മുട്ടുവേദന തടയാം...

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട് അഥവാ knee joint. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്പോള്‍, ഓടുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്‍െറ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

കാല്‍മുട്ട് -അതിസങ്കീര്‍ണ സന്ധി
ഒരുവശത്തേക്ക് തുറക്കുന്ന വിജാഗിരി പോലുള്ള ഒരു സന്ധിയാണ് കാല്‍മുട്ട്. തുടയെല്ലും കണങ്കാലിലെ അസ്ഥികളും തമ്മില്‍ സന്ധിക്കുന്ന കാല്‍മുട്ട് അതിസങ്കീര്‍ണമായ വിധത്തിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്. തുടയിലെ വലിയ പേശികള്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളെ കൂട്ടിയിണക്കിയാണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. ‘ജാനു സന്ധി’ എന്നാണ് ആയുര്‍വേദം കാല്‍മുട്ടുകളെ പറയുക.
അസ്ഥികള്‍, തരുണാസ്ഥികള്‍, സ്നായുക്കള്‍, ചലനവള്ളികള്‍ അഥവാ ലിഗ്മെന്‍റ്സ്, ദ്രാവകം നിറഞ്ഞ അറകള്‍ ഇവയൊക്കെ കാല്‍മുട്ടില്‍ ഒത്തുചേരുന്നു. ഏറ്റവും വലിയ അസ്ഥിയായ തുടയെല്ല് സന്ധിക്കു മുകളില്‍ കമാനംപോലെ നിലകൊള്ളുന്നു.

സന്ധി രൂപപ്പെടുന്ന ഭാഗത്തെ എല്ലുകളുടെ അഗ്രത്തെ മൂടിയിരിക്കുന്ന മാര്‍ദവമുള്ള ഉപാസ്ഥിയാണ് തരുണാസ്ഥി. ചലിക്കുമ്പോള്‍ അസ്ഥികള്‍ തമ്മിലുള്ള ഘര്‍ഷണം ഒഴിവാക്കാന്‍ സഹായിക്കുന്നത് തരുണാസ്ഥിയാണ്. സന്ധികളെ പൊതിഞ്ഞിരിക്കുന്ന കവചത്തിന്‍െറ ഉള്‍ഭാഗത്തെ നേര്‍ത്ത സ്തരമാണ് സൈനോവിയല്‍ സ്തരം. ഇത് പുറപ്പെടുവിക്കുന്ന എണ്ണപോലെയുള്ള സൈനോവിയല്‍ ഫ്ളൂയിഡ് സന്ധികളുടെ ചലനത്തെ സുഗമമാക്കുന്നതോടൊപ്പം തരുണാസ്ഥിക്ക് ആവശ്യമായ പോഷകങ്ങളും നല്‍കുന്നു. സന്ധികള്‍ക്കു മുന്നില്‍ രക്ഷാകവചമായി മുട്ടുചിരട്ടയുമുണ്ട്.

മുട്ടുവേദന -പ്രധാന കാരണങ്ങള്‍

മുട്ടുവേദനക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മുട്ടിന് തേയ്മാനം സംഭവിച്ച് വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസാണ് മുട്ടുവേദനക്കിടയാക്കുന്ന പ്രധാന ഘടകം. പ്രായമാകുമ്പോള്‍ മിക്കവരിലും സ്വാഭാവികമായിത്തന്നെ സന്ധിവാതം കാണാറുണ്ട്. എന്നാല്‍, കൗമാരത്തിലും യൗവനത്തിലും വ്യായാമക്കുറവുള്ളവരിലും അമിതഭാരമുള്ളവരിലും സന്ധിവാതം നേരത്തെ എത്തുന്നു.

മുട്ടിന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് അമിതഭാരം അഥവാ പൊണ്ണത്തടി. അധികനാള്‍ അമിതഭാരം ചുമക്കുന്നത് മുട്ടുകളെ ക്ഷീണിപ്പിക്കും. ക്ഷതവുമുണ്ടാക്കും.മുട്ടിനുണ്ടാകുന്ന പരിക്കുകളും ഘടനാപരമായ വൈകല്യങ്ങളും മുട്ടുവേദനക്കിടയാക്കാറുണ്ട്. കായികതാരങ്ങളില്‍ പരിക്കിനുള്ള സാധ്യത വളരെക്കൂടുതലാണ്. പരിക്കുകള്‍ക്ക് യഥാസമയം ചികിത്സ തേടേണ്ടതുണ്ട്.

