ന്യൂഡൽഹി: ഡൽഹി പകർച്ചവ്യാധി രോഗ നിയമപ്രകാരം കുഷ്ഠരോഗത്തെ 'നോട്ടിഫയബിൾ ഡിസീസ്' (അതായത്, നിർബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗം) ആയി പ്രഖ്യാപിക്കാൻ ഡൽഹി സർക്കാർ ഒരുങ്ങുന്നു. ദേശീയ തലസ്ഥാനത്ത് നിരീക്ഷണം ശക്തിപ്പെടുത്തുക, നേരത്തെ രോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
ഡൽഹി ആരോഗ്യവകുപ്പ് ഇതിനുള്ള പ്രമേയം അംഗീകരിച്ചുകഴിഞ്ഞു. നിലവിൽ ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ ഉത്തരവ് നിലവിൽ വരുന്നതോടെ ആശുപത്രികൾ, ക്ലിനിക്കുകൾ, സ്വകാര്യ ഡോക്ടർമാർ എന്നിവർ തങ്ങളുടെ പക്കൽ എത്തുന്ന കുഷ്ഠരോഗ കേസുകൾ നിർബന്ധമായും ഡിസ്ട്രിക്റ്റ് ലെപ്രസി ഓഫീസറെ അറിയിക്കേണ്ടതുണ്ട്. ഇത് കൃത്യമായ ഇടപെടലുകൾ നടത്താനും, രോഗനിർണ്ണയം വേഗത്തിലാക്കാനും, സർക്കാർ കേന്ദ്രങ്ങൾ വഴി സൗജന്യമായി മൾട്ടി-ഡ്രഗ് തെറാപ്പി ചികിത്സ ലഭ്യമാക്കാനും സഹായിക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഇതോടെ കുഷ്ഠരോഗം 'നോട്ടിഫൈ' ചെയ്ത രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാനങ്ങളായ തമിഴ്നാട്, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയോടൊപ്പം ഡൽഹിയും ഇടം നേടും. കുഷ്ഠരോഗം പൂർണ്ണമായി ചികിത്സിച്ച് മാറ്റാനാകുന്ന രോഗമാണെന്നും ഇത് നോട്ടിഫൈ ചെയ്യുന്നത് മറഞ്ഞിരിക്കുന്ന കേസുകൾ കണ്ടെത്താനും, രോഗവ്യാപനം തടയാനും എല്ലാ രോഗികൾക്കും മാന്യമായ ചികിത്സ ഉറപ്പാക്കൻ സഹായിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. പങ്കജ് കുമാർ സിങ് പറഞ്ഞു.
ദേശീയതലത്തിൽ 10,000 പേരിൽ ഒരാൾ മാത്രം രോഗബാധിതർ എന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) മാനദണ്ഡം പാലിച്ചുകൊണ്ട്, 2005 ഡിസംബറിൽ ഇന്ത്യ കുഷ്ഠരോഗത്തെ ഒരു പൊതുജനാരോഗ്യ പ്രശ്നം എന്ന നിലയിൽ ഔദ്യോഗികമായി നിർമ്മാർജ്ജനം ചെയ്തിരുന്നു. എങ്കിലും ലോകമെമ്പാടും പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 59 ശതമാനവും ഇന്ത്യയിലാണെന്ന് ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കുന്നു.
അടുത്ത കാലത്ത് രാജ്യവ്യാപകമായി നടത്തിയ പഠനമനുസരിച്ച് ഏകദേശം 44.1 ശതമാനം കുഷ്ഠരോഗികളും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലാണ് ചികിത്സ തേടുന്നത്. ഇത് ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിക്ക് (എൻ.എൽ.ഇ.പി) കീഴിൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും, ഇത് സമൂഹത്തിൽ രോഗം പടരുന്നത് തുടരാൻ കാരണമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നിർബന്ധിത റിപ്പോർട്ടിങ് നടപ്പിലാക്കുന്നത് രോഗം നേരത്തെ കണ്ടെത്താനും, അതുവഴി ശാരീരിക വൈകല്യങ്ങൾക്കുള്ള സാധ്യത കുറക്കാനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൂടാതെ, രോഗിയുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താനും അവർക്ക് രോഗപ്രതിരോധ ചികിത്സ നൽകാനും, ചികിത്സ കൃത്യമായി പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും. കുഷ്ഠരോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്ന ഒന്നാണെന്ന അവബോധം സൃഷ്ടിക്കുന്നതിലൂടെ രോഗവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനം ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും.
രോഗനിരീക്ഷണവും നിയന്ത്രണ പ്രവർത്തനങ്ങളും ശക്തമാക്കുന്നതിനായി കുഷ്ഠരോഗത്തെ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ) ശുപാർശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.