ദുബൈ: കേരള മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി. സതീശൻ അവതരിപ്പിച്ച 2026-27 വര്‍ഷത്തെ കേരള ബജറ്റ് പ്രവാസ ലോകത്ത് സൃഷ്ടിച്ചത് സമ്മിശ്ര പ്രതികരണം. ഇന്‍വെസ്റ്റ്‌മെന്‍റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റുന്നതില്‍ പ്രവാസികളുടെ പങ്ക് ഉറപ്പാക്കുന്നതിനായി പ്രവാസി ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഫണ്ട് രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ് ബജറ്റിൽ പ്രവാസ ലോകത്ത് അനുരണനങ്ങൾ സൃഷ്ടിച്ചത്. പ്രവാസികള്‍ നിക്ഷേപകരായും സംരംഭകരായും അറിവ് പങ്കിടുന്നവരായും മാറേണ്ടതുണ്ടെന്നും സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, കാര്‍ഷിക മൂല്യവര്‍ധിത സംരംഭങ്ങള്‍, ആരോഗ്യരംഗം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ കൂട്ടായ നിക്ഷേപം നടത്താന്‍ പ്രവാസികള്‍ക്ക് കഴിയുമെന്നും വി.ഡി. സതീശൻ ബജറ്റ് അവതരണ വേളയിൽ ചൂണ്ടിക്കാട്ടി.
റെമിറ്റന്‍സ് ഇക്കോണമി എന്ന നിലയില്‍ നിന്നും ഇന്‍വെസ്റ്റ്‌മെന്‍റ് ഇക്കോണമി എന്ന നിലയിലേക്ക് കേരളത്തെ മാറ്റേണ്ടതുണ്ട്. കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസി നിക്ഷേപം. പതിറ്റാണ്ടുകളായി ഗള്‍ഫ് രാജ്യങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമായി ജോലി ചെയ്യുന്ന മലയാളികള്‍ അയക്കുന്ന പണം, കേരളത്തിന്‍റെ ഉപഭോഗ ശേഷിയും ജീവിത നിലവാരവും ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍, ഭാവിയിലെ കേരള വികസനത്തിന് പണം അയക്കല്‍ മാത്രം മതിയാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം.
അതേസമയം, പ്രവാസി ക്ഷേമത്തിനായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല എന്നത് ഉൾപ്പെടെ പ്രവാസ ലോകത്ത് കടുത്ത വിമർശനങ്ങളും ബജറ്റിനെതിരെ ഉയരുന്നുണ്ട്. പ്രവാസി പെൻഷൻ വർധിപ്പിക്കാത്തതിലും, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിലും പ്രവാസികൾക്ക് നിരാശയുണ്ട്. ലോക കേരള സഭ, നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ചെല്ലാം ബജറ്റ് മൗനം പാലിക്കുന്നു എന്ന വിമർശനം ശക്തമാണ്. സാധാരണ പ്രവാസികൾ പ്രതീക്ഷിച്ച ഒന്നും പ്രഖ്യാപിക്കാത്തതിൽ നിരാശയുണ്ടെന്ന് യു.ഡി.എഫ് അണികൾ പോലും കുറ്റപ്പെടുത്തുന്നു.
