ദുബൈ ആർ.ടി.എക്ക്​ 250 പുതിയ ബസുകളെത്തി

ദുബൈ: എമിറേറ്റിലെ പൊതുഗതാഗത രംഗത്തിന്​ ശക്​തി പകർന്ന്​ പുതിയ 250 ബസുകളെത്തി. 735ബസുകൾ വാങ്ങുന്നതിന്​ നേരത്തെ ഒപ്പിട്ട കരാറിന്‍റെ ഭാഗമായ ആദ്യ ബാച്ച്​ ബസുകളാണ്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ)ക്ക്​ ലഭിച്ചിരിക്കുന്നത്​.

പരിസ്ഥിതി സൗഹൃദമായ 40 ഇലക്​ട്രിക്​ ബസുകളും ബാച്ചിൽ ഉൾപ്പെടും. അതോടൊപ്പം എല്ലാ ബസുകളും കാർബൺ പുറന്തള്ളൽ കുറഞ്ഞ, യൂറോപ്യൻ സ്റ്റാൻന്‍റേഡായ ‘യൂറോ 6’ മാനദണ്ഡം പാലിക്കുന്നതുമാണ്​. യു.എ.ഇയിൽ ആദ്യമായാണ്​ ഇലക്​ട്രിക്​ ബസുകൾ ഇത്രയേറെ ഒരുമിച്ച്​ എത്തുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​. ബാക്കിയുള്ള ബസുകൾ ഈ വർഷം തന്നെ എത്തിച്ചേരുമെന്നും ആർ.ടി.എ പ്രസ്താവനയിൽ വ്യക്​തമാക്കി.

ദുബൈയിലെ നഗര വീഥികളിൽ ആദ്യമായി പുറത്തിറക്കുന്ന സോങ്​ടോങ്​ ഇലക്​ട്രിക്​ ബസുകൾ ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ സന്ദർശിച്ച്​ പരിശോധിക്കുകയും ചെയ്തു. ദുബൈയിലെ സാഹചര്യത്തിന്​ യോജിച്ച രീതിയിൽ സജ്ജമാക്കിയ ഒരൊറ്റ ചാർജിൽ 280 കി.മീറ്റർ വരെ സഞ്ചരിക്കുന്നതാണ്​.


ഇതനുസരിച്ച്​ ഒരു ദിവസത്തെ സർവീസുകൾ ഒരൊറ്റ ചാർജിൽ പൂർത്തിയാക്കാൻ ബസിന്​ സാധിക്കും. ഡിപ്പോയിലേക്ക്​ തിരിച്ചുവരേണ്ട സാഹചര്യമുണ്ടാകില്ല. 12മീറ്റർ നീളമുള്ള ബസിൽ 70യാത്രക്കാർക്ക്​ ഒരേ സമയം സഞ്ചരിക്കാനാവും. അതോടൊപ്പം ബസ്​ മുഴുവൻ ഭാഗങ്ങളും കാമറയിൽ നിരീക്ഷണത്തിലുമാണ്​. ബസുകൾ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും ആഗോള സർട്ടിഫിക്കേഷനുകളുള്ളതുമാണ്​.

യു.എ.ഇയുടെ കാലാവസ്ഥക്ക്​ അനുയോജ്യമായ അത്യാധുനിക ബാറ്ററി-കൂളിങ്​ സംവിധാനത്തോടെയാണ് ഇത് പ്രവർത്തിക്കുക. മൂന്ന് മാസത്തിലധികം ദുബൈയിൽ നടത്തിയ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് ബസുകൾ​ വാങ്ങുന്നതിന് തീരുമാനിച്ചത്​. ​ ഊർജക്ഷമത, ബ്രേക്കുകളുടെ പ്രതികരണക്ഷമത, എയർ കണ്ടീഷനിങ്​, ഇടയ്‌ക്കിടെ നിർത്തലുകളും വേഗതയിലെ മാറ്റങ്ങളും ഉണ്ടായപ്പോഴുള്ള വാഹനത്തിന്റെ സ്ഥിരത എന്നിവ പരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ബസിന്‍റെ കാര്യത്തിൽ ഡ്രൈവർമാരും യാത്രക്കാരും 95 ശതമാനം തൃപ്തിയാണ്​ രേഖപ്പെടുത്തിയിരുന്നത്​.

യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം നൽകിയ നിർദേശങ്ങളുടെയും, ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ തുടർനടപടികളുടെയും ഭാഗമാണ് ബസുകൾ വാങ്ങിയതെന്ന്​ മതാർ അൽ തായർ പ്രസ്താവനയിൽ പറഞ്ഞു.

ഗൾഫ് സവിശേഷതകൾക്ക് അനുസൃതമായി നിർമ്മിക്കുകയും പ്രദേശത്ത് പരീക്ഷിക്കുകയും ചെയ്ത 40 സോങ്‌ടോംഗ് ഇലക്ട്രിക് ബസുകൾ, 400 എം.എ.എൻ ബസുകൾ 149 സോങ്‌ടോംഗ് ബസുകൾ എന്നിവ കരാറിന്റെ ഭാഗമാണ്. കരാർ പ്രകാരം, ഉയർന്ന ജനസാന്ദ്രതയുള്ള നഗര പ്രദേശങ്ങൾക്കും പുതുതായി വികസിപ്പിച്ച ജില്ലകൾക്കും വേണ്ടി 76 ഡബിൾ-ഡെക്കർ വോൾവോ ബസുകളും 70 ആർട്ടിക്കുലേറ്റഡ് ഇസുസു അനഡോലു ബസുകളും വാങ്ങുന്നുണ്ട്​.

Tags:    
News Summary - Dubai RTA receives 250 new buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.