ചിരട്ട തെന്നിപ്പോകുന്നത് കടുത്ത മുട്ടുവേദനക്കിടയാക്കാറുണ്ട്. പരിക്കുമൂലമോ കാല്‍ പെട്ടെന്ന് ദിശമാറുമ്പോഴോ ചിരട്ട തെന്നാം. മുട്ട് നിവര്‍ത്താനാകാതെ കടുത്ത വേദനക്കിടയാക്കും. ചില സന്ദര്‍ഭങ്ങളില്‍ ഒന്നും ചെയ്യാതെതന്നെ യഥാസ്ഥാനത്തേക്ക് മുട്ട് മടങ്ങിവരാറുണ്ട്. എന്നാല്‍, ആവര്‍ത്തിക്കുന്ന ചിരട്ടതെന്നല്‍ സന്ധിക്ക് നാശംവരുത്തി മുട്ടുവേദനക്കിടയാക്കുമെന്നതിനാല്‍ ചികിത്സ തേടേണ്ടതുണ്ട്.

വാതപ്പനി, ആമവാതം, യൂറിക് ആസിഡ് കൂടുന്നതുമൂലമുണ്ടാകുന്ന ഗൗട്ട്, സോറിയാസിസ് എന്ന ചര്‍മരോഗവുമായി ബന്ധപ്പെട്ടുണ്ടാകുന്ന സോറിയാറ്റിക് ആര്‍ത്രൈറ്റിസ്, അണുബാധക്കുശേഷമുണ്ടാകുന്ന റിയാക്ടിവ് ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങളും മുട്ടുവേദനക്കിടയാക്കാറുണ്ട്.

ചലനവള്ളികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട്, മുട്ടിലെ ദ്രാവകം നിറഞ്ഞ അറകളെ ബാധിക്കുന്ന നീര് ഇവയും മുട്ടുവേദനക്കിടയാക്കും.എല്ലുകളെ ബാധിക്കുന്ന അര്‍ബുദം, തുടയെല്ല്, ചിരട്ട എന്നിയുടെ വിന്യാസത്തിലെ വ്യതിയാനങ്ങള്‍ എന്നിവ മൂലം മുട്ടുവേദനയുണ്ടാകാം.

ലക്ഷണങ്ങള്‍
എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് മുറുക്കം അനുഭവപ്പെടുന്നതാണ് മുട്ടുവേദനയുടെ ആദ്യ ലക്ഷണം. കൂടാതെ, രാവിലെ മുട്ടുമടക്കാന്‍ പ്രയാസംതോന്നുകയും കുറച്ചുകഴിഞ്ഞ് ശരിയാവുകയും ചെയ്യുക, തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ വേദന കൂടുക, മുട്ടില്‍ നീരും വേദനയും, കാലുകള്‍ക്ക് ബലക്കുറവും കാണാറുണ്ട്. തേയ്മാനം മൂലം മുട്ടുവേദന വന്നവരില്‍ നടക്കുമ്പോള്‍ ശബ്ദം കേള്‍ക്കാം.

തൊഴിലും മുട്ടുവേദനയും
തൊഴിലുമായി ബന്ധപ്പെട്ട ചില ശീലങ്ങള്‍ മുട്ടുവേദന കൂട്ടാറുണ്ട്. കൂടുതല്‍ സമയം നില്‍ക്കുക, കൂടുതല്‍ തവണ പടികള്‍ കയറുക, കൂടുതല്‍ തവണ ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, കൂടുതല്‍ നടക്കുക എന്നിവ മുട്ടിന്‍െറ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് മുട്ടുവേദനക്കിടയാക്കും.

മുട്ടുവേദന സ്ത്രീകളില്‍ കൂടുതല്‍

സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന അസ്ഥിക്ഷയം മുട്ടുവേദനക്കിടയാക്കുന്ന പ്രധാന ഘടകമാണ്. സ്ത്രീകളുടെ എല്ലുകള്‍ ചെറുതും ദുര്‍ബലവുമായതിനാല്‍ മുട്ടുവേദനയും കൂടുതലായിരിക്കും. കൂടാതെ പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവയും സ്ത്രീകളില്‍ കൂടുതലായതിനാല്‍ മുട്ടുവേദനയും കൂടും.

പരിഹാരങ്ങള്‍, ചികിത്സ
വ്യത്യസ്ത കാരണങ്ങളാല്‍ മുട്ടുവേദന ഉണ്ടാകാമെന്നതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. മുട്ടുവേദനയുടെ ചികിത്സ വിജയത്തിന് എത്രയും നേരത്തെ രോഗം കണ്ടത്തെുന്നതുമായി ബന്ധമുണ്ട്.

