വര്‍ധിച്ചു വരുന്ന വായിലെ കാന്‍സര്‍

മറ്റേതൊരു രോഗാവസ്ഥപോലെ, സര്‍വസാധാരണമായൊരു രോഗമായി മാറിക്കൊണ്ടിരിക്കുകയാണ് കാന്‍സറും. പണ്ടൊക്കെ വിരലിലെണ്ണാവുന്നവരാണ് കാന്‍സര്‍ ബാധിതരെങ്കില്‍ ഇന്ന് അതില്‍നിന്ന് വ്യത്യസ്തമായി അനേകം പേര്‍ ഈ മഹാരോഗത്തിന്‍െറ പിടിയിലമര്‍ന്നുകൊണ്ടിരിക്കുന്നു.
സാധാരണഗതിയില്‍ നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ വിഭജനവും വളര്‍ച്ചയും വളരെ നിയന്ത്രിക്കപ്പെട്ട രീതിയിലാണ്. എന്നാല്‍, ചിലപ്പോള്‍ ഈ നിയന്ത്രണങ്ങള്‍ ഇല്ലാതെ അവ വളരെ വേഗത്തില്‍ വളരാനും വിഭജിക്കാനും തുടങ്ങുന്നു. ഇതാണ് കാന്‍സര്‍. ഇത് ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കാം. ഉദാഹരണത്തിന് ശ്വാസകോശം, അന്നനാളം, വായ, വന്‍കുടല്‍, മലദ്വാരം, സ്തനങ്ങള്‍, ഗര്‍ഭാശയം എന്നിവ. ഇതില്‍തന്നെ ഏറ്റവും കൂടുതലായി ഇന്ത്യയില്‍ കാണപ്പെടുന്നത് വായിലെ കാന്‍സര്‍ (Oral Cancer) ആണ്.
പുകവലി, മുറുക്ക്, പാന്‍മസാല, പാസിവ് സ്മോക്കിങ്, മദ്യപാനം, വിറ്റമിനുകളുടെ കുറവ്, വൈറസുകള്‍, എച്ച്.പി.വി കാന്‍ഡിഡ ഫംഗസുകള്‍ എന്നിവ കാന്‍സറിന് കാരണമാകാം.
വിട്ടുമാറാത്ത സാംക്രമിക രോഗങ്ങള്‍, പരമ്പരാഗതമായ ജനിതക വൈകല്യങ്ങള്‍, അമിതമായ എരിവും മസാലയും അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുക എന്നിവയും രോഗ കാരണമാകാം.
എറിത്രോപ്ളാക്കിയ, ഓറല്‍ സബ്മക്കസ് ഫൈബ്രോസിസ് എന്നിവ കാന്‍സറിനു മുമ്പുള്ള അവസ്ഥയാണ്. എന്നാല്‍, ഇവയെല്ലാം കാന്‍സറായി മാറണമെന്നില്ല. പുകയില ഉപയോഗം പൂര്‍ണമായി നിര്‍ത്തുകയും ലിഷന്‍സ് ശസ്ത്രക്രിയ വഴി നീക്കം ചെയ്യുകയും ആന്‍റി ഓക്സിഡന്‍റ്സ് കഴിക്കുകയും ചെയ്യുകയാണ് പ്രധാന ചികിത്സാരീതി. ഈ ഘട്ടത്തില്‍ ചികിത്സിച്ചാല്‍ കാന്‍സര്‍ വരുന്നതിനെ തടയാന്‍ കഴിയും.
രക്തപരിശോധന, സി.ടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍, ബയോപ്സി, വെല്‍സ്കോപ് തുടങ്ങിയവയാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍.
നേരത്തേ കണ്ടുപിടിക്കുകയും ശരിയായ ചികിത്സ തുടങ്ങുകയുമാണെങ്കില്‍ മിക്ക ഓറല്‍ കാന്‍സറുകളും ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാം.
സര്‍ജറി, റേഡിയോതെറപ്പി, കീമോ, പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് എന്നിങ്ങനെ ചികിത്സാരീതിയെ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
രോഗിയുടെ പ്രായം, രോഗത്തിന്‍െറ തരം, വലുപ്പം, സ്ഥാനം ഇവയെ ആശ്രയിച്ചായിരിക്കും ചികിത്സാ പദ്ധതി ഡോക്ടര്‍ തീരുമാനിക്കുന്നത്.
പ്രതിരോധമാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. അതുകൊണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുകവലി, മുറുക്ക് മുതലായ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക, ഭക്ഷണരീതിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുക, കൃത്യമായ ഇടവേളകളില്‍ മിതമായ അളവില്‍ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക, പുറമെനിന്നുള്ള ആഹാരവും ജങ്ക്ഫുഡും പരമാവധി കുറക്കുക,  ഭക്ഷണത്തില്‍ ശുദ്ധമായ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക എന്നിവയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.

(എറണാകുളം ചേരാനല്ലൂര്‍ പയനീര്‍ ഡെന്‍റല്‍ ക്ളിനിക്കിലെ കണ്‍സള്‍ട്ടന്‍റാണ് ലേഖിക)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.