മാറ്റിനിര്‍ത്തേണ്ടത് പുത്തന്‍ ഭക്ഷണസംസ്കാരം

‘മാഗി’ നിരോധം ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ മാത്രമല്ല, നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട ചില ഗുരുതരമായ ചോദ്യങ്ങള്‍കൂടി ഉയര്‍ത്തുന്നുണ്ട്. അറിവ് കൂടിയപ്പോള്‍ അപചയവും കൂടിപ്പോയ ഒരു സംസ്കാരമാണോ നമ്മുടേതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സൂക്ഷ്മമായി പരിശോധിച്ചാല്‍ ശാസ്ത്രത്തിന്‍െറ ലേബലില്‍ അശാസ്ത്രീയമായി ജീവിക്കുന്ന ജനതയുടെ സൂചകങ്ങളാണ് ഈയിടെ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. പരസ്യങ്ങള്‍ അതിഭാവുകത്വത്തിന്‍െറ വ്യാജ സന്ദേശങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ അവ കുഴിക്കുന്ന കുഴിയില്‍ വീണുപോകുന്ന വിദ്യാസമ്പന്നരടങ്ങിയ സമൂഹമാണ് നമ്മുടേത്. ഒരു ചെറിയ ഉദാഹരണം പറയാം.
ജീവകങ്ങളോ ധാതുലവണങ്ങളോ ശരീരം സ്വീകരിക്കണമെങ്കില്‍ അത് ആഹാരത്തിന്‍െറ രൂപത്തിലോ മരുന്നിന്‍െറ രൂപത്തിലോ കഴിച്ച് ആമാശയത്തിലത്തെിക്കണം. അല്ളെങ്കില്‍ പ്രത്യേകമായി തയാറാക്കി ഇന്‍ജക്ഷന്‍ രൂപത്തില്‍ കുത്തിവെക്കണം. അല്ലാതെ ശരീരത്തിന്‍െറ പുറത്ത് ഏതെങ്കിലും ഭാഗത്ത് എത്ര മുന്തിയ പോഷകവസ്തു കൊണ്ടുവെച്ചാലും അത് ശരീരം സ്വീകരിക്കില്ല. പ്രത്യേകിച്ച് രക്തയോട്ടം തീരെയില്ലാത്ത മുടിയോ പല്ളോ നഖമോ ഒരു വസ്തുവിനെയും ശരീരത്തിന്‍െറ അകത്തേക്ക് കടത്തിവിടില്ല. എന്നാല്‍, കാല്‍സ്യം എന്ന പോഷകവസ്തു നമ്മുടെ ടൂത്ത്പേസ്റ്റില്‍ ഉള്‍പ്പെടുത്തി പല്ലിന് മുകളില്‍ തേച്ചാല്‍ പല്ലുകള്‍ക്ക് ബലമുണ്ടാകുമെന്ന് അര നൂറ്റാണ്ടായി ഒരു പരസ്യം പറയുമ്പോള്‍ നമ്മള്‍ അത് വിശ്വസിച്ച് പല്ലുതേക്കുന്നു.
ഇവിടെ സ്കൂളില്‍ പോകാത്ത കൂലിപ്പണിക്കാരന്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ സാമാന്യയുക്തിക്ക് നിരക്കാത്ത ഇത്തരം പരസ്യങ്ങളില്‍ വീണുപോകുന്നു. ഏതെങ്കിലും ക്രീമുകള്‍ പുരട്ടിയാലോ സോപ്പുകള്‍ തേച്ചാലോ  തൊലി വെളുക്കുമെന്നും എണ്ണ വയറിന് മുകളില്‍ പുരട്ടിയാല്‍ വയറുകുറയുമെന്നും തലയില്‍ തേച്ചാല്‍ മുടിവളരുമെന്നും സുഗന്ധദ്രവ്യങ്ങള്‍ പൂശി പുറത്തിറങ്ങിയാല്‍ വഴിയില്‍ക്കാണുന്ന സുന്ദരികള്‍ പിറകെ വരുമെന്നും പരസ്യങ്ങള്‍ പറയുമ്പോള്‍ നാം അത് വിശ്വസിച്ചുപോകുന്നു.
