ദുബൈ: ഗൾഫ് സംഘർഷ കാലത്ത് യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം. യുദ്ധസമയത്ത് വിസാ കാലാവധി പിന്നിട്ടവർക്ക് ജൂലൈ ഒമ്പത് വരെയാണ് പിഴ അടക്കാതെ നാട്ടിലേക്ക് മടങ്ങാൻ ഇളവ് പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ളവർക്ക് തങ്ങളുടെ വിസ നിയമവിധേയമാക്കാനോ രാജ്യം വിടാനോ ഉള്ള 30 ദിവസത്തെ ഇളവ് കാലാവധി യു.എ.ഇ പ്രഖ്യാപിച്ചു. 2026 ജൂൺ 10ന് ആരംഭിച്ച ഇളവ് കാലാവധി 2026 ജൂലൈ ഒമ്പതിന് അവസാനിക്കും.
പിഴയടക്കാതെ പുതിയ വിസയിലേക്ക് മാറാനും ഈ കാലയളവിൽ സാധിക്കുമെന്ന് ഫെഡറൽ അതോറിറ്റി അറിയിച്ചു. സംഘർഷത്തെ തുടർന്ന് വിമാനസർവീസുകൾ അവതാളത്തിലായതിനാൽ നിരവധി പേർ യു.എ.ഇയിൽ കുടുങ്ങിയിരുന്നു. ഇവർക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ ഇളവ് കാലാവധി.
വ്യോമഗതാഗതം സാധാരണ നിലയിലാവുകയും മുമ്പ് ഇളവുകൾ നൽകാൻ കാരണമായ അസാധാരണ സാഹചര്യങ്ങൾ മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് അതോറിറ്റി വ്യക്തമാക്കി. ഈ തീരുമാനത്തിന്‍റെ ആനുകൂല്യം ലഭിക്കുന്നവർ മറ്റ് പ്രത്യേക നടപടികളൊന്നും ചെയ്യേണ്ടതില്ല.
യു.എ.ഇയിൽ ജോലി ചെയ്യാനോ താമസിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു മാസത്തെ സമയപരിധിക്കുള്ളിൽ വിസ നിയമവിധേയമാക്കാം. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് സാധാരണ നടപടിക്രമങ്ങൾ പാലിച്ച് നേരിട്ട് യാത്ര തിരിക്കാവുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.