മനോരോഗങ്ങള്‍ തുടക്കത്തില്‍ കണ്ടത്തെി ചികിത്സിക്കുക

നമ്മുടെ ശരീരം പോലെയോ അതിലധികമോ പ്രാധാന്യമേറിയതാണ് നമ്മുടെ മനസ്സും. ആര്‍ക്കും പിടികൊടുക്കാത്ത ഒരു മഹാസമസ്യയാണത്.എന്നാല്‍, മഹത്തായൊരു അനുഗ്രഹവും.  അതിന്‍െറ ഓളപ്പരപ്പില്‍ ചെറിയൊരു വ്യതിയാനം മതി എല്ലാ താളവും തെറ്റാന്‍.നിഗൂഢമായ മനസ്സിന്‍െറ ഉള്ളറകളിലേക്ക് ഊളിയിട്ട് അതിന്‍െറ നിമ്നോന്നതികളില്‍ അടിഞ്ഞുകൂടുന്ന അഴുക്കുകളെ കണ്ടത്തെി നിര്‍മാര്‍ജനം ചെയ്ത് താളം വീണ്ടെടുത്തു നല്‍കുന്ന അതിസാഹസികമായ ദൗത്യമാണ് മനഃശാസ്ത്രചികിത്സകന് നിര്‍വഹിക്കാനുള്ളത്. ഇതിന് ഏറെ ക്ഷമയും ശേഷിയും കൂടിയേ തീരൂ.
ശരീരത്തിന് രോഗം വന്നാല്‍ താരതമ്യേന വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നതിനാല്‍ ചികിത്സ എളുപ്പമാണ്. എന്നാല്‍, മനസ്സിനെ രോഗം ബാധിച്ചാല്‍ ഒട്ടുമിക്കവര്‍ക്കും അത് രോഗമാണെന്ന് മനസ്സിലാകില്ല. മനസ്സിലായാല്‍ തന്നെ ചികിത്സ തേടേണ്ടിവരുമ്പോള്‍ വീണ്ടും സന്ദേഹം. മറ്റാരെങ്കിലും അറിഞ്ഞെങ്കിലോ? മാനസിക രോഗിയെന്ന് ഒരിക്കല്‍ മുദ്രകുത്തപ്പെട്ടാല്‍ ജീവിതത്തില്‍ പിന്നെ ആ പേരുദോഷം മാറില്ളെങ്കിലോ? അസുഖം കൂടുതല്‍ സങ്കീര്‍ണവും അപകടകരവുമായ തലത്തിലത്തെി പിടിവിട്ട് നാലാള്‍ അറിയുന്ന നിലയിലത്തെിയാലേ പലരും ചികിത്സിക്കാന്‍ ഒരുമ്പെടൂ. ചികിത്സക്ക് ആരെ സമീപിക്കണം എന്നതാണ് പിന്നീടുള്ള പ്രശ്നം. ഈ ആധുനിക യുഗത്തിലും മാനസികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ കൂടുതല്‍പേരും ആദ്യം സമീപിക്കുക മന്ത്രവാദികള്‍, ആള്‍ദൈവങ്ങള്‍ അല്ളെങ്കില്‍ മതപുരോഹിതര്‍ തുടങ്ങിയ തട്ടിപ്പുകേന്ദ്രങ്ങളെയാണ്. മനോരോഗം പിശാചുബാധ മൂലമാണെന്നാണ് പലരുടെയും വിശ്വാസം.ചിലരാകട്ടെ ദൈവശാപമെന്ന് സങ്കടപ്പെട്ട് നെടുവീര്‍പ്പിടും.
മനഃശാസ്ത്ര ചികിത്സാരംഗം ഏറെ പുരോഗതി പ്രാപിച്ച ഇക്കാലത്ത് ഒട്ടുമിക്ക മാനസികരോഗ-പ്രശ്നങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുണ്ട്. വിവിധ രീതിയിലുള്ള ഒൗഷധരഹിത തെറപ്പികളിലൂടെയാണ്  മനഃശാസ്ത്ര ചികിത്സകന്‍ രോഗം സുഖപ്പെടുത്തുന്നത് . ഉത്കണ്ഠ, വിഷാദം,ഒ.സി.ഡി അഥവാ വൊസ്വാസ്, പഠന വൈകല്യങ്ങള്‍, ഉറക്കമില്ലായ്മ, വിക്ക്, ദാമ്പത്യ-ലൈംഗിക-കുടുംബ അസ്വാരസ്യങ്ങള്‍ തുടങ്ങി ആളുകളിലുണ്ടാവുന്ന വ്യക്തിത്വ സംബന്ധിയായ അസ്വാഭാവികതകള്‍, കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരിലുണ്ടാവുന്ന പ്രത്യേക മാനസിക പ്രശ്നങ്ങള്‍ എന്നിവയാണ് ഇന്ന് കണ്ടുവരുന്ന പ്രധാന മാനസിക രോഗങ്ങള്‍.

