സഞ്ചരിച്ചുകൊണ്ട് സംസാരിക്കുന്ന 'കൊലയാളി'

മൊബൈല്‍ ഫോണുകളുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കുറച്ചുകാലം മുമ്പുവരെ നിരവധി വാര്‍ത്തകളും മുന്നറിയിപ്പുകളും പത്രങ്ങളിലും ചാനലുകളിലുമായി വന്നുകൊണ്ടിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാവരും നിശബ്ദരാണ്. 
2012 ല്‍ ലോക ജനസംഖ്യയുടെ 27.6 ശതമാനം പേര്‍ മാത്രമാണ് മൊബൈല്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2015 ലത്തെി നില്‍ക്കുമ്പോള്‍ അത് 51ലധികം ശതമാനമായി വര്‍ധിച്ചിരിക്കുകയാണ്. ഓരോ ദിവസവും ഏഴര ലക്ഷത്തോളവും ഓരോ സെക്കന്‍റിലും ഒമ്പത് പേരും പുതിയതായി മൊബൈല്‍ ഫോണിന്‍െറ ഉപയോഗത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ആരോഗ്യസംബന്ധിയായ മുന്നറിയിപ്പുകളൊന്നും വകവെക്കാതെ ജനങ്ങള്‍ മൊബൈല്‍ ഫോണിന്‍െറ പിറകെ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ചുവരിന് അപ്പുറത്തുള്ള ആളുകളോടുപോലും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.
ഒരു ഭാഗത്ത് ജനങ്ങള്‍ ഇതിന് അടിമകളായി മാറുമ്പോള്‍ മറുഭാഗത്ത് മൊബൈല്‍ ഫോണ്‍ വ്യവസായം ആകാശംമുട്ടെ വളരുകയാണ്. കോര്‍പ്പറേറ്റ് ഭീമന്മാരായ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ സ്വാധീനം കൊണ്ടാവാം  ഈ ഉപകരണത്തിനെതിരായ ഗവേഷണഫലങ്ങളൊക്കെ തമസ്കരിക്കപ്പെടുകയാണ്. 
വസ്ത്രങ്ങള്‍ പോലെ ശരീരത്തിന്‍െറ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍.
ദൂരെയുള്ള വ്യക്തികളുമായി സംസാരിക്കാനോ വിവരങ്ങള്‍ കൈമാറുവാനോ ഉള്ള ഒരു ഉപകരണം എന്നതിലുപരി ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനും ഫോട്ടോയും വീഡിയോയും എടുക്കാനും, കണക്കുകൂട്ടുവാനും, ശബ്ദം റെക്കോഡ് ചെയ്യാനും പാട്ടുകേള്‍ക്കാനും സിനിമ കാണാനും വാര്‍ത്തകള്‍ അറിയാനുമൊക്കെയുള്ള മിനി കമ്പ്യൂട്ടറുകളായി മൊബൈല്‍ ഫോണുകള്‍ മാറികഴിഞ്ഞു. 
മെബൈല്‍ ഫോണുകളുകളുടെ ഉപയോഗം ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇവ മാരകരോഗങ്ങള്‍ക്ക് വഴിതെളിയിക്കുന്നെന്ന സത്യം പലപ്പോഴും തിരിച്ചറിയുന്നില്ല.
മൊബൈല്‍ ഫോണ്‍ ഉപയോഗം സാര്‍വത്രികുന്നതിന്‍െറ മുമ്പുതന്നെ ഇതിന്‍െറ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രലോകം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. 
നോണ്‍ അയോണൈസിങ് റേഡിയേഷനെ കുറിച്ച് ഗവേഷണം നടത്തുന്ന വാഷിങ്ടണ്‍ യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ ഡോ. ഹെന്‍ട്രിലായാണ് ആദ്യമായി ഈ വിഷയത്തില്‍ പഠനം നടത്തിയത്. മൊബൈല്‍ ഫോണുകള്‍ സൃഷ്ടിക്കുന്ന മൈക്രോവേവ് റേഡിയേഷനെക്കുറിച്ച് ഇദ്ദേഹം പുറത്തുവിട്ട വിവരങ്ങള്‍ ആരോഗ്യരംഗത്തെ ആശങ്കപ്പെടുത്തുന്നതായിരുന്നു. 