സന്ധികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, പേശീബലം വര്‍ധിപ്പിക്കുക, മുട്ടിനുണ്ടായ ക്ഷതങ്ങള്‍ പരിഹരിക്കുക, വേദന, പിടിത്തം ഇവക്ക് ശമനം നല്‍കുക തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള ഒൗഷധങ്ങളും ആഹാരങ്ങളുമാണ്  ആയുര്‍വേദം നല്‍കുക. ഒപ്പം മിതമായ വ്യായാമവും നല്‍കും. ഒൗഷധങ്ങള്‍ ചേര്‍ത്ത പാലുകൊണ്ടുള്ള ധാര, ഉപനാഗം, ജാനുവസ്തി, വിവേചനം, വസ്തി, പിഴിച്ചില്‍ ഇവയൊക്കെ വിവിധ അവസ്ഥകളില്‍ നല്‍കാറുണ്ട്.

മുട്ടുവേദന കുറക്കാന്‍ ഭക്ഷണശീലങ്ങള്‍
ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മുട്ടുവേദന കുറക്കാന്‍ അനിവാര്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ചെറുമത്സ്യങ്ങള്‍ എന്നിവ മുട്ടിന്‍െറ ആരോഗ്യത്തിന് ഗുണകരമാണ്. ഞവര, എള്ള്, കരിപ്പെട്ടി, റാഗി, പച്ചച്ചീര, മുരിങ്ങക്ക, മുരിങ്ങയില, ചേന, ചേമ്പ്, കാച്ചില്‍, മുതിര, വെണ്ടക്ക, മത്തങ്ങ, പാട മാറ്റിയ പാല്‍ വിഭവങ്ങള്‍ എന്നിവ പ്രത്യേകിച്ചും ഗുണംചെയ്യാറുണ്ട്. ഫാസ്റ്റ്ഫുഡുകള്‍, വറുത്തതും പൊരിച്ചതുമായ വിഭവങ്ങള്‍ ഇവ ഒഴിവാക്കുകയും വേണം.

വ്യായാമം

വ്യായാമം കൂടുന്നതും കുറയുന്നതും മുട്ടിന് ഗുണകരമല്ല. മുട്ടിന്‍െറ ആരോഗ്യത്തിന് മിതമായ വ്യായാമം കൂടിയേ തീരൂ. സന്ധികള്‍ ക്രമമായും മിതമായും ചലിക്കുമ്പോള്‍ കൂടുതല്‍ പോഷകങ്ങള്‍ തരുണാസ്ഥിയിലേക്ക് കടക്കുന്നു. ചെറുപ്രായത്തില്‍ത്തന്നെ ശീലമാക്കുന്ന ലഘുവ്യായാമങ്ങള്‍ അസ്ഥികള്‍ക്കും സന്ധികള്‍ക്കും കരുത്തേകും. നീന്തല്‍, നടത്തം, യോഗ എന്നിവ ഡോക്ടറുടെ നിര്‍ദേശാനുസരണം ശീലമാക്കാം.
മുട്ടുവേദന കലശലായുള്ളവര്‍ ഇരുന്നും കിടന്നുമുള്ള വ്യായാമം ശീലിക്കണം. കമിഴ്ന്നുകിടന്ന് കണങ്കാല്‍ സാവധാനം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. കൂടാതെ കസേരയില്‍ ഇരുന്ന് കാല്‍ പരമാവധി നീട്ടുന്നതും നല്ല ഫലം തരും.
* മുട്ടിന്‍െറ ആരോഗ്യത്തിന് പുകവലിയും മദ്യപാനവും ഒഴിവാക്കണം.
* കുത്തിയിരിക്കുന്നത് മുട്ടുകളില്‍ എട്ട് ഇരട്ടിയോളം സമ്മര്‍ദം കൊടുക്കുമെന്നതിനാല്‍ ഒഴിവാക്കുക, കൂടുതല്‍ നില്‍ക്കേണ്ടിവരുമ്പോള്‍ ഒരു കാലില്‍ സമ്മര്‍ദം കൊടുത്ത് മറ്റേ കാല്‍ തളര്‍ത്തിയിടുക.
* ഭാരം ക്രമീകരിക്കുന്നത് മുട്ടുവേദന കുറക്കാന്‍ അനിവാര്യമാണ്. യൗവനാരംഭത്തില്‍തന്നെ ഭാരം ക്രമീകരിക്കാനായാല്‍ മുട്ടുവേദനയുടെ കടന്നുവരവ് തടയാനാകും.

-ഡോ. പ്രിയ ദേവദത്ത്
കോട്ടക്കല്‍ ആര്യവൈദ്യശാല
മാന്നാര്‍
drpriyamannar@gmail.com

 

Tags:    
News Summary - Knee pain -health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.