ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട്, വിട്ടുമാറാത്ത​ നെഞ്ചെരിച്ചിൽ,... കാൻസറിന്റെ ലക്ഷണങ്ങളാണോ?

വയറ് നിറയുന്നതും എരിവുള്ളതുമായ ഭക്ഷണത്തിന് ശേഷം ആന്റാസിഡ്(നെഞ്ചെരിച്ചിൽ നിന്നും ദഹനപ്രശ്നത്തിൽ നിന്നും സഹായിക്കുന്ന മരുന്ന്) കഴിക്കുന്നത് ഒരു സാധാരണ ശീലമാണ്. എന്നാൽ ഇടക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ നിസ്സാരമായി കാണരുതെന്നാണ് വിദഗ്ധരു​ടെ നിർദേശം. നെഞ്ചെരിച്ചിൽ ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ഒരു ലക്ഷണമാണെന്ന് എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് എന്നിവിടങ്ങളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷണം കഴിച്ചതിനുശേഷം അടയേണ്ട താഴത്തെ അന്നനാളത്തിലെ സ്പിൻക്റ്റർ തുറന്നിരിക്കുകയും അതുവഴി അന്നനാളത്തിലേക്ക് ആമാശയത്തിലെ ആസിഡുകൾ പുറത്തുവിടുകയും ചെയ്യുമ്പോഴാണ് പൊതുവേ നെഞ്ചെരിച്ചിൽ അനുഭവപ്പെടുക. എന്നാൽ കാലക്രമേണ ഇത് അർബുദത്തിന് കാരണമാകുമെന്നാണ് പറയുന്നത്. ചില ഭക്ഷണങ്ങൾ അമിതമായി കഴിച്ചതിനുശേഷം ഇടക്കിടെ നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നത് അസാധാരണമല്ല. നിരന്തരമായ അസ്വസ്ഥതയും എരിച്ചിലും അന്നനാളം ആവർത്തിച്ച് ആസിഡുമായി സമ്പർക്കം പുലർത്തുന്നതിന്റെയോ സൂചനയായിരിക്കാം. ഇത് ഗുരുതരമായ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്.

അതുകൊണ്ട് ഇടക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ നിയന്ത്രിക്കാൻ വീട്ടിൽ നിന്ന് തന്നെ ചില പൊടിക്കെകൾ ചെയ്യാവുന്നതാണ്. ഇടതുവശം ചരിഞ്ഞു കിടന്നുറങ്ങുക, കിടക്കുന്നതിന് മുമ്പ് മൂന്നോ നാലോ മണിക്കൂർ മുന്നേ അത്താഴം കഴിക്കുക, ഭക്ഷണത്തിന് ശേഷം മധുരമില്ലാത്ത പെരുംജീരകം കഴിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാവുന്നതാണ്. എന്നിട്ടും കുറവ് അനുഭവപ്പെടുന്നില്ലെങ്കിൽ പെട്ടന്ന് തന്നെ ഡോക്ടറെ സമീപിക്കണം. പ്രത്യേകിച്ച് ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ഭക്ഷണം നിങ്ങളുടെ ഫുഡ് പൈപ്പിൽ കുടുങ്ങിക്കിടക്കുന്നതായി തോന്നുകയോ ചെയ്താൽ.

ഇടക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും തമ്മിലുള്ള വ്യത്യാസം

കട്ടിയുള്ളതോ എരിവുള്ളതോ ആയ ഭക്ഷണത്തിന് ശേഷം ഇടക്കിടെ നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ഇവ എളുപ്പത്തിൽ മറികടക്കാൻ സാധിക്കുന്നതാണ്. ഭക്ഷണം ചെറിയ അളവിൽ കഴിക്കുക, ഭക്ഷണത്തിന് ശേഷം നിവർന്നു നിൽക്കുക തുടങ്ങിയ ലളിതമായ നടപടികളിലൂടെ ഇത് പരിഹരിക്കപ്പെടും. പക്ഷേ ആഴ്ചയിൽ രണ്ടുതവണയിൽ കൂടുതൽ നെഞ്ചെരിച്ചിൽ അനുഭവപ്പെടുകയോ, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയിട്ടും തുടരുകയോ, നെഞ്ചിൽ വേദന, തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, ഭക്ഷണം നെഞ്ചിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അത് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗത്തെ സൂചിപ്പിക്കുന്നതാണ്.

അന്നനാളത്തിലേക്ക് ആസിഡ് ആവർത്തിച്ച് റിഫ്ലക്സ് ചെയ്യുമ്പോൾ അത് ലോലമായ ആന്തരിക പാളിയെ നശിപ്പിക്കുമെന്ന് ഡോ. നരഗുണ്ട് പറയുന്നു. ഇവ കാലക്രമേണ അന്നനാളത്തിലെ സാധാരണ സ്ക്വാമസ് കോശങ്ങൾക്ക് പകരം കുടലിൽ കാണപ്പെടുന്നതിന് സമാനമായ കോശങ്ങൾ സ്ഥാപിച്ച് ശരീരം സ്വയം സംരക്ഷിക്കാൻ ശ്രമിക്കും. ബാരറ്റിന്റെ അന്നനാളം എന്നറിയപ്പെടുന്ന ഈ മാറ്റം, അന്നനാളത്തിലെ അഡിനോകാർസിനോമ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ അർബുദത്തിന് മുമ്പുള്ള ഘട്ടമായി കണക്കാക്കപ്പെടുന്നു.

പ്രതിരോധ മാർഗങ്ങൾ

ആരോഗ്യകരമായ ഭാരം നിലനിർത്തുക, ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ കിടക്കാതിരിക്കുക, കാപ്പി, മദ്യം എന്നിവ പരിമിതപ്പെടുത്തുക തുടങ്ങിയ ജീവിതശൈലി ചിട്ടകൾക്ക് പുറമേ ആസിഡ് ഉത്പാദനം കുറക്കുന്ന മരുന്നുകളും കഴിക്കാം.

പ്രോട്ടോൺ പമ്പ് ഇൻഹിബിറ്ററുകളാണ് (പി.പി.ഐ) സാധാരണയായി നിർദ്ദേശിക്കപ്പെടുന്നത്. ഇവ അന്നനാളം സുഖപ്പെടാൻ അനുവദിക്കുന്നതിൽ ഫലപ്രദവുമാണ്. മരുന്നുകളോട് വേണ്ടത്ര പ്രതികരിക്കാത്തവരും ജീവിതകാലം മുഴുവൻ മരുന്നുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരും ഫണ്ട്പ്ലിക്കേഷൻ പോലുള്ള ഏറ്റവും ശസ്ത്രക്രിയ നടത്തിയാൽ മതി. ഇത് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള വാൽവ് ശക്തിപ്പെടുത്താൻ സഹായിക്കും. വിട്ടുമാറാത്ത റിഫ്ലക്സ് ഉള്ള വ്യക്തികളുടെ ആരോഗ്യനില വിലയിരുത്തുന്നതിനും ആദ്യകാല സങ്കീർണതകൾ കണ്ടെത്തുന്നതിനും നിരന്തരം പരിശോധനകൾ നടത്തണം. 

Tags:    
News Summary - Gastroenterologist cautions chronic heartburn could increase the risk of oesophageal cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.