പടികയറുമ്പോൾ വല്ലാതെ തളരുന്നുണ്ടോ? അവഗണിക്കരുത്, ആ ശ്വാസംമുട്ടൽ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം!

പണ്ടൊക്കെ വളരെ എളുപ്പത്തിൽ ഓടിക്കയറിയിരുന്ന പടവുകൾ ഇപ്പോൾ കയറുമ്പോൾ വല്ലാതെ ശ്വാസംമുട്ടാറുണ്ടോ? കുറച്ചുദൂരം നടക്കുമ്പോഴേക്കും നെഞ്ചിടിപ്പ് കൂടി തളർന്നുപോകാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക. ഇത് പ്രായമാകുന്നതിന്റെയോ ക്ഷീണത്തിന്റെയോ മാത്രം ലക്ഷണമായി കണ്ട് തള്ളിക്കളയരുത്. നിങ്ങളുടെ ഹൃദയം അപകടത്തിലാണ് എന്നതിന്റെ വലിയൊരു മുന്നറിയിപ്പാകാം ഇതെന്നാണ് മുംബൈയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധർ വ്യക്തമാക്കുന്നത്.

‘പലരും തുടക്കത്തിൽ ഉണ്ടാകുന്ന ശ്വാസംമുട്ടലിനെ കേവലം ക്ഷീണം, മാനസിക സമ്മർദം, പ്രായമാകൽ, അല്ലെങ്കിൽ ശരീരഭാരം കൂടുന്നതുമായി ബന്ധപ്പെടുത്തി അവഗണിക്കാറുണ്ട്. എന്നാൽ ദൈനംദിന കാര്യങ്ങൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ശ്വാസംമുട്ടൽ ഒരിക്കലും നിസ്സാരമാക്കരുത്, പ്രത്യേകിച്ച് മുതിർന്ന ആളുകളിൽ’ മുംബൈ പി.ഡി. ഹിന്ദുജ ഹോസ്പിറ്റലിലെ സീനിയർ ഇന്‍റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. രാജേഷ് രജാനി പറയുന്നു.

ഈ രോഗലക്ഷണത്തിന്റെ ഏറ്റവും അപകടകരമായ വശം ഇത് വളരെ പതുക്കെയാണ് നിങ്ങളെ ബാധിക്കുന്നത് എന്നതാണ്. ശരീരത്തിന്റെ ആരോഗ്യം പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഇല്ലാതാകില്ല. പടികയറാൻ ബുദ്ധിമുട്ട് തോന്നുമ്പോൾ നമ്മൾ അറിയാതെ തന്നെ ലിഫ്റ്റ് ഉപയോഗിക്കാൻ തുടങ്ങും. വൈകുന്നേരങ്ങളിലെ നടത്തത്തിന്റെ ദൂരം കുറക്കും. ഇത് രോഗം കൊണ്ടാണെന്ന് ചിന്തിക്കുന്നതിന് പകരം നമ്മൾ തന്നെ വരുത്തുന്ന ശീല മാറ്റങ്ങളാണെന്ന് കരുതി പലരും സ്വയം സമാധാനിക്കാറാണ് പതിവ്.

എന്നാൽ, നിരന്തരമായ ശ്വാസംമുട്ടൽ അനുഭവപ്പെടുന്ന ആളുകൾക്ക്, അങ്ങനെയല്ലാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായോ ശ്വാസകോശസംബന്ധമായോ ഉള്ള രോഗങ്ങൾ വന്ന് മരണപ്പെടാനുള്ള സാധ്യത രണ്ട് മുതൽ ഒമ്പത് മടങ്ങ് വരെ കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ധമനികളിലെ തടസ്സം, വാൽവ് രോഗങ്ങൾ, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയപേശികളുടെ ബലഹീനത എന്നിങ്ങനെ ഹൃദയത്തിന്റെ പമ്പിങ്ങിനെ ബാധിക്കുന്ന പ്രധാനപ്പെട്ട നാല് പ്രശ്നങ്ങളാണ് ശ്വാസംമുട്ടലിലൂടെ പുറത്തു വരുന്നത്. സാധാരണയായി രോഗാവസ്ഥ ദൈനംദിന ജീവിതത്തെ പൂർണ്ണമായി ബാധിക്കുമ്പോൾ മാത്രമാണ് പലരും ഡോക്ടറെ കാണാൻ തയാറാകുന്നത്. ഇത് വലിയ അപകടം വരുത്തിവെക്കും. നേരിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ പരിശോധന നടത്തുന്നത് വഴി ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവ ഒരു പരിധി വരെ തടയാൻ സാധിക്കും.

Tags:    
News Summary - Can't catch your breath? Here's when it becomes a medical red flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.