സൗന്ദര്യ സവിശേഷത എന്നതിലുപരി കൺപീലികൾ നിങ്ങളുടെ കണ്ണുകൾക്ക് സുപ്രധാനമായ സംരക്ഷണം നൽകുന്നു. കൂടാതെ മൊത്തത്തിലുള്ള ആരോഗ്യത്തിനും കൺപീലികൾ പ്രധാനമാണ്. കൺപീലികളുടെ കനത്തിലോ, നീളത്തിലോ, ബലത്തിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ചില ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കൺപീലികളിൽ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങൾ (പെട്ടെന്നുള്ള കൊഴിച്ചിൽ, ചൊറിച്ചിൽ, വീക്കം, വളർച്ചയിലെ മാറ്റങ്ങൾ) ശ്രദ്ധയിൽപ്പെട്ടാൽ, അത് സ്വയം ചികിത്സിക്കാതെ ഒരു നേത്രരോഗ വിദഗ്ദ്ധനെ സമീപിച്ച് കാരണം കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
പോഷകാഹാരക്കുറവും മോശം ഭക്ഷണക്രമവും: കനം കുറഞ്ഞതോ, വിരളമായതോ, പൊട്ടുന്നതോ ആയ കൺപീലികൾ ബയോട്ടിൻ, ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ കുറവിന്റെ ലക്ഷണമാകാം. ഈ പോഷകങ്ങളുടെ അഭാവം കൺപീലികളെ ദുർബലപ്പെടുത്തുകയും കൺപീലികൾ കൊഴിഞ്ഞുപോവാൻ കാരണമാകുകയും ചെയ്യും.
ഹോർമോൺ അസന്തുലിതാവസ്ഥ: കൺപീലികളിലെ മാറ്റങ്ങൾ തൈറോയിഡ് അല്ലെങ്കിൽ ഹോർമോൺ തകരാറുകൾ പ്രതിഫലിപ്പിച്ചേക്കാം. ഹൈപ്പോതൈറോയിഡിസം (തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനക്കുറവ്) പലപ്പോഴും കൺപീലികളുടെ പുറം കോണുകളിൽ കനം കുറയാൻ കാരണമാകുമ്പോൾ ഹൈപ്പർതൈറോയിഡിസം (അമിത പ്രവർത്തനം) കൺപീലികൾ എളുപ്പത്തിൽ പൊട്ടിപ്പോകാനും കൊഴിഞ്ഞുപോവാനും ഇടയാക്കും.
ഓട്ടോ ഇമ്മ്യൂൺ അവസ്ഥകളും സമ്മർദ്ദവും: പെട്ടെന്നുള്ളതോ ഭാഗികമായതോ ആയ കൺപീലികളുടെ കൊഴിച്ചിൽ 'അലോപ്പീഷ്യ ഏരിയേറ്റ' പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളെയോ അല്ലെങ്കിൽ ദീർഘകാല സമ്മർദത്തെയോ സൂചിപ്പിച്ചേക്കാം. ഈ അവസ്ഥയിൽ ശരീരം തെറ്റിദ്ധരിച്ച് മുടിയുടെ ഫോളിക്കിളുകളെ ആക്രമിക്കുന്നു.
കൺപോളകളിലെ അണുബാധകളും വീക്കവും: കൺപോളകളിലെ അസ്വസ്ഥത, ചുവപ്പ്, അല്ലെങ്കിൽ വീക്കം എന്നിവയോടൊപ്പം കൺപീലികളിൽ മാറ്റങ്ങൾ കണ്ടാൽ അത് ബ്ലെഫറൈറ്റിസ് (Blepharitis) പോലുള്ള വീക്കങ്ങളെയോ 'ഡെമോഡെക്സ്' (Demodex) പോലുള്ള ചെറു പ്രാണികളുടെ ശല്യത്തെയോ സൂചിപ്പിക്കാം. ഇത് കൺപീലികൾ കൊഴിയുന്നതിനോ ക്രമം തെറ്റി വളരുന്നതിനോ കാരണമാകും.
പെട്ടെന്നുള്ളതോ, ഭാഗികമായതോ ആയ കൺപീലി കൊഴിച്ചിൽ, കൺപോളകളിലെ തുടർച്ചയായ ചുവപ്പോ വീക്കമോ, ശരിയായ പരിചരണം നൽകിയിട്ടും കൺപീലികൾ പൊട്ടുന്നത്, ശരിയായ പരിചരണം നൽകിയിട്ടും കൺപീലികൾ പൊട്ടുന്നത്, ക്ഷീണം, ഭാരവ്യതിയാനങ്ങൾ, ചർമപ്രശ്നങ്ങൾ എന്നിവയോടൊപ്പം കൺപീലികളിലെ മാറ്റങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.