ഉത്കണ്ഠ/ടെന്‍ഷന്‍
ടെന്‍ഷനില്ലാത്തവര്‍ ആരുമില്ല. ഓരോരുത്തര്‍ക്കും അവരവരുടെ നിലക്കനുസരിച്ച്  ഏറ്റക്കുറച്ചിലുണ്ടാകുമെന്ന് മാത്രം. അതുപോലെ ഭയം, മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള പേടി, മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, കൈകാലുകള്‍ വിയര്‍ത്ത് തളര്‍ന്നുപോകുന്നതായി അനുഭവപ്പെടുക, തൊണ്ടവരളുക, വിറയല്‍, അമിതദാഹം, തൊണ്ടയില്‍ തടസ്സം, കക്കൂസില്‍ പോകാന്‍ തോന്നുക എന്നിവയെല്ലാം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്. ഇത്തരം അനുഭവങ്ങള്‍ ചെറിയതോതിലെങ്കിലും ആര്‍ക്കെങ്കിലും ഉണ്ടാവുകയാണെങ്കില്‍ ഉടന്‍  ക്ളിനിക്കല്‍ സൈക്കോളജിസ്റ്റി (മനഃശാസ്ത്ര ചികിത്സകന്‍)നെ സമീപിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണാവസ്ഥയില്‍ എത്തുന്നതിന് മുമ്പുതന്നെ ബിഹേവിയര്‍ തെറപ്പി, കൗണ്‍സലിങ് എന്നിവയിലൂടെ ഈ രോഗാവസ്ഥ സുഖപ്പെടുത്താം. ഈരീതിയില്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന മാനസിക പ്രശ്നങ്ങളാണ് ഉത്കണ്ഠയും ടെന്‍ഷനും.
ടെന്‍ഷന്‍ ദീര്‍ഘകാലം നിലനിന്നാല്‍ തലവേദന, തലക്കുഭാരം, ദേഹമാസകലമോ കൈകാലുകളിലോ വേദന, തരിപ്പ്, ചുട്ടുനീറല്‍, ബോധക്ഷയം,കൊടിഞ്ഞി (മൈഗ്രെയ്ന്‍) എന്നിവയായി മാറാം. ഇത്തരം പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ മൂലകാരണം ശാരീരികമല്ളെന്ന് ഉറപ്പുവരുത്തിയാല്‍ മനഃശാസ്ത്ര ചികിത്സകനെ സമീപിക്കുകയാണ് ചെയ്യേണ്ടത്. രോഗകാരണം ഹിപ്നോസിസ്,സൈക്കോതെറപ്പി രീതികളിലൂടെ കൃത്യമായി  കണ്ടത്തെി ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയും.  

