ദുബൈ: വ്യാജ കമ്പനികളുടെ മറവിൽ വൻ വിസ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 21 പേർക്ക് ദുബൈ സിറ്റിസൺഷിപ് ആൻഡ് റസിഡൻസി കോടതി ശിക്ഷ വിധിച്ചു. വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ളവരാണ് പ്രതികൾ. കേസിൽ പ്രതികൾ 2.5 കോടി ദിർഹം പിഴയടക്കാനും കോടതി ഉത്തരവിട്ടു.
എമിറേറ്റിൽ താമസ വിസകളുടെ നിയമവിരുദ്ധമായ ഉപയോഗം സംബന്ധിച്ച ഏറ്റവും വലിയ കേസുകളിൽ ഒന്നാണിത്. 33 സ്ഥാപനങ്ങളുടെ പേരിൽ 385 താമസവിസകൾ തട്ടിപ്പിന് ഉപയോഗിച്ചുവെന്ന് നേരത്തേ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തൊഴിലാളികളെ ആകർഷിക്കുന്നതിനായി പ്രതികൾ വ്യാജ കമ്പനികൾ സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യുക. തുടർന്ന് ജീവനക്കാരെ റിക്രൂട്ട് ചെയ്യും. എന്നാൽ, ഇവരുടെ താമസം നിയമപരമാക്കാതെ സ്ഥാപനം പൊടുന്നനെ അടച്ചുപൂട്ടുകയാണ് പതിവ്. സംശയം തോന്നിയ സ്ഥാപനങ്ങളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആർ.എഫ്.എ) പിടികൂടുകയായിരുന്നു. തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
സൂക്ഷ്മമായ നിരീക്ഷണം, തുടർനടപടികൾ, കർശനമായ പരിശോധന എന്നിവക്ക് ശേഷമാണ് കമ്പനികൾ വ്യാജമാണെന്ന് കണ്ടെത്തിയത്. താമസവിസകൾ കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് സിറ്റിസൺഷിപ് ആൻഡ് റസിഡൻസി പ്രോസിക്യൂഷൻ തലവനും സീനിയർ അഡ്വക്കറ്റ് ജനറലുമായ ഡോ. അലി ഹുമൈദ് ബിൻ ഖാതിം പറഞ്ഞു.
വ്യാജ മേൽവിലാസത്തിലാണ് കൂടുതൽ ബിസിനസ് ലൈസൻസുകളും നേടിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അറസ്റ്റിന് പിന്നാലെ പ്രതികളെ ജി.ഡി.ആർ.എഫ്.എ തുടർ അന്വേഷണത്തിനായി സിറ്റിസൺഷിപ് ആൻഡ് റസിഡൻസി പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
ഇവർ നൽകിയ റിപ്പോർട്ടിന്മേൽ നടന്ന വിചാരണക്കൊടുവിലാണ് ദുബൈ സിറ്റിസൺഷിപ് ആൻഡ് റസിഡൻസ് കോടതി 21 പ്രതികളും കുറ്റക്കാരാണെന്ന് വിധിച്ചത്. അതേസമയം, പ്രതികളുടെ പങ്കാളികൾക്കെതിരെയും അന്വേഷണം തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.