ഉമ്മുസുഖൈം സ്ട്രീറ്റ് വികസന രൂപരേഖ
ദുബൈ: ഗതാഗത സൗകര്യം വികസിപ്പിക്കുന്നതിനൊപ്പം ഉമ്മുസുഖൈം സ്ട്രീറ്റിനെ മനോഹര നഗരപാതയാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ച് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ജുമൈറ സ്ട്രീറ്റ് കവല മുതൽ അൽ ഖൈൽ റോഡ് വരെയുള്ള പാതയാണ് വിപുലമായ നവീകരണ പദ്ധതിയിൽ ഉൾപ്പെടുന്നത്. ജുമൈറ സ്ട്രീറ്റ്, അൽ സഫ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ് എന്നിവയുടെ വികസനത്തിന്റെ ഭാഗമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റോഡ് വീതി കൂട്ടലിനും വികസനത്തിനുമപ്പുറം ചുറ്റുമുള്ള നഗര ഭൂപ്രകൃതി സുന്ദരമാക്കുന്നതുമാണ് പദ്ധതിയെന്ന് ആർ.ടി.എ പ്രസ്താവനയിൽ അറിയിച്ചു. നവീകരിച്ച നടപ്പാതകൾ, പ്രത്യേക സൈക്ലിങ് ട്രാക്ക്, ബൊളിവാർഡുകൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.
പദ്ധതി പൂർത്തിയാകുന്നതോടെ ഉമ്മുസുഖൈം സ്ട്രീറ്റിന്റെ ഉൾക്കൊള്ളൽശേഷി മണിക്കൂറിൽ 16,000 വാഹനങ്ങളായി വർധിക്കും. ഇതോടെ ജുമൈറ സ്ട്രീറ്റിനും അൽഖൈൽ റോഡിനും ഇടയിലുള്ള യാത്രാ സമയം 20 മിനിറ്റിൽനിന്ന് വെറും ആറുമിനിറ്റായി കുറയുകയും ചെയ്യും. ദുബൈയിലെ നാല് തന്ത്രപ്രധാന ഗതാഗത പാതകളായ ശൈഖ് സായിദ് റോഡ്, അൽഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയിലേക്കുള്ള കണക്ടിവിറ്റി പദ്ധതി മെച്ചപ്പെടുത്തുമെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മതാർ അൽ തായർ പറഞ്ഞു.
നഗരത്തിലെ പ്രധാന താമസ, വികസന മേഖലകളായ ജുമൈറ, ഉമ്മുസുഖൈം, അൽ മനാറ, അൽ സുഫൂഹ്, ഉമ്മുൽ ശൈഫ്, അൽ ബർഷ, അൽ ഖൂസ് തുടങ്ങിയ പ്രദേശങ്ങൾക്ക് നേരിട്ട് ഉപകരിക്കുന്നതാണ് വികസന പദ്ധതി. ഈ മേഖലകളിൽ മാത്രം 20 ലക്ഷത്തിലേറെ താമസക്കാരുണ്ട്. ജുമൈറ സ്ട്രീറ്റ്, അൽ വാസൽ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, അൽ അസായിൽ സ്ട്രീറ്റ്, അൽ ഖൈൽ റോഡ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നവ ഉൾപ്പെടെ ഉമ്മുസുഖൈം സ്ട്രീറ്റിലെ ആറ് പ്രധാന കവലകളുടെ നവീകരണം റോഡ് പദ്ധതിയിൽ ഉൾപ്പെടും. ആകെ 4,100 മീറ്റർ നീളത്തിൽ നാല് പാലങ്ങളും മൂന്ന് തുരങ്കങ്ങളും പദ്ധതിയിൽ നിർമിക്കും. ജുമൈറ സ്ട്രീറ്റുമായുള്ള കവലയിൽ, ഇരു ദിശകളിലേക്കും രണ്ട് പാതകളുള്ള ഒരു തുരങ്കം നിർമിക്കും. കൂടാതെ സിഗ്നലൈസ് ചെയ്ത ഉപരിതല ജങ്ഷനും ഇതോടൊപ്പം ഉണ്ടാകും.
ശൈഖ് സായിദ് റോഡിൽനിന്ന് ജുമൈറ സ്ട്രീറ്റിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനും ശൈഖ് സായിദ് റോഡിലേക്കുള്ള ദിശയിൽ തടസ്സമില്ലാത്ത ഉപരിതല ഗതാഗതം നിലനിർത്തുന്നതിനുമായി അൽ വാസൽ സ്ട്രീറ്റുമായുള്ള കവലയിൽ രണ്ടുവരികൾ ഉൾക്കൊള്ളുന്ന തുരങ്കവും നിർമിക്കും. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റുമായുള്ള കവലയിൽ അൽ ബർഷയിൽനിന്ന് ശൈഖ് സായിദ് റോഡിലേക്കുള്ള ഗതാഗതം ഉൾക്കൊള്ളുന്നതിനായി ഒരു തുരങ്കവും വികസിപ്പിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയുടെ മുഖച്ഛായ തന്നെ പൂർണമായും മാറുകയും ഗതാഗതം ഏറ്റവും എളുപ്പമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.