലിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ പത്ത് ശതമാനം വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഈ പഠനത്തിലൂടെ അവർ നിഗമനത്തിലെത്തിയത്. കൂടുതൽ ആരോഗ്യകരമായ ശീലങ്ങളിലേക്ക് മാറുന്നവർക്ക് നേട്ടം ഇരട്ടിയായിരിക്കും. എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം, 42 മിനിറ്റിലധികം വ്യായാമം, മികച്ച ഭക്ഷണക്രമം എന്നിവ പിന്തുടരുന്നവർക്ക് ഹൃദയസ്തംഭനം പോലുള്ള ഗുരുതര സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത 57 ശതമാനം കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
ജീവിതശൈലിയിൽ പെട്ടെന്ന് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനേക്കാൾ, പ്രായോഗികമായ ചെറിയ മാറ്റങ്ങൾ വരുത്തുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഡ്‌നി സർവകലാശാലയിലെ ഡോ. നിക്കോളാസ് കോമൽ പറഞ്ഞു. സ്മാർട്ട് വാച്ചുകൾ ഉൾപ്പെടെയുള്ള വെയറബിൾ ഉപകരണങ്ങൾ വഴിയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചത്. ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനും പഠനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.