ദുബൈ: രാജ്യത്താകമാനം ചൂടിന് ശമനമില്ല. ശനിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49.1ഡിഗ്രിയാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അൽഐനിലെ സ്വയ്ഹാനിൽ ഉച്ച 2.15നാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും 45 ഡിഗ്രി മുതൽ 48 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഞായറാഴ്ച പൊതുവെ പകൽ മുഴുവൻ തെളിഞ്ഞതും ചൂടുള്ളതുമായ കാലാവസ്ഥയായിരിക്കും.
അതോടൊപ്പം രാത്രിയിൽ, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് ഉയരുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഇതു കാരണം ഞായറാഴ്ച പുലർച്ച ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലെ താമസക്കാർ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണം.
ദിവസങ്ങളുടെ ഇടവേളക്കു ശേഷം രാജ്യത്താകമാനം വെള്ളിയാഴ്ച കനത്തചൂട് രേഖപ്പെടുത്തിയിരുന്നു. അൽഐനിൽ 50.1ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. ഈ മാസം ഒമ്പതിനാണ് അവസാനമായി 50 ഡിഗ്രി കടന്ന് ചൂട് രേഖപ്പെടുത്തിയിരുന്നത്.
ജൂൺ ആദ്യവാരത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിക്കുകയും താപനില കുറയുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം റെക്കോഡുകൾ ഭേദിച്ച് യു.എ.ഇയിൽ ചൂട് രേഖപ്പെടുത്തുകയുണ്ടായി. 51.6 ഡിഗ്രിയാണ് സ്വയ്ഹാനിൽ മേയ് 24ന് ചൂട് അടയാളപ്പെടുത്തിയത്. 2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിനു ശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.