ദുബൈ: രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്ന് നിരോധിച്ച സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്ത് ഡോക്ടർമാർ. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളുടെ ഉറക്കം, പഠനം, ആത്മവിശ്വാസം, മാനസികാരോഗ്യം എന്നിവയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് യു.എ.ഇയിലെ പ്രമുഖ ഡോക്ടർമാരും കൗൺസിലർമാരും ചൂണ്ടിക്കാട്ടുന്നു.
സമൂഹ മാധ്യമങ്ങൾക്ക് അടിമപ്പെടുന്ന കുട്ടികൾ മണിക്കൂറുകളോളം ഫോണിൽ സമയം ചെലവഴിക്കുന്നതിനായി ഭക്ഷണം കഴിക്കാനോ, ഉറങ്ങാനോ, ബാത്റൂമിൽ പോകാനോ വരെ മടിക്കുന്ന സാഹചര്യമുണ്ടെന്ന് അബൂദബി എൻ.എം.സി സ്പെഷാലിറ്റി ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ. ഷഹാന കാസിം പറയുന്നു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ അവർ അമിതമായി ദേഷ്യപ്പെടുകയും ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പുലർച്ചെ വരെ ഫോണിൽ
രാത്രി ഒമ്പത് മണിക്ക് ഉറങ്ങാൻ പോകുന്നു എന്ന് മാതാപിതാക്കൾ കരുതിയ 13കാരൻ, മുറിക്കുള്ളിൽ രഹസ്യമായി പുലർച്ചെ രണ്ടുമണി വരെ ഫോൺ ഉപയോഗിക്കുന്നതിനെ തുടർന്ന് പഠനത്തിൽ പിന്നോട്ടുപോയ സംഭവം ദുബൈ മെഡിയോർ ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യൻ ഡോ. ദിയ അബ്ദുൽ റഷീദ് വിവരിച്ചു. നന്നായി പഠിക്കുന്ന കുട്ടി പഠനത്തിൽ വളരെ പിന്നാക്കം പോവുകയായിരുന്നു. കുട്ടിയിലെ സ്വഭാവ വ്യതിയാനങ്ങൾക്ക് രക്ഷിതാക്കൾ വൈദ്യപരിശോധനയൊക്കെ നടത്തിയ ശേഷമാണ് യഥാർഥ വില്ലൻ പുലർച്ചെ വരെ നീളുന്ന മൊബൈൽ ഫോൺ ഉപയോഗമാണെന്ന് വ്യക്തമായത്. ഉറക്കക്കുറവ് കുട്ടികളുടെ ഏകാഗ്രതയെയും ആത്മവിശ്വാസത്തെയും തകർക്കുന്നുണ്ടെന്ന് ഡോ. ദിയ പറഞ്ഞു.
സോഷ്യൽ മീഡിയയിലെ ലൈക്കുകളും കമന്‍റുകളും ഫോളോവേഴ്‌സിന്‍റെ എണ്ണവും നോക്കി സ്വന്തം മൂല്യം നിശ്ചയിക്കുന്ന അപകടകരമായ പ്രവണത കുട്ടികളിൽ കൂടിക്കൂടി വരികയാണ്. പോസ്റ്റുകൾക്ക് പ്രതീക്ഷിച്ച ശ്രദ്ധയും പ്രതികരണവും കിട്ടാതെ വരുമ്പോൾ കുട്ടികൾ കടുത്ത മാനസിക വിഷമത്തിലേക്ക് പോകുന്നുവെന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിലെ കൺസൾട്ടന്‍റ് സൈക്യാട്രിസ്റ്റ് ഡോ. ആമിർ ജാവേദ് പറയുന്നു.
ഗ്രൂപ്പ് ചാറ്റുകളിൽ നിന്നും സമൂഹ മാധ്യമങ്ങളിലെ പുത്തൻ ട്രെൻഡുകളിൽ നിന്നും ഒറ്റപ്പെട്ടുപോകുമെന്ന ഭയം കുട്ടികളിൽ വലിയ രീതിയിൽ ഉത്കണ്ഠ ഉണ്ടാക്കുന്നതായി മെഡ്കെയർ കമാലി ക്ലിനിക്കിലെ കൗൺസിലറും ബിഹേവിയർ തെറാപ്പിസ്റ്റുമായ കരോലിൻ യാഫെ വ്യക്തമാക്കുന്നു. ഓൺലൈനിലൂടെയുള്ള അപമാനിക്കലുകളും സ്വകാര്യ വിവരങ്ങൾ ചോരുന്നതും പലരെയും സ്കൂളിൽ പോകാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ കാണുന്ന തിളക്കമാർന്ന ജീവിതം മാത്രമാണ് യാഥാർഥ്യമെന്ന് കുട്ടികൾ തെറ്റിദ്ധരിക്കുകയാണെന്ന് ഇമോഷനൽ ഇന്‍റലിജൻസ് കോച്ച് പ്രതിഭ തിവാരി പറയുന്നു. പുതിയ ഐഫോൺ സ്വന്തമാക്കുക, ട്രെൻഡുകൾക്കൊപ്പം ഓടുക എന്നിവക്ക് പിന്നാലെ പോകുമ്പോൾ, സ്വന്തം കരിയറും കഴിവുകളും വികസിപ്പിക്കേണ്ട സുപ്രധാന സമയമാണ് കുട്ടികൾ നഷ്ടപ്പെടുത്തുന്നത്.
വെറും നിയന്ത്രണങ്ങൾ കൊണ്ട് മാത്രം ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. സാങ്കേതികവിദ്യ പൂർണമായി വിലക്കുന്നതിന് പകരം ഡിജിറ്റൽ ലോകത്തെ ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒന്നിച്ച് നിൽക്കണം. ഓൺലൈൻ ലോകത്തെ അപകടങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയാണ് വേണ്ടത്. സോഷ്യൽ മീഡിയക്ക് അപ്പുറത്തേക്ക് അവരുടെ ആത്മവിശ്വാസം കെട്ടിപ്പടുക്കാൻ സഹായിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.