ദുബൈ: വിസാ, റെസിഡൻസി സേവനങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തിരുന്ന നിരവധി ലംഘനങ്ങൾക്കെതിരെ കർശന നടപടി. ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ ദുബൈ) ആണ് ശക്തമായ നടപടി സ്വീകരിച്ചത്. സമൂഹത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് സംരക്ഷിക്കാനും സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സാമൂഹിക മാധ്യമങ്ങളിലൂടെ വിസാ, റെസിഡൻസി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അനധികൃത സേവനങ്ങൾ പ്രചരിപ്പിച്ചിരുന്ന നിരവധി കേസുകൾ അന്വേണത്തിൽ കണ്ടെത്തി. ജി.ഡി.ആർ.എഫ്.എയുടെ തന്ത്രപരമായ മുൻഗണനകളുടെ ഭാഗമാണ് നടപടിയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും നേരിടുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സേവനങ്ങൾ ഔദ്യോഗികവും അംഗീകൃതവുമായ ചാനലുകളിലൂടെ മാത്രം ലഭ്യമാക്കുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ആളുകളെ ചൂഷണം ചെയ്യാനോ ഔദ്യോഗിക നടപടിക്രമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാക്കുന്ന പ്രവർത്തനങ്ങൾ നടത്താനോ ശ്രമിക്കുന്നവരെ നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. അലി ബിൻ അജിഫ് അൽ സാബി പറഞ്ഞു. അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച ഉടൻ നിരീക്ഷണവും പരിശോധനയും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ, ചില സ്ഥാപനങ്ങളും വ്യക്തികളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വിസാ, റെസിഡൻസി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അനധികൃത സേവനങ്ങൾ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായും അധികാരികളുമായും സഹകരിച്ച് അംഗീകൃത നിയമ നടപടിക്രമങ്ങൾ അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും അൽ സാബി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.