വികസനത്തിന് പുതിയ ദിശാബോധം നൽകുന്ന ബജറ്റ്- എ.എം. അൻസാർ (ഇൻകാസ് അബൂദബി പ്രസിഡന്‍റ്)
വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുന്നതാണെന്ന് ഇൻകാസ് അബൂദബി പ്രസിഡന്‍റ് എ.എം. അൻസാർ അഭിപ്രായപ്പെട്ടു. കടമെടുത്ത് ദൈനംദിന ചെലവുകൾ നിറവേറ്റുന്ന സമീപനത്തിൽ നിന്ന് മാറി, ഉൽപാദന വർധന, നിക്ഷേപ ആകർഷണം, സംരംഭകത്വ വികസനം, തൊഴിൽ സൃഷ്ടി എന്നിവയിലൂടെ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുന്നതിനാണ് ഈ ബജറ്റ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം, ‘പ്രവാസി ഇൻവെസ്റ്റ്‌മെന്‍റ് ട്രസ്റ്റ്’ എന്ന ആശയം ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാണ്. ഇതുവരെ കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ പ്രവാസികളുടെ പങ്ക് പ്രധാനമായും റമിറ്റൻസുകളിലൂടെ മാത്രമാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ഈ ബജറ്റ് പ്രവാസികളെ വെറും പണമയക്കുന്നവരായി കാണാതെ, കേരളത്തിന്‍റെ ഭാവി വികസനത്തിന്‍റെയും സാമ്പത്തിക വളർച്ചയുടെയും മുഖ്യ പങ്കാളികളായി അംഗീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രവാസി സംഭാവനയെ അവഗണിക്കുന്നു- എൻ.കെ. കുഞ്ഞഹമ്മദ് (പ്രവാസി ക്ഷേമ ബോർഡ് മുൻ ഡയറക്ടർ, ലോക കേരളസഭാഗം)
നിലവിലെ ബജറ്റ് സമീപനം കേരളത്തിന്‍റെ യാഥാർഥ്യങ്ങളെയും പ്രവാസി സമൂഹത്തിന്‍റെ നിർണായക സംഭാവനയെയും അവഗണിക്കുന്നു. കേരളം വലിയ സാമ്പത്തിക അപകടാവസ്ഥയിലാണ് എന്ന തരത്തിൽ മുഖ്യമന്ത്രി നടത്തിയ ആമുഖ പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമാണെന്ന വിമർശനം ഉയരുന്നുണ്ട്. ബജറ്റിലെ ആകെ വിഹിതങ്ങൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തിന്‍റെ സാമ്പത്തിക നില പൂർണമായ പ്രതിസന്ധിയിലല്ലെന്ന വാദവും നിലനിൽക്കുന്നു. 2,000 കോടിയിലധികം അധിക വിഹിതം നീക്കിവെക്കാൻ സർക്കാരിന് കഴിഞ്ഞ സാഹചര്യത്തിൽ ‘സാമ്പത്തിക പ്രതിസന്ധി’ എന്ന വാദം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 6,000 കോടിയിലധികം രൂപയുടെ സർപ്ലസ് നിലനിന്നിരുന്നുവെന്ന അവകാശവാദങ്ങൾ നിലനിൽക്കുമ്പോൾ, ജനക്ഷേമ പദ്ധതികളിലും മേഖലയിലും പ്രതീക്ഷിച്ച പുരോഗതി ഉണ്ടായില്ലെന്ന വിമർശനവും ശക്തമാണ്.
പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ സാമ്പത്തിക പ്രതിസന്ധി, പെൻഷൻ കുടിശിക, പ്രവാസി ക്ഷേമ പദ്ധതികളുടെ അനിശ്ചിതത്വം എന്നിവക്ക് വ്യക്തമായ പരിഹാരമില്ലാത്തത് ആശങ്ക വർധിപ്പിക്കുന്നു. പ്രവാസി പുനരധിവാസം, നിക്ഷേപ പദ്ധതികൾ, ക്ഷേമ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച വ്യക്തമായ പുതിയ പ്രഖ്യാപനങ്ങൾ ഇല്ലാതെ പോകുന്നത് വലിയ വീഴ്ചയാണ്. ലോക കേരള സഭ ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്കും വ്യക്തമായ ദിശാബോധം ലഭിച്ചിട്ടില്ല.
അവഗണനക്കെതിരെ പ്രതിഷേധിക്കുന്നു -ഓർമ ദുബൈ
ധനകാര്യവകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചു. ബജറ്റ് പ്രസംഗത്തിലുടനീളം 'പ്രവാസി' എന്നോ 'നോർക്ക' എന്നോ ഒരു വാക്കുപോലും ഉച്ചരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ അധികാരത്തിലിരുന്ന പിണറായി സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ ഒട്ടനവധി ക്ഷേമപദ്ധതികളെ പാടെ അട്ടിമറിക്കുന്ന സമീപനമാണ് ഈ ബജറ്റിലുള്ളത്.
പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ പോലും പ്രവാസികളുടെ വിവിധ പദ്ധതികൾക്കായി 200 കോടിയോളം രൂപയാണ് മാറ്റിവെച്ചിരുന്നത്. എന്നാൽ, വി.ഡി. സതീശൻ സർക്കാർ പ്രവാസി ക്ഷേമത്തിനായി ഒരു രൂപ പോലും നീക്കിവെച്ചിട്ടില്ല. പ്രവാസികളുടെ അഭിമാന പദ്ധതിയായ ലോക കേരള സഭയെക്കുറിച്ചോ, നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി എന്നിവയെക്കുറിച്ചോ ഒരു പരാമർശം പോലും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് അത്യന്തം നിരാശാജനകമാണ്.
ഇടത് സർക്കാരിന്‍റെ കാലത്ത് 'നോർക്ക' എന്ന സംവിധാനത്തെ ഒരു ആഗോള ബ്രാൻഡാക്കി മാറ്റാൻ കഴിഞ്ഞിരുന്നു. എന്നാൽ ഈ ബജറ്റിലാകട്ടെ, പ്രവാസി നിക്ഷേപങ്ങൾ സ്വീകരിക്കണം എന്ന് പറയുന്നതല്ലാതെ, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കഴിഞ്ഞ 10 വർഷമായി കൃത്യമായി വിതരണം ചെയ്തിരുന്ന പ്രവാസി ക്ഷേമനിധി പെൻഷൻ രണ്ടു മാസമായി മുടങ്ങിക്കിടക്കുകയാണ്. ഈ പെൻഷൻ കുടിശിക തീർത്തു നൽകാനുള്ള ഫണ്ടെങ്കിലും ബജറ്റിൽ പ്രഖ്യാപിക്കുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിച്ചിരുന്നത്. അതിനുള്ള ഒരു നീക്കവും ഉണ്ടായില്ല. ലോകത്താകമാനമുള്ള പ്രവാസി സുഹൃത്തുക്കളും പ്രവാസി സംഘടനകളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഈ കൊടിയ അനീതിക്കും അവഗണനക്കുമെതിരെ രംഗത്തിറങ്ങണം. ഈ ബജറ്റിനെതിരെ ഓർമ ഭാരവാഹികൾ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
വലിയ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ബജറ്റ് പുന്നക്കൻ മുഹമ്മദലി (യു.ഡി.എഫ് യു.എ.ഇ.കൺവീനർ)
കേരളത്തിന്‍റെ നാളെയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച 2026-27 വർഷത്തെ ബജറ്റ്. വെല്ലുവിളികൾ നിറഞ്ഞ സാമ്പത്തിക സാഹചര്യത്തിലും, ജനങ്ങളുടെ പ്രതീക്ഷകൾക്ക് ഒട്ടും കുറവു വരുത്താതെ, നാടിന്‍റെ വികസനത്തിന് വ്യക്തമായ ദിശാബോധം നൽകുന്ന ഒരു ബജറ്റാണിത്. എന്നാൽ, സാധാരണ പ്രവാസികൾ പ്രതീക്ഷിച്ച ഒന്നും പ്രഖ്യാപിക്കാത്തതിൽ നിരാശയുണ്ട്. വരുന്ന ബജറ്റ് ചർച്ചയിൽ ഈ കുറവ് നികത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബജറ്റിലെ പുതിയ പദ്ധതിയായ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിൽ മുഴുവൻ പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തണം. പ്രവാസി ക്ഷേമത്തിന് പ്രത്യേക പദ്ധതി എന്താണെന്ന് ചർച്ചയിൽ പ്രഖ്യാപിക്കണം.
