അബൂദബി: ജറൂസലേമിലെ അൽ അഖ്സ പള്ളി പരിസരത്ത് ഫലസ്തീനികൾക്കെതിരെയുണ്ടായ അതിക്രമ സംഭവത്തിൽ ഇസ്രായേൽ അംബാസഡറെ വിളിച്ചുവരുത്തി അപലപനം അറിയിച്ച് യു.എ.ഇ. നടപടികൾ മുസ്ലിംകൾക്കെതിരായ ഗുരുതരമായ പ്രകോപനമാണെന്നും വിശുദ്ധ നഗരത്തിന്റെ പവിത്രതയുടെ നഗ്നമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വിശേഷിപ്പിച്ചു.
ഇസ്രായേലി തീവ്രവാദികളുടെ തുടർച്ചയായ ആക്രമണങ്ങളും വിദ്വേഷത്തിനും ആക്രമണത്തിനും അവർ പ്രേരിപ്പിക്കുന്നതും ഒരു വ്യവസ്ഥാപിത തീവ്രവാദ പ്രചാരണമാണ്. ഇത് ഫലസ്തീൻ ജനതയെ മാത്രമല്ല, മുഴുവൻ അന്താരാഷ്ട്ര സമൂഹത്തെയും ലക്ഷ്യമിടുന്നുണ്ട്. ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന ദുരന്തം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ഇത് കൂടുതൽ പിരിമുറുക്കങ്ങൾ സൃഷ്ടിക്കുകയാണ്. ഇക്കാര്യത്തിൽ ഇസ്രായേൽ സർക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, ശത്രുതാപരമായ പ്രവൃത്തികളെ അപലപിക്കണമെന്നും, മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം ഉത്തരവാദികളായവരെ തിരിച്ചറിയണമെന്നും, ആക്രമണം, തീവ്രവാദം, പ്രകോപനം എന്നീ അജണ്ടകൾക്കായി ജറൂസലേമിനെ ചൂഷണം ചെയ്യുന്നത് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. നടപടിയെടുക്കുന്നതിൽ പരാജയപ്പെടുന്നത് വെറുപ്പ്, വംശീയത, അസ്ഥിരത എന്നിവ കൂടുതൽ ആഴത്തിലാക്കുന്ന മൗനാനുവാദമായി കാണപ്പെടും -പ്രസ്താവന വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമത്തിനും ചരിത്രപരമായ പദവിക്കും അനുസരിച്ച്, വിശുദ്ധ സ്ഥലങ്ങളുടെ മേലുള്ള ജോർഡന്റെ സംരക്ഷണ അവകാശത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും അൽ അഖ്സ മസ്ജിദ്, ഖുബ്ബത്ത് അൽ സഖ്റ, ചുറ്റുമുള്ള സ്ഥലങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന ജറൂസലേം എൻഡോവ്മെന്റ് അഡ്മിനിസ്ട്രേഷന്റെ അധികാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും യു.എ.ഇ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.