വണ്ടൂരിൽ മഞ്ഞപ്പിത്ത ഭീഷണി; പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ പഞ്ചായത്തും ആരോഗ്യവകുപ്പും
വണ്ടൂർ: പഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത രോഗബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തായി മഞ്ഞപ്പിത്ത ബാധകരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് രോഗവ്യാപന സാധ്യത വിലയിരുത്തുന്നതിനും പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ അടിയന്തര യോഗം വിളിച്ചത്.
പഞ്ചായത്ത് പരിധിയിലെ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളും പൊതു പൈപ്പുകളും അടിയന്തരമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ഹോട്ടലുകൾ, ജ്യൂസ് കടകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കാനും തീരുമാനിച്ചു. ഭക്ഷണശാലകളിൽ കുടിവെള്ളത്തിനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കും.
രോഗവ്യാപനം തടയുന്നതിനായി ആശാവർക്കർമാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ കയറിയുള്ള ബോധവത്കരണവും നടത്തും. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഭക്ഷണവും കുടിവെള്ളവും ശുദ്ധമാണെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കും.
മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ നടത്താതെ ഉടൻതന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തെ സമീപിച്ച് ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫീസർ യോഗത്തിൽ അഭ്യർഥിച്ചു. രോഗലക്ഷണങ്ങൾ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ തുടർനടപടികൾ ശക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.