ഓട്ടിസം: രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കണം

രണ്ടു ദശാബ്ദം മുമ്പ് ഓട്ടിസം ആയിരത്തില്‍ ഒന്ന് എന്ന നിലയിലായിരുന്നു. ഇപ്പോള്‍ 68ല്‍ ഒന്ന് എന്ന നിലയിലാണെന്ന് പഠനങ്ങള്‍. അത് ആണ്‍കുട്ടികളിലാണ് കൂടുതല്‍. ഏതാണ്ട് 3:1 എന്ന അനുപാതത്തില്‍. ശൈശവത്തില്‍തന്നെയുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങള്‍ തത്സമയം കണ്ടറിഞ്ഞ് ചികിത്സിച്ചാല്‍ ഒരു പരിധിവരെ കുട്ടിക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്. എന്നാല്‍, പലപ്പോഴും അതിന് പറ്റാത്തതാണ് ഈ രോഗത്തിന്‍െറ പ്രധാന വെല്ലുവിളി.


എന്താണ് ഓട്ടിസം
നാഡീവ്യൂഹ വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിലും വികാസത്തിലും ഉണ്ടാകുന്ന ക്രമക്കേടുകളാണ് ചുരുക്കിപ്പറഞ്ഞാല്‍ ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടികള്‍ സാമൂഹികബന്ധത്തിലും പ്രതികരണരീതിയിലും ആശയവിനിമയത്തിലും മറ്റുള്ള കുട്ടികളില്‍നിന്ന് വ്യത്യസ്തരായിരിക്കും. എന്നു മാത്രമല്ല, ആക്രമണസ്വഭാവംപോലും ചിലരില്‍ കണ്ടുവരുന്നു.


തിരിച്ചറിയാം
നിരീക്ഷണത്തിലൂടെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. സാധാരണനിലയില്‍ ഒന്നര വയസ്സു മുതല്‍ മൂന്നു വയസ്സുവരെ ഈ അവസ്ഥ തിരിച്ചറിയാനാകും. എന്നാല്‍, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ആറു മാസം പ്രായമുള്ളപ്പോള്‍തന്നെ തിരിച്ചറിയാം.
പാല്‍ കുടിക്കുമ്പോള്‍ സാധാരണ കുട്ടികള്‍ ചിരിക്കും കളിക്കും മറ്റുള്ളവരെ ശ്രദ്ധിക്കും. സന്തോഷം പ്രകടിപ്പിക്കും. എന്നാല്‍, ഇത്തരക്കാര്‍ക്ക് അതുണ്ടാകില്ല. അമ്മയെ കണ്ടാലോ കുട്ടിയെ എടുത്താലോ എടുത്തില്ളെങ്കിലോ പ്രത്യേക വികാരങ്ങളൊന്നും കാണിക്കില്ല.
ആറു മാസം പൂര്‍ത്തിയാക്കിയ കുട്ടി ചുറ്റുപാടും കേള്‍ക്കുന്ന ശബ്ദങ്ങളോട് പ്രതികരിക്കും. അതായത്, പേരുവിളിച്ചാല്‍ പ്രതികരിക്കും, ആംഗ്യം കാണിച്ചാല്‍ ചിരിക്കും, മറ്റുള്ളവരുടെ മുഖത്ത് നോക്കും. എന്തെങ്കിലും ശബ്ദമുണ്ടാക്കി ആശയവിനിമയം നടത്തും. എന്നാല്‍, ഓട്ടിസമുള്ള കുട്ടികള്‍ ഇതില്‍ പരാജയപ്പെടുന്നു.
ഓട്ടിസമുള്ള ചില കുട്ടികള്‍ മറ്റു കുട്ടികളെപ്പോലെ സംസാരിച്ചുതുടങ്ങുമെങ്കിലും അധികം വൈകാതെ പുറകോട്ടുപോകും. അഥവാ അത് ഇല്ലാതാകും. ഒന്നര വയസ്സ് ആകുമ്പോഴേക്കും പൊതുവില്‍ കുട്ടികള്‍ ചെറിയ വാക്കുകള്‍ കൂട്ടി ആശയവിനിമയം നടത്താന്‍ തുടങ്ങുന്നു. എന്നാല്‍, ഇവര്‍ക്ക് അതിന് കഴിയില്ല. അതുപോലെ ഇവര്‍ വീഴുന്നത് സാധാരണ കുട്ടികള്‍ വീഴുന്നതുപോലെയല്ല. പാവ മറിഞ്ഞുവീഴുന്നതുപോലെ കൈകള്‍ കുത്താതെയാണ്. ഇനി ഇവര്‍ കളിക്കുന്നത് നോക്കുക. ഒരേ രീതിയില്‍ കുറെസമയം ഒരു പ്രയാസവും കൂടാതെ താല്‍പര്യത്തോടെ കളിക്കുന്നു. പ്രത്യേകിച്ച് കളിപ്പാട്ടവുമായി. ചുരുക്കിപ്പറഞ്ഞാല്‍ മറ്റുള്ളവരില്‍നിന്ന് അകന്ന് അവര്‍ അവരുടെ ലോകത്ത് മാത്രം കഴിയുന്നു.
ഇനി പെരുമാറ്റത്തില്‍ കാണുന്ന വ്യത്യാസങ്ങള്‍ നോക്കാം. ഇവ മൂന്നായി തിരിച്ചിരിക്കുന്നു.
1. ആശയവിനിമയത്തിലുള്ള തകരാറുകള്‍
2. പെരുമാറ്റത്തിലുള്ള വൈകല്യങ്ങള്‍
3. കൈകാലുകളുടെ അസാധാരണമായ ചലനക്രിയകള്‍.
സ്പീച് ന്യൂറോണുകള്‍ക്കുള്ള തകരാറുകള്‍ സംസാരശേഷിയെ ബാധിക്കുന്നതിനാല്‍ ഭാഷ ഉപയോഗിച്ചുള്ള ആശയവിനിമയം പ്രയാസകരമാകുന്നു. സംസാരിച്ചാല്‍ തന്നെ സാഹചര്യത്തിന് ഒത്തരീതിയില്‍ ആകണമെന്നില്ല.
സാമൂഹിക ബന്ധങ്ങളാണ് മറ്റൊരു പ്രശ്നം. സമപ്രായക്കാരുമായി കളിക്കാനോ സഹകരിച്ച് കാര്യങ്ങള്‍ ചെയ്യാനോ ഒട്ടും താല്‍പര്യമില്ലാത്ത അവസ്ഥ. വിളിച്ചാല്‍ ശ്രദ്ധിക്കുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയോ പ്രതികരിക്കുകയോ ചെയ്യില്ല. നിലത്ത് വീണുരുളുക, ഉമിനീര്‍കൊണ്ട് എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുക, അപശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുക തുടങ്ങിയവയും ഇവരില്‍ സാധാരണയായി കണ്ടുവരുന്നു.