കേരളത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ വെറുമൊരു വരുമാനമാർഗമായി മാത്രം കാണുന്ന പരമ്പരാഗത ശൈലിക്ക് ഈ ബജറ്റ് അറുതിവരുത്തിയതിൽ സന്തോഷമുണ്ട്. നിക്ഷേപങ്ങളെ നാടിന്‍റെ വികസനത്തിന് ഉതകുന്ന ‘പ്രത്യുത്പാദന മേഖലകളിലേക്ക് വഴിതിരിച്ചുവിടാൻ 'പ്രവാസി ട്രസ്റ്റ്' രൂപീകരിക്കാനുള്ള തീരുമാനം ചരിത്രപരമാണ്. ഈ ട്രസ്റ്റിന്‍റെ രൂപീകരണം ആഗോള മലയാളി സമൂഹത്തിൽ വലിയ ആത്മവിശ്വാസം വളർത്തുകയും പ്രവാസി ക്ഷേമരംഗത്ത് വലിയ നല്ല മാറ്റങ്ങൾക്ക് വഴിതുറക്കുകയും ചെയ്യും.
പ്രവാസികളിൽ നിരാശ സൃഷ്ടിച്ച ബജറ്റ് - അഡ്വ. അൻസാരി സൈനുദ്ദീൻ (ലോക കേരള സഭ അംഗം, അബൂദബി)
യു.ഡി.എഫ്. സർക്കാരിന്‍റെ ആദ്യ ബജറ്റ് എന്ന നിലയിൽ നിരവധി പ്രഖ്യാപനങ്ങളും പ്രതീക്ഷകളും മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും, യാഥാർഥ്യബോധത്തോടെയുള്ള ബജറ്റാണെന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ സർക്കാരിന്‍റെ പദ്ധതികളെ വ്യാപകമായി വിമർശിക്കുകയും പലതും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്താണ് ഈ സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ, പ്രായോഗികമായി നോക്കുമ്പോൾ ആ പദ്ധതികളിൽ ഒന്നുപോലും അവസാനിപ്പിക്കാതെ, "കാലോചിതമായ മാറ്റങ്ങൾ" എന്ന പേരിൽ അവ തുടരുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച്, കിഫ്ബി പിരിച്ചുവിടുമെന്ന് പറഞ്ഞവർ ഇന്ന് അതിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന നിലപാടാണ് ബജറ്റ് പ്രസംഗത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, സംസ്ഥാന വികസനത്തിന് പ്രവാസി നിക്ഷേപം അനിവാര്യമാണെന്ന് സർക്കാർ അംഗീകരിക്കുമ്പോഴും, പ്രവാസി ക്ഷേമത്തിനായി ഒരു രൂപ പോലും പ്രത്യേകമായി വകയിരുത്താത്തത് പ്രവാസി സമൂഹത്തിൽ വലിയ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.
പ്രവാസികളെ പരിഗണിച്ച ബജറ്റ് - കെ.സി. അബൂബക്കർ (ഇൻകാസ് യു.എ.ഇ സീനിയർ ജന. സെക്രട്ടറി)
ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കാതെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി. പ്രവാസികളെ കൂടി പരിഗണിച്ച, കേരളം കാത്തിരുന്ന ബജറ്റാണിത്. റിവൈസ്ഡ് ബജറ്റാണെങ്കിലും പരമാവധി ആശ്വാസം നൽകാൻ കഴിഞ്ഞിട്ടുണ്ട്. പത്ത് വർഷം കൊണ്ട് പിണറായി സർക്കാർ നശിപ്പിച്ച കേരളത്തിന്‍റെ സാമ്പത്തിക നിലയിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കടക്കെണിയിലായ കേരളം കരകയറുമെന്ന പ്രതീക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രസ്റ്റിൽ സന്തോഷം, പെൻഷനിൽ നിരാശ- ഷെരീഫ് പി.വി. കരേക്കാട് (സാമൂഹിക പ്രവർത്തകൻ, ദുബൈ)
