മാപ്പിളപ്പാട്ട് സംഗീത സംവിധാനത്തില്‍ സ്ത്രീസാന്നിധ്യമായ ശ്രുതിമധുരം VIDEO

അബൂദബി: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മാപ്പിളപ്പാട്ടുകള്‍ പാടാന്‍ വനിതകള്‍ എല്ലാ കാലങ്ങളിലും മുന്നിലുണ്ടായിരുന്നു. പാട്ടെഴുതുന്നവരും അവര്‍ക്കിടയിലുണ്ട്. എന്നാല്‍, മാപ്പിളപ്പാട്ട് സംഗീത സംവിധാനരംഗത്ത് വനിതകളുടെ സ്ഥാനം എന്നും ഒഴിഞ്ഞുകിടന്നു. എണ്ണം പറഞ്ഞ 19 പാട്ടുകള്‍ കൊണ്ട് ഈ ശൂന്യതയില്‍ ശ്രുതിമധുരം നിറച്ച് പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ് മലയാളികളുടെ പ്രിയ പാട്ടുകാരി മുക്കം സാജിദ.
മുക്കം സാജിദ ഈണം പകര്‍ന്ന ആദ്യ ആല്‍ബം ‘ദിക്ര്‍പാടി കിളി’ പുറത്തിറങ്ങിയിട്ട് ഒരു വര്‍ഷമാകുന്നു. എട്ടാം വയസ്സില്‍ ഇവര്‍ ആലപിച്ച് മാപ്പിളപ്പാട്ട് പ്രേമികളുടെ നാവിന്‍ തുമ്പിലെ ഈരടികളായി തീര്‍ന്ന ‘കിളിയേ ദിക്ര്‍ പാടി കിളിയേ...’ എന്ന പാട്ടില്‍നിന്നു തന്നെയാണ് ആല്‍ബത്തിന് പേര് നല്‍കിയത്. സാജിദയുടെ ഭര്‍ത്താവും യു.എ.ഇയിലെ അറിയപ്പെടുന്ന കീ ബോര്‍ഡ് കലാകാരനുമായ മുഹമ്മദ് സലീലും അദ്ദേഹത്തിന്‍െറ സഹോദരന്‍ അക്ബറും ചേര്‍ന്നാണ് ഇതിന്‍െറ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്. ആല്‍ബത്തിന് സംഗീതാസ്വാദകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് മുക്കം സാജിദ പറയുന്നു. തന്‍െറ ഗുരുവായ വി.എം. കുട്ടി മാഷ് വളരെ നല്ല അഭിപ്രായം പറയുകയും ഈ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആശംസയര്‍പ്പിക്കുകയും ചെയ്തു. 
‘ദിക്ര്‍പാടി കിളി’ ആല്‍ബത്തില്‍ ഏഴ് പാട്ടുകളാണുള്ളത്. മുക്കം സാജിദയുടെ നേതൃത്വത്തില്‍ അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന ‘അറേബ്യന്‍ സ്റ്റാര്‍സ്’ സംഗീത ട്രൂപ്പിലെ അംഗങ്ങളാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഭര്‍ത്താവിന്‍െറ പിന്തുണയാണ് നേട്ടങ്ങളിലേക്കുള്ള തന്‍െറ യാത്രക്ക് സഹായകമാകുന്നതെന്ന് സാജിദ പറഞ്ഞു.

Full View

‘ദിക്ര്‍പാടി കിളി’ ആല്‍ബത്തിലെ പാട്ടുകള്‍ക്കല്ല സാജിദ ആദ്യം ഈണം പകര്‍ന്നത്. ചേറ്റുവ പരീക്കുട്ടി എന്ന കവിയെക്കുറിച്ച് ചെയ്യുന്ന ഹ്രസ്വചിത്രത്തിലേക്ക് അദ്ദേഹത്തിന്‍െറ പാട്ടുകള്‍ അന്വേഷിച്ചത്തെിയ സംവിധായകന്‍ ചേറ്റുവ നൗഫലിന്‍െറ അഭ്യര്‍ഥന പ്രകാരമാണ് ആദ്യ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചേറ്റുവ പരീക്കുട്ടിയുടെ നിരവധി പാട്ടുകള്‍ പാടിയതിനാല്‍  സാജിദയുടെ അടുത്തേക്ക് വി.എം. കുട്ടി യാണ് ചേറ്റുവ നൗഫലിനെ പറഞ്ഞയക്കുന്നത്. എന്നാല്‍, മുമ്പ് പാടിയ പാട്ടുകളുടെ റെക്കോഡുകളൊന്നും കൈവശമില്ലാത്തതിനാല്‍ ആ പാട്ടുകള്‍ ഒരിക്കല്‍ കൂടി സംഗീത സംവിധാനം നിര്‍വഹിച്ച് പാടാന്‍ ഡോക്യുമെന്‍ററി സംവിധായകന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ അതില്‍ ഒമ്പത് പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നു. ഡോക്യൂമെന്‍ററിയുടെ പ്രകാശനം നിര്‍വഹിച്ചിട്ടുണ്ട്. ഇതിലെ ഒമ്പത് പാട്ടുകള്‍ മനോരമ മ്യൂസിക് ഉടന്‍  പുറത്തിറക്കും. 

