‘ഫീസ് കുടിശിക ആയാലും വിദ്യാര്‍ഥികളുടെ പരീക്ഷ മുടക്കരുത്’; സ്വകാര്യ സ്‌കൂളുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി അബൂദബി വിദ്യാഭ്യാസ വകുപ്പ്

അബൂദബി: സ്‌കൂള്‍ ഫീസ് കുടിശിക വരുത്തിയതിന്‍റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിക്കരുതെന്ന് സ്വകാര്യ സ്‌കൂളുകള്‍ക്ക് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പിന്‍റെ (അഡെക്) കര്‍ശന നിര്‍ദേശം. ഫീസ് അടക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നും ഇതു തടയാന്‍ മാനേജ്‌മെന്‍റുകള്‍ക്ക് അധികാരമില്ലെന്നും അഡെക് അധികൃതര്‍ വ്യക്തമാക്കി. കുടിശികയുള്ള രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പായി സ്‌കൂളുകള്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

ഫീസ് കുടിശികയുള്ള രക്ഷിതാക്കള്‍ക്ക് ഓരോ ആഴ്ചത്തെയും ഇടവേളകളില്‍ തുടര്‍ച്ചയായി മൂന്ന് തവണ രേഖാമൂലം മുന്നറിയിപ്പ് നോട്ടീസ് നല്‍കണം. ഇതിനുശേഷവും തുക അടക്കാത്ത പക്ഷം ഒരു അധ്യയന ടേമില്‍ ഒരു തവണ മാത്രം, പരമാവധി മൂന്ന് ദിവസത്തേക്ക് വിദ്യാര്‍ഥിയെ ക്ലാസില്‍ ഇരുത്തുന്നതില്‍നിന്ന് വിലക്കാന്‍ സ്‌കൂളുകള്‍ക്ക് അനുമതിയുണ്ട്.

പരീക്ഷാ ഫലങ്ങള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റുകള്‍ (ടി.സി) എന്നിവ തടഞ്ഞുവെക്കാനും ഇലക്ട്രോണിക് സ്റ്റുഡന്‍റ്​ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ഇ.എസ്.ഐ.എസ്.) വഴിയുള്ള വിദ്യാര്‍ഥികളുടെ മാറ്റം തടയാനും അടുത്ത വര്‍ഷത്തേക്കുള്ള പുനര്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെക്കാനും സ്‌കൂളുകള്‍ക്ക് നിയമപരമായി സാധിക്കും. എന്നാല്‍, ഫീസ് അടയ്ക്കാത്തതിനാല്‍ അടുത്ത വര്‍ഷം പ്രവേശനം നല്‍കില്ലെന്ന കാര്യം അധ്യയന വര്‍ഷം അവസാനിക്കുന്നതിന് മൂന്നുമാസം മുമ്പെങ്കിലും രക്ഷിതാക്കളെ രേഖാമൂലം അറിയിച്ചിരിക്കണം.

അധ്യയന വര്‍ഷത്തിന്‍റെ തുടക്കം മുതല്‍ എല്ലാ സ്വകാര്യ സ്‌കൂളുകളും ഈ നയങ്ങള്‍ പൂര്‍ണമായി പാലിച്ചിരിക്കണം. വൈകി ഫീസ് അടക്കുന്നതും കുടിശിക വരുത്തുന്നതുമായി ബന്ധപ്പെട്ട സ്‌കൂളിന്‍റെ വ്യക്തവും സുതാര്യവുമായ ഫീസ് കളക്ഷന്‍ പോളിസികള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശമുണ്ട്. യു.എ.ഇയുടെ ദേശീയ സ്വത്വവും മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡെക് പുതിയ തന്ത്രപ്രധാന നീക്കങ്ങള്‍ക്ക് രൂപം നല്‍കിയത്.

ഇമാറാത്തി സംസ്‌കാരവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക, വിദ്യാര്‍ഥികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുക, ഭാവി മുന്നില്‍ക്കണ്ടുള്ള കഴിവുകള്‍ വികസിപ്പിക്കുക, മികച്ച അധ്യാപകരെ കേന്ദ്രീകരിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നീ നാല് മുന്‍ഗണനകള്‍ അടിസ്ഥാനമാക്കിയാണ് പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്തിരിക്കുന്നത്.

Tags:    
News Summary - 'Do not block students from exams even if fees are overdue’; Abu Dhabi Department of Education issues strict directives to private schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.