ദുബൈ: എമിറേറ്റിന്റെ വികസന ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറാൻ പോകുന്ന ദുബൈ ആൽ മക്തൂം വിമാനത്താവളത്തിന്റെ കൂടുതൽ സൗകര്യങ്ങൾ പുറത്തുവിട്ട് അധികൃതർ. വിമാനത്താവളത്തിലെ ടെർമിനലുകൾക്കിടയിലെ യാത്രാസമയം കുറക്കുന്നതിനായി ഭൂഗർഭ ട്രെയിനുകൾ നിർമിക്കുമെന്ന് ദുബൈ എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്സ് വെളിപ്പെടുത്തി.
ദുബൈയിൽ നടക്കുന്ന യാത്രാസേവന മേഖലയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രദർശനമായ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) നടന്ന സെഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 12,800 കോടി ദിർഹമാണ് പദ്ധതിയുടെ നിർമാണ ചെലവ്. ലോകത്തെ ഏറ്റവും വലിയ വിമാനത്താവളമായതിനാൽ ടെർമിനലുകൾക്കിടയിലെ യാത്രക്ക് ഏകദേശം 20 മിനിറ്റ് സമയം എടുക്കും. വിമാനത്താവളത്തിൽ വന്നിറങ്ങുന്നതും പോകുന്നതുമായ ട്രാൻസ്ഫർ യാത്രക്കാർക്ക് ഓരോ ടെർമിനലുകളിലേക്കും നടക്കാനുള്ള ദൂരം ഇതുമൂലം വളരെ കൂടുതലായിരിക്കും.
ഭൂഗർഭ ട്രെയിൻ നിർമിക്കുന്നതിലൂടെ യാത്രാസമയം കുറക്കാനാവും. ദുബൈ ഇന്റർനാഷനലിലെ (ഡി.എക്സ്.ബി) വിദഗ്ധ സംഘം ഭൂഗർഭ ട്രെയിനിന്റെ വിവിധ രൂപകൽപന മാതൃകകൾ പരിശോധിച്ചുവരുകയാണ്. ടെർമിനലുകൾക്കിടയിലെ യാത്രക്ക് 15 മുതൽ 20 മിനിറ്റ് വരെ എടുക്കുമെന്നതിനാൽ ഇരുന്ന് യാത്ര ചെയ്യാവുന്ന ട്രെയിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ വിമാനത്താവളം എട്ട് ചെറു വിമാനത്താവളങ്ങൾ ചേർന്നതായിരിക്കുമെന്ന് നേരത്തെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ചയാണ് വിമാനത്താവളത്തിന്റെ നിർമാണ കരാറിന് ദുബൈ സിവിൽ ഏവിയേഷൻ പ്രസിഡന്റും ദുബൈ എയർപോർട്ട്സ് ചെയർമാനും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ് സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം അംഗീകാരം നൽകിയത്. 26കോടി യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ ഓപറേഷനുകളും 128 ശതകോടി ദിർഹം ചെലവിട്ട് നിർമിക്കുന്ന പുതിയ എയർപോർട്ടിലേക്ക് മാറും. നിർമാണം പൂർത്തിയാക്കി 10 വർഷത്തിനുള്ളിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി ആൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്. 400 വിമാനത്താവള ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളും ഉൾക്കൊള്ളുന്ന വിമാനത്താവളം 70 സ്ക്വയർ കിലോമീറ്റർ പ്രദേശത്താണ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ നിലവിലെ വിമാനത്താവളത്തിന്റെ അഞ്ചുമടങ്ങ് ശേഷിയാണ് ഇതിനുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.