വിഷാദം
മാനസികരോഗങ്ങളില്‍ വലിയ അപകടകാരിയാണ് വിഷാദം. സമയത്ത് വേണ്ട ചികിത്സ നല്‍കിയാല്‍ ഈ രോഗം ഭേദപ്പെടുത്താവുന്നതേയുള്ളൂ. ഉന്മേഷക്കുറവ്, ജോലിചെയ്യാന്‍ മടി, ജീവിതനൈരാശ്യം, സ്വയം മോശമാണെന്ന തോന്നല്‍, കുടുംബത്തിലും കൂട്ടുകാര്‍ക്കിടയിലും ഒറ്റപ്പെടല്‍, പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ളെന്ന തോന്നല്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ബുദ്ധിമുട്ടുകള്‍ കാരണം മറ്റുള്ളവരുമായുള്ള ബന്ധങ്ങള്‍ ക്രമേണ നശിക്കുന്ന ദുരവസ്ഥ എന്നീ മാനസിക ബുദ്ധിമുട്ടുകള്‍ ആര്‍ക്കെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വിഷാദത്തിന്‍െറ തുടക്കമാണെന്ന് മനസ്സിലാക്കണം.
ഭാവിയെക്കുറിച്ചുള്ള വേവലാതിയാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നതെങ്കില്‍ പഴയകാലത്തെക്കുറിച്ചുള്ള ചിന്തകളാണ് ഒരാളെ വിഷാദത്തിലേക്ക് നയിക്കുന്നത്. പുലര്‍കാലവേളയില്‍ മാനസികമായി താന്‍ ഒറ്റപ്പെട്ടുവെന്ന തോന്നല്‍, സന്തോഷമില്ലായ്മ, പുറംലോകത്തുനിന്നും ഉള്‍വലിയാനുള്ള പ്രവണത, തീരുമാനമെടുക്കാനുള്ള കഴിവില്ലായ്മ, ലൈംഗിക താല്‍പര്യക്കുറവ് എന്നീ അവസ്ഥകളെല്ലാം വിഷാദം ബാധിച്ചതിന്‍െറ ലക്ഷണങ്ങളാണ്. വിഷാദത്തിന്‍െറ തീക്ഷ്ണതക്കനുസരിച്ച് നോര്‍മല്‍ ഡിപ്രഷന്‍,മൈല്‍ഡ് ഡിപ്രഷന്‍,മോഡറേറ്റ് ഡിപ്രഷന്‍,സിവ്യര്‍ ഡിപ്രഷന്‍ എന്നിങ്ങനെ തരംതിരിക്കാം.നോര്‍മല്‍ ഡിപ്രഷനും മൈല്‍ഡ് ഡിപ്രഷനും കോഗ്നിറ്റീവ് തെറപ്പിയിലൂടെ ഒരു മനഃശാസ്ത്ര  ചികിത്സകന് സുഖപ്പെടുത്താന്‍ സാധിക്കും.

