ദുബൈ: നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ ഉജ്ജ്വല വിജയം പിണറായി ഭരണകൂടത്തിനെതിരായ വിധിയെഴുത്താണെന്ന് വേള്‍ഡ് കെ.എം.സി.സി പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫ് കൈവരിച്ച ഐക്യത്തിന്റെയും ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമാണ് ഈ വിജയം.
യു.ഡി.എഫിന്റെ പ്രവര്‍ത്തകര്‍, നേതാക്കള്‍, അനുഭാവികള്‍ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് പ്രതികൂല സാഹചര്യങ്ങളെ പോലും നിഷ്പ്രഭമാക്കിയ ഈ വിജയമെന്നും പ്രസ്താവനയിൽ പറഞ്ഞു. യു.ഡി.എഫിന്റെ ഒപ്പം വേള്‍ഡ് കെ.എം.സി.സി ഉറച്ചുനില്‍ക്കും. ഈ വിജയത്തിനായി പ്രവര്‍ത്തിച്ചവർക്ക് ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നതായും പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടിയും ജനറല്‍ സെക്രട്ടറി പൂത്തൂര്‍ റഹ്മാനും ട്രഷറര്‍ യു.എ നസീറും അറിയിച്ചു.
ദുബൈ: പിണറായിയുടെ ഭരണത്തിനെതിരെ വിധിയെഴുതിയ നിലമ്പൂരിലെ ജനതയെ അഭിവാദ്യം ചെയ്യുന്നതായി ഇൻകാസ് യു.എ.ഇ പ്രസ്താവനയിൽ പറഞ്ഞു. ജനജീവിതം ദുസ്സഹമാക്കി കേരളത്തിന്റെ സാമൂഹിക അന്തരീക്ഷവും സാമ്പത്തിക രംഗവും തകർത്ത പിണറായി സർക്കാറിനെ കേരളത്തിൽനിന്ന് തൂത്തെറിയാനുള്ള ആദ്യ ചുവടുവെപ്പാണിത്.
ജനം പ്രബുദ്ധരാണെന്നും ഇത്തരത്തിലുള്ള ചെപ്പടി വിദ്യകൾകൊണ്ട് നിലനിൽക്കാൻ സാധിക്കില്ലെന്നും പിണറായിയും ഇടതുപക്ഷവും മനസ്സിലാക്കണം. ഒരു ജനതയെയും ജില്ലയെയും അപമാനിച്ചതിനുള്ള തിരിച്ചടി കൂടിയാണ് പിണറായിക്ക് മലപ്പുറത്തെ പ്രബുദ്ധരായിട്ടുള്ള ജനങ്ങൾ കൊടുത്തിരിക്കുന്നതെന്നും ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി എസ്.എം. ജാബിർ പ്രസ്താവനയിൽ പറഞ്ഞു.
ദുബൈ: യു.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം ഭാവി കേരള രാഷ്ട്രീയത്തിന് പ്രതീക്ഷ നൽകുന്നതാണെന്ന് പ്രവാസി ഇന്ത്യ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മലപ്പുറം അഭിമുഖീകരിക്കുന്ന വികസന പിന്നാക്കാവസ്ഥ, വിദ്യാഭ്യാസ പ്രശ്നങ്ങൾ, വന്യജീവി വിഷയങ്ങൾ, സാമൂഹിക നീതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പെൻഷൻ കുടിശ്ശിക, ദേശീയപാത തകർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുന്നത് ഇടതുപക്ഷം ഭയപ്പെട്ടിരുന്നു.
ധ്രുവീകരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും നിലമ്പൂർ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ കേരളമാകെ ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.