മസ്തിഷ്കത്തിലെ കോശങ്ങള്‍ നശിക്കാന്‍ മൊബൈല്‍ഫോണ്‍ റേഡിയേഷന്‍ കാരണമാകുമെന്നായിരുന്നു കണ്ടത്തെല്‍. 
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മൈക്രോവേവ് റേഡിയേഷന്‍ അവയുടെ തലച്ചോറിലെ ഡി.എന്‍.എ തന്മമാത്രകളെ പിളര്‍ക്കുന്നതായി തെളിയിക്കപ്പെട്ടു. ഇത്തരത്തില്‍  ഡി.എന്‍.എ വിഭജിക്കപ്പെട്ടാല്‍ മനുഷ്യരില്‍ പാര്‍ക്കിന്‍സണ്‍, അല്‍ഷൈമേഴ്സ്, കാന്‍സര്‍ എന്നീ രോഗങ്ങളുണ്ടാകുമെന്നായിരുന്നു കണ്ടത്തെല്‍.
തുടര്‍ന്ന് സ്വീഡനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വര്‍ക്കിങ് ലൈഫ് എന്ന സ്ഥാപനം ആയിരക്കണക്കിന്  മൊബൈല്‍ ഉപയോഗിക്കുന്നവരെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലും ഞെട്ടിക്കുന്ന വിരവരങ്ങളാണ് കണ്ടത്തെിയത്. 
ഫോണുകളില്‍ നിന്നുള്ള റേഡിയേഷന്‍ മൂലം കഠിനമായ ക്ഷീണവും തളര്‍ച്ചയും, തുടര്‍ച്ചയായ തലവേദന, തൊലിപ്പുറമെ പാടുകള്‍ എന്നിവ ഉണ്ടാകുമെന്നും കണ്ടത്തെി. 
ഈ രണ്ട് പഠനങ്ങളുടെയും വെളിച്ചത്തല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ആഗോളതലത്തല്‍ നിരവധി പഠനങ്ങളാണ് നടന്നിട്ടുള്ളത്. ഇപ്പോഴും ഗവേഷണങ്ങള്‍ നടക്കുന്നുമുണ്ട്. 
 മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയോ ആക്ടീവ് കിരണങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നുതന്നെയാണ്. ചെറിയ തോതിലുള്ള റേഡിയോ ആക്ടീവ് കിരണങ്ങളാണ് മൊബൈല്‍ ഫോണിലുള്ളത്. ഇവയില്‍ 70 ശതമാനവും വലിച്ചെടുക്കുന്നതിന്‍െറ ഫലമായി തലച്ചോറില്‍ ഹോട്ട്സ്പോട്ടുകളുണ്ടാകുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. 
ടെലിവിഷന്‍, കമ്പ്യൂട്ടര്‍ സ്ക്രീന്‍, മൈക്രോവോവന്‍ എന്നിവ പ്രവര്‍ത്തിക്കുമ്പോഴും ഇതേ മൈക്രോവേവ് റേഡിയേഷന്‍ പുറത്തുവരുന്നുണ്ട്. പക്ഷേ, നിശ്ചിത അകലം ഇവയില്‍നിന്നു പാലിക്കുന്നതിനാല്‍ അതത്ര ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. ഇതിനാലാണ് കുട്ടികള്‍ ടി.വിക്കു തെട്ടുമുന്നില്‍ ഇരിക്കരുതെന്ന് പറയുന്നത്.
മൈക്രോവേവ് റേഡിയേഷനുകള്‍ മൊബൈലുകളുടെ ഓരോ മോഡലുകളിലും വ്യത്യസ്തമാണ്. ശബ്ദത്തിന്‍െറ വ്യക്തത, വ്യാപ്തി എന്നിവക്ക് അനുസൃതമായി റേഡിയേഷന്‍െറ അളവ് കൂടുന്നു. അത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുന്നു.