വിഷാദവും വിദ്യാര്‍ഥികളും
വിദ്യാര്‍ഥികളില്‍ വിഷാദം പഠനത്തിലുള്ള താല്‍പര്യക്കുറവായാണ് തുടക്കത്തില്‍ കാണിക്കുക. പഠനം ഒരു ഭാരമായി തോന്നുക, അമിതമായി പ്രതീക്ഷ പുലര്‍ത്തുന്ന മാതാപിതാക്കളോട് കുട്ടിക്ക് തന്‍െറ കുറവുകള്‍ വെളിപ്പെടുത്താനുള്ള പേടി, അശ്രദ്ധമായ വസ്ത്രധാരണം, ഭക്ഷണത്തിലും കളികളിലും താല്‍പര്യക്കുറവ്  ഇതെല്ലാം കുട്ടികളിലെ വിഷാദരോഗത്തിന്‍െറ ലക്ഷണങ്ങള്‍ ആവാം. കൂട്ടുകാരെയും വീട്ടുകാരെയും ഉള്‍പ്പെടുത്തിയുള്ള ഫാമിലി തെറപ്പികളാണ് ഈ  അവസ്ഥ സങ്കീര്‍ണമാകാതിരിക്കാനും ഇല്ലായ്മ ചെയ്യാനും സഹായകമാകുക.
വിഷാദം പ്രായമായവരില്‍
വിഷാദരോഗം മുതിര്‍ന്നവരില്‍ ശരീര വേദന, കടച്ചില്‍, കോച്ചല്‍, തലവിങ്ങല്‍, നെഞ്ചില്‍ കനത്തഭാരം വെച്ചതുപോലെ തോന്നല്‍, ശരീരം ചുട്ടുനീറുക, വയറുവേദന, കാലത്ത് 2-3 മണിയോടെ ഉണര്‍ന്ന് പിന്നെ ഉറങ്ങാതിരിക്കുക എന്നിങ്ങനെയാണ് പ്രത്യക്ഷപ്പെടാറ്. ഈ ഘട്ടങ്ങളില്‍ രോഗിയെ ഒരു മനഃശാസ്ത്ര ചികിത്സകന്‍െറ അടുത്തത്തെിച്ചാല്‍ സാധാരണ നില കൈവരിക്കാനാവും.
എന്നാല്‍, വിഷാദം അതിന്‍െറ പാരമ്യതയിലത്തെിയാല്‍ അമിതമായ ആത്മഹത്യാ പ്രവണത രോഗി പ്രകടിപ്പിക്കും. ഡിപ്രസീവ് സ്റ്റൂപ്പര്‍ എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്. ശാരീരിക, മാനസിക ചലനങ്ങള്‍ പോലും സാധ്യമാകാത്ത ഈ ഘട്ടത്തില്‍ മനഃശാസ്ത്ര ചികിത്സകന് പിടിയിലൊതുങ്ങാതെ വരാം. സൈക്യാട്രിസ്റ്റിന്‍െറ സഹായത്തോടെ മരുന്ന്, ഷോക്ക് ചികിത്സകള്‍ ചെയ്യുന്നതിലൂടെയേ രോഗിയെ രക്ഷപ്പെടുത്താന്‍ കഴിയൂ.


ഒബ്സസീവ് കമ്പല്‍സിവ് ഡിസ്ഓര്‍ഡര്‍ അഥവാ വൊസ്വാസ്
അമിതവൃത്തിബോധം കൊണ്ടും അനിഷ്ടകരമായ  ഒരേചിന്ത നിര്‍ത്താന്‍ കഴിയാതെ   വീണ്ടും വീണ്ടും തികട്ടിവരുന്നതും വ്യക്തിയിലുണ്ടാക്കുന്ന പ്രയാസം പറയേണ്ടതില്ലല്ളോ.ഒ.സി.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ഒബ്സസീവ് കമ്പല്‍സിവ് ഡിസ്ഓര്‍ഡര്‍  ഉള്ള ഇത്തരം ആളുകള്‍  അവസ്ഥ മറികടക്കാന്‍ പലമാര്‍ഗങ്ങള്‍ തേടുമെങ്കിലും സാധിക്കില്ല.മനഃശാസ്ത്ര ചികിത്സയിലൂടെ ഇതില്‍നിന്ന് മോചനം നേടാം.സൈക്യാര്‍ട്ടി സൈക്കോളജി സമന്വയ ചികിത്സ വേണ്ടിവന്നേക്കാം.

