ദുബൈ: വെല്ലുവിളി നിറഞ്ഞ കുറ്റകൃത്യങ്ങളിൽ തുമ്പുണ്ടാക്കുന്നതിന് ആധുനിക ഫോറൻസിക് സയൻസിലെ നൂതന സാങ്കേതിക വിദ്യയായ ഫോറൻസിക് ജനിതക വംശാവലിയും ദുബൈ പൊലീസ് ഉപയോഗപ്പെടുത്തും. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജിയിലെ ജീനോം സെന്ററാണ് കേസന്വേഷണത്തിൽ ഏറ്റവും പുതിയ സംരംഭം ഉൾപ്പെടുത്തിയിരിക്കുന്നത്.
നൂതനാശയങ്ങളിലൂടെയും ശാസ്ത്രീയമായ പൊലീസിങിലൂടെയും പുതിയ കാലത്തെ കുറ്റാന്വേഷണ രംഗത്ത് ഇതുവഴി നവീകരണം നടപ്പിലാക്കുകയാണ് ലോകത്തെ ഏറ്റവും കഴിവുറ്റ പൊലീസ് സേന. പരമ്പരാഗത ഡിഎൻഎ പരിശോധനയിൽ നിന്ന് വ്യത്യസ്തമായി കുറ്റകൃത്യങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന തിരിച്ചറിയാൻ സാധിക്കാത്ത ഡി.എൻ.എ, ജി.ഇ.ഡിമാച്ച് പോലുള്ള അന്താരാഷ്ട്ര ജനിതക ഡാറ്റാബേസുകളുമായി താരതമ്യം ചെയ്ത് വിശകലനം ചെയ്താണ് ഫോറൻസിക് ജനിതക വംശാവലി പ്രവർത്തിക്കുന്നത്. ഗവേഷണം, നീതി, പൊതുസുരക്ഷ എന്നിവയെ സഹായിക്കുന്നതിനായി ലോകമെമ്പാടുമുള്ള വ്യക്തികൾ സ്വമേധയാ പങ്കുവെക്കുന്ന ദശലക്ഷക്കണക്കിന് ജനിതക പ്രൊഫൈലുകൾ ഈ ഡാറ്റാബേസുകളിലുണ്ട്.
കൃത്യമായ ഡി.എൻ.എ കണ്ടെത്തുന്നതിനേക്കാൾ വിദൂര ജനിതക ബന്ധങ്ങൾ തിരിച്ചറിയുന്നതിലാണ് സാങ്കേതികവിദ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമ്പരാഗത ഫോറൻസിക് ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് പരിഹരിക്കപ്പെടാതെ കിടക്കുന്ന കേസുകളിൽ ഈ സമീപനം പ്രത്യേകിച്ചും വിലപ്പെട്ടതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഭാവിയിലെ സുരക്ഷാ വെല്ലുവിളികൾ മുൻകൂട്ടി കാണുന്നതിനും നീതിക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുന്നതിനുമുള്ള ദുബൈ പൊലീസിന്റെ പ്രതിബദ്ധതയാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ഫോറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ അഹമ്മദ് ഥാനി ബിൻ ഗാലിത്ത പറഞ്ഞു. ദുബൈ പൊലീസ് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല, ലോകത്തിലെ ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ നഗരങ്ങളിൽ ഒന്നായി തുടരുന്നതിന് സംവിധാനങ്ങൾ ഉപയോഗിക്കുകയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പരമ്പരാഗത ഡി.എൻ.എ പ്രൊഫൈലിങിന് അപ്പുറത്തേക്ക് ഈ സാങ്കേതികവിദ്യ കടന്നുപോകുമെന്ന് ജീനോം സെന്റർ ഡയറക്ടർ ലെഫ്. കേണൽ വിദഗ്ദ്ധൻ ഡോ. മുഹമ്മദ് അലി അൽ മർറി വിശദീകരിച്ചു. നൂതനമായ വിശകലന പാതകൾ വികസിപ്പിക്കുന്നതിന് സെന്ററിലെ ബയോഇൻഫോർമാറ്റിക്സ് വിദഗ്ധർ നിർമ്മിത ബുദ്ധിയെ ആശ്രയിക്കുന്നുവെന്നും, അത്യാധുനിക ശാസ്ത്ര കേന്ദ്രമെന്ന നിലയിൽ ജീനോം സെന്ററിന്റെ പദവി ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.