ഇതുതന്നെയാണ് മാഗിയുടെ കാര്യത്തിലും സംഭവിച്ചത്. ചാനലുകളിലെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളുടെ മായാവലയത്തില്‍ കുടുങ്ങിയാണ് നാം ഇതുവരെ കുട്ടികള്‍ക്ക് മാഗിയും മറ്റു പാക്കറ്റ് ഭക്ഷണസാധനങ്ങളും വാങ്ങി നല്‍കിയത്. ഇപ്പോഴും ടിന്നിലടച്ച ഫുഡ് സപ്ളിമെന്‍റുകള്‍ സ്ഥിരമായി നല്‍കിയില്ളെങ്കില്‍  കുട്ടികളുടെ എല്ലുകള്‍ വളരുമോ, ബുദ്ധി വികസിക്കുമോ എന്ന ആശങ്ക പടര്‍ത്താന്‍ ഇത്തരം പരസ്യങ്ങള്‍ക്കായിട്ടുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ ‘ന്യൂട്രാസ്യൂട്ടിക്കല്‍സ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികള്‍ പുറത്തിറക്കുന്ന ആരോഗ്യപാനീയങ്ങളും ഫുഡ് സപ്ളിമെന്‍റുകളുമടങ്ങിയ വിപണിയാണിത്. ഇത്തരം ഉല്‍പന്നങ്ങളുടെ വിപണി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പത്തിരട്ടിയായി വര്‍ധിച്ചിരിക്കുകയാണെന്ന് ‘നെറ്റ് സ്ക്രൈബ്സ്’ എന്ന സ്വകാര്യ മാര്‍ക്കറ്റിങ് റിസര്‍ച് കമ്പനി നടത്തിയ സര്‍വേയില്‍ പറയുന്നു.
ചില കാര്യങ്ങളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തുമ്പോള്‍തന്നെ മറ്റുചില കാര്യങ്ങളില്‍ അപകടകരമായ അവധാനതയോടെയാണ് നാം തീരുമാനങ്ങളെടുക്കുന്നതും നടപ്പാക്കുന്നതും. രോഗാണുക്കളെ ഭയന്ന് തിളപ്പിച്ചാറിയ വെള്ളമോ ഫില്‍ട്ടര്‍ ചെയ്ത വെള്ളമോ മാത്രം ഉപയോഗിക്കുന്ന ഒരാള്‍ പുറത്തിറങ്ങിയാല്‍ എവിടെ നിര്‍മിക്കുന്നു, എങ്ങനെ നിര്‍മിക്കുന്നു എന്നുപോലുമറിയാത്ത ശീതള പാനീയങ്ങള്‍ യഥേഷ്ടം അകത്താക്കുന്നു. കീടനാശിനിയെ ഭയന്ന് പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലും പുളിവെള്ളത്തിലുമിട്ടശേഷം നല്ലവണ്ണം വേവിച്ച് കഴിക്കുന്നവര്‍ കീടനാശിനികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കണ്ടാല്‍ ഒന്നു കഴുകുകപോലുമില്ലാതെ ആര്‍ത്തിയോടെ അകത്താക്കുന്നു. കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചതല്ളെന്ന് ഉറപ്പാക്കി മാമ്പഴം വാങ്ങുന്നവര്‍ കൂള്‍ബാറുകളില്‍നിന്ന് മാംഗോ ജൂസുകള്‍ ഒരു മടിയുമില്ലാതെ സേവിക്കുന്നു.
ഒരു കവലയില്‍ ബേക്കറി വന്നാല്‍ രണ്ടുവര്‍ഷത്തിനകം അവിടെ രണ്ട് മെഡിക്കല്‍ ഷോപ്പുകള്‍ വരുമെന്ന പ്രകൃതിചികിത്സകരുടെ തമാശയിലെ അതിശയോക്തി മാറ്റിനിര്‍ത്തിയാല്‍ അതില്‍ ഇത്തിരി കഴമ്പുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രംതന്നെ പറയുന്നു. ബേക്കറി പലഹാരങ്ങളിലെ മൈദയും പഞ്ചസാരയും നിറങ്ങളും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ഇവിടങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ചികിത്സാ സമ്പ്രദായങ്ങളില്‍ അദ്ഭുതകരമായ മുന്നേറ്റം നടത്തിയെന്ന് അഭിമാനിക്കുമ്പോള്‍തന്നെ സമൂഹത്തില്‍ വൃക്കരോഗികളുടെയും അര്‍ബുദരോഗികളുടെയും എണ്ണത്തില്‍ ഭയാനകമായ വര്‍ധനയാണ് ഉണ്ടാവുന്നത്. വീട്ടിലത്തെുന്ന ഏതൊരു അതിഥിയോടും ചായയില്‍ മധുരമിടണമോ എന്ന് ചോദിക്കുന്ന രീതിയില്‍ പ്രമേഹരോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് നമ്മുടെ നാട്.