മനോവിഭ്രാന്തി
ചിലര്‍ ചെറുപ്പം തൊട്ടേ വളരെ സെന്‍സിറ്റിവ് ആയിരിക്കും. ചെറിയ പ്രശ്നം മതി അവരുടെ മനസ്സാകെ മാറ്റിമറിക്കാന്‍. ചെറിയ സമ്മര്‍ദങ്ങള്‍പോലും താങ്ങാന്‍ കഴിയില്ല. പ്രശ്നങ്ങള്‍ മറ്റുള്ളവരോട് പങ്കുവെച്ചാല്‍ ആശ്വാസം ലഭിക്കുമെങ്കിലും അവരുടെ മനസ്സ് അതിന് സമ്മതിക്കില്ല. പ്രശ്നങ്ങള്‍ അബോധമനസ്സില്‍ കിടന്ന് പെരുകി ബാധകൂടിയതുപോലെ വേറൊരു വ്യക്തിയായി താദാത്മ്യം പ്രാപിച്ച് സംസാരം ആ വ്യക്തിയെ പോലെയിരിക്കുക എന്നതാണ് ഇത്തരം മാനസിക രോഗങ്ങളുടെ പാരമ്യത. ഇങ്ങനെയുള്ള മനോവിഭ്രാന്തി ഹിപ്നോട്ടിക് ചികിത്സയിലൂടെ ഫലപ്രദമായി സുഖപ്പെടുത്താം.
 
ഉറക്ക സംബന്ധമായ മാനസിക പ്രശ്നങ്ങള്‍
ഉറക്കം മനുഷ്യന്‍െറ വലിയൊരു അനുഗ്രഹമാണ്. വിദ്യാര്‍ഥികളില്‍ പലരും അമിത ഉറക്കം കാരണം പഠിക്കാനേ കഴിയുന്നില്ല എന്നു പരാതിപറയാറുണ്ട്.എന്നാല്‍, ഒട്ടും ഉറങ്ങാന്‍ കഴിയാതെ ഒരു നിമിഷനേരത്തേക്കെങ്കിലും ഒന്നുറങ്ങിയിരുന്നെങ്കിലെന്ന് ആശിക്കുന്ന എത്രയോപേരെ നമുക്കിടയില്‍ കാണാം. വേറെ ചിലര്‍ക്കാകട്ടെ ഉറക്കത്തില്‍ സംസാരിക്കുക, പേടിസ്വപ്നം കാണുക, ഉറക്കത്തില്‍ നടക്കുക തുടങ്ങിയ പ്രയാസങ്ങള്‍. ഇതെല്ലാം പലതരം ടെന്‍ഷന്‍ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളാണ്. ഉറക്കഗുളികയുടെ സഹായമില്ലാതെ തന്നെ ബിഹേവിയര്‍ തെറപ്പി, സ്ലീപ് തെറപ്പി, ഹിപ്നോസിസ് തുടങ്ങിയ മനഃശാസ്ത്ര ചികിത്സാ വിധികളിലൂടെ സ്ഥായിയായിതന്നെ ഈ ബുദ്ധിമുട്ടുകളില്‍നിന്ന് മുക്തരാവാം.

