വേണു
കരുനാഗപ്പള്ളി : ചികിത്സ ലഭിക്കാതെ ദലിത് യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചതായി പരാതി. പന്മന ഇടപ്പള്ളികോട്ട സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കൊല്ലം കരുനാഗപ്പള്ളി പന്മന മനയിൽ പൂജാ ഭവനിൽ വേണു (48) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് മരിക്കുന്നതിന് തൊട്ടു മുൻപ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഒക്ടോബർ 31ന് നെഞ്ചുവേദനയെ തുടർന്ന് കൊല്ലം ജില്ല ആശുപത്രിയിൽ നിന്ന് അടിയന്തരമായി ആൻജിയോഗ്രാമിന് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്‌തെങ്കിലും ആറ് ദിവസം മരുന്നും അത്യാവശ്യ ചികിത്സയും ലഭ്യമാക്കാതത്ത് കാരണമാണ് വേണു മരണപ്പെട്ടതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടു.
അടിയന്തര ചികിത്സ ലഭിക്കാത്തതും വൈദ്യ സഹായം നിഷേധിച്ചതുമാണ് തന്റെ ഭർത്താവ് മരിക്കാൻ ഇടയായതെന്ന് കാണിച്ചു ഭാര്യ സിന്ധു മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും ഇമെയിൽ മുഖേന പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളായ പൂജ, ഗംഗ എന്നിവർ മക്കളാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ നടക്കും.
‘തിരുവനന്തപുരം മെഡിക്കൽ കോളജ് ഭയങ്കര അഴിമതിയാണ്. നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നില്ലേ, ഒരു മനുഷ്യൻ ഹോസ്പിറ്റലിൽ വന്ന് എന്തെങ്കിലും അറിയേണ്ട കാര്യങ്ങള്‍ ചോദിച്ചാല്‍ ആരും മറുപടി നല്‍കില്ല. യൂണിഫോമിട്ട് ആളുകളോടു കാര്യം ചോദിച്ചാല്‍ നായയെ നോക്കുന്ന കണ്ണു കൊണ്ടുപോലും നോക്കില്ല. പിന്നീട് പോലും ഒരു മറുപടി പറയില്ല. എല്ലായിടത്തും കൈക്കൂലിയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഞാന്‍ എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യാന്‍ ഇവിടെ വന്നത്. കിട്ടുന്നതില്‍ വച്ച് ഏറ്റവും വേഗതയുള്ള ആംബുലന്‍സ് വിളിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോന്നത്. അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ല. എന്നോട് കാണിക്കുന്ന ഉദാസീനത എന്താണെന്നു മനസിലാകുന്നില്ല. എന്നെ പരിശോധിക്കാന്‍ വരുന്ന ഡോക്ടറോട് പലവട്ടം ചോദിച്ചു ചികിത്സ എപ്പോള്‍ നടക്കുമെന്ന്. അവർക്ക് ഒരറിവും ഇല്ല. ഇവർ കൈക്കൂലി വാങ്ങിയാണ് ഇവര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അറിയില്ല. ഒരു സാധാരണ കുടുംബത്തില്‍പെട്ട രണ്ടു പേര്‍ തിരുവനന്തപുരത്തു വന്ന് നില്‍ക്കണമെങ്കില്‍ എത്ര രൂപ ചെലവാകുമെന്ന് അറിയാമല്ലോ. സാധാരണക്കാര്‍ക്ക് ഏറ്റവും വലിയ ആശ്രയം ആകേണ്ട സർക്കാർ ആതുരാലയം ശാപങ്ങളുടെ പറുദീസയാണ്. ഒരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരകഭൂമി തന്നെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ്.
ഞാന്‍ അടിവില്ലിനകത്തു വീണു പോയി. ഒരു കാര്യം ഞാൻ പറയാം, എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍, എന്റെ ജീവൻവെച്ച് നിസാരമായിട്ട് കാര്യങ്ങൾ നടത്തിയ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണം. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ വോയ്സ് റെക്കോർഡ് നീ പുറംലോകത്തെ അറിയിക്കണം’’ - വേണുവിന്റെ ശബ്ദസന്ദേശത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.