അനുവദനീയമായ അളവിലും അല്‍പം കൂടിയെന്ന കാരണത്താല്‍ നാം ‘മാഗി’യെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ഹോട്ടലുകളിലെയും വന്‍കിട റസ്റ്റാറന്‍റുകളിലെയും അടുക്കളകളില്‍ ഒരു തത്ത്വദീക്ഷയുമില്ലാതെ അജ്നാമോട്ടോ വാരിയിട്ട ഭക്ഷണം ശങ്കയില്ലാതെ കഴിക്കുകയും കുഞ്ഞുങ്ങള്‍ക്ക് വാങ്ങി നല്‍കുകയും ചെയ്യുന്നു. ആഴ്ചയില്‍ ഒരു ദിവസം വീട്ടിലെ അടുക്കളക്ക് അവധിനല്‍കി പുറത്തുനിന്ന് ആഹാരം കഴിക്കുന്ന ശീലം നമ്മുടെ കുടുംബങ്ങള്‍ക്കിടയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചയും പുതിയ പുതിയ വിഭവങ്ങള്‍ ഹോട്ടലിലെ തീന്മേശയില്‍ പരീക്ഷിക്കാന്‍ കാത്തിരിക്കുകയാണ് കുഞ്ഞുങ്ങള്‍. റസ്റ്റാറന്‍റുകളില്‍നിന്ന് ലഭിക്കുന്ന കറികളിലും ഫ്രൈഡ് വിഭവങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ അജ്നാമോട്ടോ ഉപയോഗിക്കുന്നത്. ബേക്കറികളിലെ പപ്സുകളിലും എരിവുള്ള മിക്സ്ചറുകളിലും വറുത്ത വിഭവങ്ങളിലും ഇവയുണ്ടെന്ന് ഇതിന്‍െറ നിര്‍മാണ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന ഒരുനേരത്തെ ഭക്ഷണത്തില്‍ നൂറു പാക്കറ്റ് മാഗിയിലുള്ളതിനേക്കാള്‍ അജ്നാമോട്ടോയും മറ്റു രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടായിരിക്കാം. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന മാഗി നിരോധം പ്രശ്നപരിഹാരത്തിന്‍െറ അടുത്തെങ്ങും എത്തില്ല എന്ന് ബോധ്യമാവും.
രുചിയേറിയതല്ല നല്ല ഭക്ഷണം; മറിച്ച്, ആരോഗ്യദായകമായതാണ് എന്ന ലളിതസത്യം ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറാവണം. നമ്മള്‍ കഴിക്കേണ്ടതെന്തെന്ന് കച്ചവടക്കാരും ആഗോള ഭീമന്മാരുമല്ല തീരുമാനിക്കേണ്ട്. ഇത്തരം കാര്യങ്ങളില്‍ രാജ്യത്തെ വിദഗ്ധന്മാര്‍ക്ക് പങ്കുണ്ടാവണം. ഒരു പേജില്‍ നല്ല ഭക്ഷണത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ നല്‍കുമ്പോള്‍തന്നെ അടുത്ത പേജില്‍ കോളകളുടെയും പാക്കറ്റ് ഫുഡുകളുടെയും കറിപൗഡറുകളുടെയും പരസ്യങ്ങള്‍ നല്‍കുന്ന ആരോഗ്യമാസികകള്‍ അടക്കമുള്ള പ്രസിദ്ധീകരണങ്ങളും ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്.  
ചെറുപ്പത്തിലേ പിടികൂടുക എന്ന തന്ത്രമാണ് കുത്തക കമ്പനികള്‍ പയറ്റുന്നത്. അതിനായി കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്, പോഗോ, ഹംഗാമ, കൊച്ചു ടി.വി തുടങ്ങി കുട്ടികളെ പിടിച്ചിരുത്തുന്ന ചാനലുകളിലാണ് ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളുടെയും ബിസ്കറ്റുകളുടെയും പരസ്യങ്ങള്‍ കൂടുതലായി വരുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഈ പ്രായത്തില്‍തന്നെ ഇവര്‍ക്ക് ബോധവത്കരണം നല്‍കേണ്ടതുണ്ട്. സ്കൂളുകളിലെ സിലബസില്‍ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും വിദ്യാര്‍ഥികളുടെ ആരോഗ്യകാര്യത്തില്‍ അധ്യാപകര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുകയും വേണം.
ഹോട്ടലുകളില്‍ വല്ലപ്പോഴും കയറി ‘പഴകിയ ഭക്ഷണം’ പിടിച്ചെടുത്ത് ജോലി തീര്‍ക്കുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അവിടെ വിളമ്പുന്ന ആഹാരത്തിന്‍െറ ഗുണനിലവാരത്തെക്കുറിച്ചുകൂടി പരിശോധന നടത്തണം. ഇതിനുള്ള ലാബ് സംവിധാനങ്ങള്‍ ജില്ലാതലങ്ങളിലെങ്കിലും സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണം. ഭക്ഷ്യയോഗ്യമല്ലാത്ത വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്റാറന്‍റുകള്‍ക്കെതിരെ നടപടി വരുമ്പോള്‍ അവയുടെ പേരുകള്‍ നല്‍കാന്‍ പത്രങ്ങളും ചാനലുകളും തയാറാവണം.
ഇത്തരത്തില്‍ കൂട്ടായ ശ്രമങ്ങള്‍ എല്ലാ ഭാഗത്തുനിന്നും ഉണ്ടാവുകയും സമൂഹത്തിന്‍െറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമേ തലമുറകളുടെ ആരോഗ്യം എന്ന സുപ്രധാന വിഷയത്തില്‍ നീതി നടപ്പാവൂ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.