ദാമ്പത്യ-ലൈംഗിക പ്രശ്നങ്ങള്‍
വിവാഹ ജീവിതത്തില്‍ തൃപ്തികരമായ ലൈംഗിക ബന്ധത്തിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍, പല ദമ്പതികളും വ്യത്യസ്ത കാരണങ്ങളാല്‍ അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാന്‍ കഴിയാത്തവരാണ്. നവദമ്പതികള്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലെങ്കിലും പൂര്‍ണാര്‍ഥത്തിലുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടേ മതിയാകൂ. അതിന് സാധിക്കുന്നില്ളെങ്കില്‍ ഒരു മടിയും കരുതാതെ തങ്ങള്‍ക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടറോട് വിവരങ്ങള്‍ ധരിപ്പിക്കണം. അദ്ദേഹത്തിന്‍െറ പരിധിക്ക് പുറത്തുള്ള കാര്യമാണെങ്കില്‍ ഗൈനക്കോളജിസ്റ്റിനെയോ യൂറോളജിസ്റ്റിനെയോ കാണേണ്ടിവരും. ശാരീരിക കാരണങ്ങള്‍ കൊണ്ടല്ളെന്ന് ഉറപ്പുവരുത്തിയാല്‍ പിന്നീട് തീര്‍ച്ചയായും സമീപിക്കേണ്ടത് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിനെയാണ്. ദാമ്പത്യ പ്രശ്നങ്ങളില്‍ 90 ശതമാനവും മനസ്സുമായി ബന്ധപ്പെട്ടതായിരിക്കും. സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും ലൈംഗിക താല്‍പര്യം തോന്നുക അഥവാ സ്വവര്‍ഗരതി, കുട്ടികളോട് കൂടുതല്‍ ലൈംഗിക താല്‍പര്യമുണ്ടാവുക, ഉദ്ധാരണക്കുറവ്, ലൈംഗിക വികാരമില്ലായ്മ, രതിയോട് അറപ്പ്, ശീഘ്രസ്ഖലനം എന്നിവയെല്ലാം വിവാഹജീവിതത്തില്‍ വളരെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. രോഗികളുടെ പൂര്‍ണ സഹകരണമുണ്ടെങ്കില്‍ സെക്സ് തെറപ്പിയിലൂടെ ഇവ പരിഹരിക്കാവുന്നതേയുള്ളൂ  .
കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാകുന്ന വിക്ക്, നഖംകടി, കുട്ടികള്‍ക്കിടയിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍ സ്വഭാവം എല്ലാം അധികവും മാനസിക പ്രശ്നങ്ങളാണ്. കുടുംബത്തിലെ ജീവിതസാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പലതരം ടെന്‍ഷനുകളാണ് അതിന് മുഖ്യകാരണം. കുടുംബാന്തരീക്ഷം ശരിയാക്കുന്നതുള്‍പ്പെടെ പ്രത്യേകം ബിഹേവിയര്‍ തെറപ്പികളിലൂടെ  പരിഹാരം കാണാം.
കൗണ്‍സലിങ് മനഃശാസ്ത്ര ചികിത്സയില്‍ മുഖ്യമായ ഇനമാണ്. സൈക്കോ തെറപ്പി, ബിഹേവിയര്‍ തെറപ്പി, കോഗ്നേറ്റീവ് സൈക്കോ തെറപ്പി, ഹിപ്നോസിസ്, അവേര്‍ഷന്‍ തെറപ്പി, പലതരം ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുള്ള ചികിത്സകള്‍, ഫാമിലി തെറപ്പി, മാരിറ്റല്‍ തെറപ്പി എന്നീ ഒൗഷധരഹിത ചികിത്സാ രീതികളാണ് ഒരു  മനഃശാസ്ത്ര ചികിത്സകന്‍ മുഖ്യമായും പ്രയോഗിക്കുന്നത്.
വിളയേത് കളയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം വ്യാജന്മാര്‍ വാഴുന്ന അരങ്ങാണ് മനഃശാസ്ത്ര ചികിത്സാ രംഗം. ശരിയായ അറിവോ യോഗ്യതയോ ഇല്ലാതെ കൗണ്‍സലിങ്,ഹിപ്നോട്ടിസം   എന്ന പേരുകളില്‍ തട്ടിപ്പുകേന്ദ്രങ്ങള്‍ ഇന്ന് എത്രയോ കാണാം. മാനസികപ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ അത് കൂടുതല്‍ പഴകാനനുവദിക്കാതെ ഉടനെതന്നെ ഒരു മനഃശാസ്ത്രചികിത്സകനെ സമീപിക്കുകയാണ് വേണ്ടത്. ഒട്ടുമിക്ക മനോരോഗങ്ങളും മനസ്സിന്‍െറ പ്രശ്നങ്ങള്‍മൂലമായതിനാല്‍ മരുന്നില്ലാതെതന്നെ സുഖപ്പെടുത്താവുന്നതേയുള്ളൂ.

(ലേഖകന്‍ പെരിന്തല്‍മണ്ണ സുബ്രഹ്മണ്യന്‍സ് സൈക്കോളജി ക്ളിനികിലെ ക്ളിനിക്കല്‍ സൈക്കോളജിസ്റ്റാണ്)

drsubrahm@yahoo.com

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.