സർവ മേഖലയിലും ഉണർവ് നൽകുന്ന ബജറ്റിൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച 'പ്രവാസി ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് ഫണ്ട്' പ്രവാസികളുടെ നിക്ഷേപങ്ങളെ കേരളത്തിന്റെ വികസനത്തിനായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. കേരളത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപം സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപനങ്ങളും, പ്രവാസികൾക്ക് വ്യവസായങ്ങൾ തുടങ്ങുന്നതിനു പ്രവാസി ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങുമെന്ന പ്രഖ്യാപനങ്ങളും പ്രവാസികൾക്ക് പ്രതീക്ഷയും സന്തോഷവും നൽകുന്നതാണ്
പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബജറ്റിലും പ്രവാസി പെൻഷൻ വർധിപ്പിക്കാത്തതിലും, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്തതിനാലും പ്രവാസികൾ പ്രതിഷേധത്തിലും നിരാശയിലുമാണ്. മാറി മാറി വന്ന കേന്ദ്ര, കേരള സർക്കാരുകൾ പ്രവാസികളെ കൈയൊഴിയുന്നതിൽ കടുത്ത നിരാശയും അതിലേറെ പ്രതിഷേധവുമുണ്ട്. എല്ലാ അവശ്യ സാധനങ്ങൾക്കും വില കൂടിയ സാഹചര്യത്തിൽ പ്രവാസി പെൻഷൻ വർധിപ്പിക്കുകയും പ്രവാസി പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കുകയും വേണം.
പ്രവാസികളെ പരാമർശിക്കാത്ത ആദ്യ ബജറ്റ്- സഫറുള്ള പാലപ്പെട്ടി (സാസ്കാരിക പ്രവർത്തകൻ)
യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ബജറ്റ് തികച്ചും നിരാശാജനകം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ സംസ്ഥാന ബജറ്റിൽ പ്രവാസികളെ പരാമർശിക്കാതെ പോയ ആദ്യ ബജറ്റ് കൂടിയാണിത്.
പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കോ പുനരധിവാസത്തിനോ ഒന്നും തന്നെ ബജറ്റിൽ നീക്കിവെച്ചില്ല എന്ന് മാത്രമല്ല ഇടതുപക്ഷ സർക്കാർ സടപ്പിലാക്കിയ പ്രവാസി ക്ഷേമ പദ്ധതികൾ തുടർന്നുപോകും എന്ന സൂചനപോലും ബജറ്റിൽ നൽകിയില്ല.
ലോക മലയാളികളുടെ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ സർക്കാരിൽ നേരിട്ട് അവതരിപ്പിക്കാവുന്ന, എം.എൽ.എമാരും എംപിമാരും മന്ത്രിമാരും പ്രവാസി പ്രതിനിധികളും ചേർന്ന ചേർന്ന സഭയായ, ലോകത്തിലെ തന്നെ ആദ്യ സംവിധാനമായ ലോക കേരള സഭയെ കുറിച്ചും ബജറ്റിൽ പരാമർശിച്ചുകണ്ടില്ല. കേരളത്തിന് പുറത്തും വിദേശരാജ്യങ്ങളിലും ജനിച്ചു വളരുന്ന കുട്ടികൾക്ക് മലയാളഭാഷ സൗജന്യമായി പഠിപ്പിക്കുന്ന സർക്കാർ സംവിധാനമായ മലയാളം മിഷന്‍റെ പ്രവർത്തനങ്ങൾ ഇന്ന് കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ലോകത്ത് 80 രാജ്യങ്ങളിലും സജീവമായി നടക്കുന്നു. ഈ സംവിധാനം പ്രയോജനപ്പെടുത്തി 80,000 ത്തിലേറെ വിദ്യാർഥികൾ മലയാള ഭാഷ സ്വായത്തമാക്കുന്നു. ഈ സംവിധാനം ത്വരിതപ്പെടുത്തുന്നതിനുവേണ്ട നിർദേശമോ, അതിനുവേണ്ട തുകയോ ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല എന്നതും നിരാശാജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.