ദീര്‍ഘനാളായി മൊബൈല്‍ ഫോണ്‍  ഉപയോഗിക്കുന്നവരുടെ കോശങ്ങളിലെ ഡി.എന്‍.എയിലും ആര്‍.എന്‍.എയിലും ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങള്‍ വ്യത്യാസം വരുത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. സ്റ്റോക് എക്സ്ചേഞ്ചില്‍ ജോലി നോക്കുന്നവര്‍, വ്യാപാരികള്‍, ഓഫിസ് ജീവനക്കാര്‍, തുടര്‍ച്ചയായി രണ്ട് മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരില്‍ ബ്രെയിന്‍ ട്യൂമറിനുള്ള സാധ്യത കണ്ടത്തെിയിരുന്നു. എല്ലാവര്‍ക്കും ട്യൂമര്‍ ഉണ്ടാകണമെന്നില്ല. പത്തോ അതിലേറെയോ വര്‍ഷം ദിവസത്തിലേറെ സമയം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരിലാണത്രെ സാധ്യത കൂടുതല്‍.
രണ്ട് മണിക്കൂറോളം മൊബൈലിലുള്ള സംസാരം നീളുമ്പോള്‍ ചെവിയുമായി ചേര്‍ന്ന ഭാഗങ്ങളില്‍ ചൂട് കൂടിവരുന്നത് പോലുള്ള തോന്നലുണ്ടാകും. ഇതിനെതുടര്‍ന്ന് അസ്വസ്ഥത, തലവേദന, മന്ദത, ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടും. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച പലരുടേയും ആദ്യ രോഗലക്ഷണം തലവേദനയായിരുന്നുവെന്നാണ് പഠനങ്ങളിലെ കണ്ടത്തെല്‍.
തലച്ചോറിനെ മാത്രമല്ല, മറ്റ് ശരീര ഭാഗങ്ങളെയും റേഡിയേഷന്‍ ബാധിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അപസ്മാരമുള്ളവര്‍ക്ക് മൊബൈല്‍ ഫോണിന്‍െറ അമിത ഉപയോഗം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മൊബൈല്‍ഫോണുകള്‍ പാന്‍റ്സിന്‍െറ പോക്കറ്റില്‍ സൂക്ഷിക്കുന്നത് വന്ധ്യതക്ക് കാരണമായി തീരുന്നുവെന്ന തരത്തില്‍ പഠനങ്ങളുണ്ട്.
വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് മൊബൈല്‍ഫോണുകള്‍ തടസ്സമാകുന്നുണ്ട്. മൊബൈല്‍ ഫോണില്‍നിന്നുള്ള മൈക്രോവേവ് റേഡിയേഷന്‍ ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റിലും ഓപറേഷന്‍ തിയറ്ററിലുമുള്ള പല ഉപകരണങ്ങളുടെയും പ്രവര്‍ത്തനം തകരാറിലാക്കുന്നു. അതിനാലാണ് വിദേശ രാജ്യങ്ങളില്‍ ഹോസ്പിറ്റലുകളില്‍ മൊബൈല്‍ഫോണുകള്‍ കര്‍ശനമായി നിയന്ത്രിച്ചുവരുന്നത്. 
ഇനി നമ്മള്‍ ആരെയെങ്കിലും മൊബൈല്‍ ഫോണില്‍ വിളിക്കുമ്പോള്‍ ‘നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ ബിസിയാണ്’ എന്ന അറിയിപ്പിന് പകരം ‘നിങ്ങള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ ഇപ്പോള്‍ രോഗിയായിക്കൊണ്ടിരിക്കുകയാണ്’ എന്ന അറിയിപ്പ് നല്‍കാന്‍ സമയമായിരിക്കുന്നു. ഈ ഉപകരണം ഇപ്പോള്‍ അത്രമേല്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.