ദോഹ: പരിശുദ്ധ ഉംറ കർമം നിർവഹിക്കുന്നതിന് ഖത്തരികൾക്കോ ഖത്തറിൽ പ്രവാസികളായവർക്കോ എളുപ്പമാകില്ല. ഖത്തറിന് മേൽ സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം ഉംറ കർമത്തെയടക്കം ബാധിച്ച അവസ്ഥയിലായി. ഖത്തറിൽ സൗദി അറേബ്യയുടെ എംബസിയോ കോൺസിലേറ്റോ പ്രവർത്തിക്കാത്തതിനാൽ ഉംറ വിസ അടിക്കാൻ സാധിക്കുകയില്ല.
വിദേശികൾക് ഹജ്ജ്–ഉംറ സേവന കമ്പനികൾ മുഖേനെയാണ് നേരത്തെ വിസ ലഭ്യമാക്കിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഉംറ വിസ ലഭിക്കുക ഏറെ ദുഷ്ക്കരമായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ മറ്റേതെങ്കിലും എംബസികളുമായി ചേർന്ന് അടിയന്തര സാഹചര്യങ്ങൾ നേരിടുന്ന തിന് പരിഹാരം കാണുക പതിവാണ്. നിലവിലെ സാഹചര്യത്തിൽ സൗദി അധികൃതർ അത്തരമൊരു സാഹ ചര്യം ഉണ്ടാക്കിയിട്ടില്ല. ഇതിനാൽ ഇവിടെ നിന്നുള്ളവർക്ക് ഒരു കാരണവശാലും ഉംറക്ക് പോകാൻ കഴിയില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. രാജ്യത്ത് പ്രവർത്തിക്കുന്ന ഹജ്ജ്–ഉംറ സേവന കേന്ദ്രങ്ങളിൽ പലതും ഇതിനകം തന്നെ അടച്ചുപൂട്ടിയിരിക്കുകയാണ്.
നിലവിലെ സാഹചര്യം എപ്പോൾ നീങ്ങുമെന്നറിയാതെ വലിയ വാടകയും ജീവനക്കാരുടെ ശമ്പളവും ബാധ്യതയാകുമെന്നതിനാൽ തൽക്കാലം അടച്ചുപൂട്ടുകയാണെന്നാണ് ഈ കമ്പനികൾ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ഹജ്ജ് കർമത്തിന് നല്ല സൗകര്യങ്ങൾ നൽകാതിരുന്നത് വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
രാഷ്ട്രീയ ഭിന്നത വിശ്വാസപരമായ കാര്യങ്ങളെ ബാധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഖത്തരി പണ്ഡിതനായ ശൈഖ് അഹ്മദ് ബിൻ മുഹമ്മദ് അൽബൂഐനൈൻ അഭിപ്രായപ്പെട്ടു. വിശ്വാ സികളുടെ ആരാധനാ കർമങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം നടപടികളിൽ നിന്ന് ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിശ്വാസികളുടെ പവിത്രമായ ഗേഹമാണ് പരിശുദ്ധ കഅ്ബാലയം. അത് കാണുവാനും അവിടെയെത്തി പ്രാർത്ഥിക്കാനും ആഗ്രഹിക്കാത്ത വിശ്വാസികളുണ്ടാകില്ല.
എന്നാൽ ഈ ആഗ്രഹത്തെയാണ് വിസ നിഷേധിക്കുന്നതിലൂടെ ബന്ധപ്പെട്ടവർ ചെയ്യുന്നതെന്ന് പ്രമുഖ പണ്ഠിതൻ ഡോ.അഹ്മദ് അൽമുഹമ്മദി അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഖത്തറിലുള്ള വിദേശികൾക്കും ഉംറ നിർവഹിക്കുന്നതിനായി പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഉപരോധം നീങ്ങിയാൽ കാര്യങ്ങൾ പഴയപടി ആകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.