കാരണങ്ങള്‍
ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളെയാണ് രോഗകാരണങ്ങളായി പൊതുവില്‍ വിലയിരുത്തുന്നത്. ഗര്‍ഭകാലത്തുള്ള അസുഖങ്ങള്‍, പ്രസവസമയത്തെ സങ്കീര്‍ണതകള്‍ എന്നിവ ഇതിന് കാരണമായേക്കും. അതുപോലെ കുട്ടിക്കുണ്ടാകുന്ന മറ്റു ചില അസുഖങ്ങള്‍ക്കൊപ്പവും ഓട്ടിസം പ്രത്യക്ഷപ്പെടാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.


ചികിത്സ
പൂര്‍ണമായും ചികിത്സിച്ച് മാറ്റാവുന്നതല്ല ഓട്ടിസം. ഫലപ്രദമായ മരുന്നുകളൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടുമില്ല. എങ്കിലും, നേരത്തേ തിരിച്ചറിഞ്ഞാല്‍, ശരിയായ രീതിയിലുള്ള ഇടപെടലുകള്‍ വഴി കുട്ടിയുടെ ജീവിതനിലവാരം ഏറക്കുറെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഓട്ടിസം സംശയിക്കുമ്പോള്‍തന്നെ വിദഗ്ധരെ കണ്ട് അവര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ഇടപെടലുകള്‍ നടത്തി, ആവശ്യമെങ്കില്‍ മരുന്നുകള്‍, സ്പീച് തെറപ്പി, സൈക്കോതെറപ്പി എന്നിവയും പിന്തുടര്‍ന്ന് സ്വയംപര്യാപ്തതയിലേക്ക് അവരെ എത്തിക്കാന്‍ ശ്രമിക്കുക.
രക്ഷിതാക്കളോട്
ഓട്ടിസം ഉള്ളവരെ പ്രശ്നക്കാരായി കണ്ട്, ആ രീതിയില്‍ അവരുമായി ഇടപഴകുമ്പോഴും സംവദിക്കുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതം വളരെ വലുതാണ്. ഇതിന് രക്ഷിതാക്കള്‍ക്ക് പരിശീലനം അത്യാവശ്യമാണ്. അതിന് പ്രാവീണ്യം നേടിയിട്ടുള്ളവരില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അത് സ്വായത്തമാക്കാന്‍ രക്ഷിതാക്കള്‍ സന്നദ്ധരാകേണ്ടതാണ്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.