ടെലിവിഷന്‍ ചാനലുകളിലെ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകള്‍ക്ക് വേണ്ടിയും മുക്കം സാജിദ സംഗീത സംവിധാനം നിര്‍വഹിച്ചു. അടുത്ത് പുറത്തിറങ്ങുന്ന മറ്റൊരു ആല്‍ബത്തിലെ രണ്ട് പാട്ടുകള്‍ക്കും ഇവര്‍ സംഗീകതം പകര്‍ന്നു. ഇതിന്‍െറ ഓര്‍ക്കസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. 
ഏത് വേദികളില്‍ ചെന്നാലും ഇപ്പോഴും ദിക്ര്‍ പാടിക്കിളി പാടാന്‍ ആവശ്യപ്പെടാറുണ്ടെന്ന് സാജിദ പറഞ്ഞു. മാപ്പിളപ്പാട്ടിനെ സ്നേഹിക്കുന്നവരുടെ കാതുകളില്‍ അത്രമേല്‍ പതിഞ്ഞിട്ടുണ്ട് ആ ഗാനം. എന്നാല്‍, കുറെ പേര്‍ വിചാരിക്കുന്നത് ആ പാട്ട് പാടിയ കുട്ടി മരിച്ചുപോയി എന്നാണ്. ഈ ധാരണ ആളുകള്‍ക്കിടയില്‍ പരന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ദിക്ര്‍പാടി കിളി ഗാനം പ്രശസ്തമായതിന് ശേഷം ഒരിക്കല്‍ ഒരു സംഗീത പരിപാടി കഴിഞ്ഞ് വരുന്നതിനിടക്ക് ഒരു വാഹനാപകടത്തില്‍ സാജിദ മരണപ്പെട്ടുവെന്ന് ആരോ പ്രചരിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളുമൊക്കെ അത് വിശ്വസിച്ചു. വീട്ടുകാരെ മാത്രം ഇക്കാര്യമറിയിച്ചില്ല. പരിപാടി കഴിഞ്ഞ് താന്‍ എത്തിയപ്പോള്‍, താന്‍ മരിച്ചുവെന്ന് കരുതി വന്ന കുറെ ബന്ധുക്കള്‍ വീട്ടിലുണ്ടായിരുന്നുവെന്ന് സാജിദ ഓര്‍ക്കുന്നു. താന്‍ മരിച്ചുവോ എന്നന്വേഷിച്ച് നിരവധി കത്തുകളാണ് വി.എം. കുട്ടിക്ക് ലഭിച്ചതെന്നും അവര്‍ പറഞ്ഞു. 

വളരെ ചെറുപ്പത്തില്‍ പാടിത്തുടങ്ങിയതാണ് സാജിദ. ആദ്യം വേദിയില്‍ പാടിയപ്പോള്‍ മേശപ്പുറത്ത് സ്റ്റൂളില്‍ കയറി നിന്നാണ് പാടിയതെന്ന് അവര്‍ ഓര്‍ക്കുന്നു. അയല്‍വാസി ബാലന്‍ എന്ന കലാകാരനാണ് സാജിദയെ സംഗീതരംഗത്തേക്ക് കൊണ്ടുവന്നത്. പിന്നീട് റേഡിയോ ആര്‍ട്ടിസ്റ്റ് സി.വി.എം. കുട്ടിയുടെ ട്രൂപ്പിലും അവിടെനിന്ന് വി.എം. കുട്ടിയുടെ ഗായക സംഘത്തിലുമത്തെി. ചാന്ദ്പാഷ, വടകര കൃഷ്ണദാസ്, കോഴിക്കോട് അബൂബക്കര്‍ തുടങ്ങി പ്രഗത്ഭരായ സംഗീത സംവിധായകരുടെയും പി.ടി. അബ്ദുറഹ്മാന്‍, ഒ.എം. കരുവാരക്കുണ്ട്. ബാപ്പു വെള്ളിപ്പറമ്പ് തുടങ്ങിയ മികച്ച രചയിതാക്കളുടെയും ഗാനങ്ങള്‍ പാടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സാജിദ പറഞ്ഞു.

Tags:    
News Summary - women's day 2017 special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.