ദുബൈ: അന്താരാഷ്ട്ര ബഹിരാകാശ ചരിത്രത്തിൽ അറബ് ലോകത്തിെൻറ സാന്നിധ്യം എഴുതിച്ചേർത്ത് ചരിത്രക്കുതിപ്പ് നടത്തിയ മേജർ ഹസ്സ അൽമൻസൂരിയുടെ പിൻഗാമികളാവാൻ ആഗ്രഹവുമായി ആയിരങ്ങൾ. ബഹിരാകാശ പര്യവേക്ഷണമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് നിരവധി ശാസ്ത്രകുതുകികളാണ് രാജ്യത്ത് അവസരം കാത്തിരിക്കുന്നത്. യു.എ.ഇ നടപ്പാക്കുന്ന ആദ്യ ബഹിരാകാശ പര്യവേക്ഷണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ അതീവ താൽപര്യത്തോടെ എത്തിയത് 4300 അപേക്ഷകളായിരുന്നു. അപേക്ഷകരിൽ 1400 എമിറാത്തി യുവതികളും ഇടംപിടിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരും ശാസ്ത്രരംഗത്തെ മികച്ച ഗവേഷകരുമുൾപ്പെടെ നിരവധി പ്രതിഭകളും അന്താരാഷ്ട്ര പര്യവേക്ഷണ രംഗത്ത് രാജ്യത്തിെൻറ യശസ്സുയർത്തുന്നതിന് സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ബഹിരാകാശ പര്യവേക്ഷണ പദ്ധതിയിലേക്ക് 130ഓളം പി.എച്ച്.ഡി ബിരുദധാരികളാണ് അപേക്ഷിച്ചിട്ടുള്ളത്.
മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിെൻറ (എം.ബി.ആർ.എസ്.സി) കീഴിൽ ആരംഭിക്കുന്ന ബഹിരാകാശ പര്യവേക്ഷണ പദ്ധതിക്ക് ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ശാസ്ത്രത്തോടും പര്യവേക്ഷണത്തോടും നമ്മുടെ യുവത കാട്ടുന്ന താൽപര്യത്തിലും അഭിനിവേശത്തിലും രാജ്യം പൂർണമായി അഭിമാനിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം പറഞ്ഞു. “അവരുടെ ആഗ്രഹത്തിലും അഭിനിവേശത്തിലും അഭിമാനിക്കുന്നു, യുവാക്കളുടെ ചുവടുവെപ്പിൽ രാജ്യത്തെ ജനങ്ങൾ സമ്പൂർണമായി അഭിമാനിക്കുന്നു” - ബഹിരാകാശ പര്യവേക്ഷണമെന്ന സ്വപ്നവുമായി മുന്നേറുന്ന എമിറാത്തി യുവാക്കളുടെ പ്രതികരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് ശൈഖ് മുഹമ്മദ് കുറിച്ചു.
ആദ്യത്തെ യു.എ.ഇ ബഹിരാകാശ പര്യവേക്ഷണ പ്രോഗ്രാം സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്ത് ശാസ്ത്ര കേഡർമാരെ വികസിപ്പിക്കാനും ഭാവിതലമുറയിലെ ബഹിരാകാശ പര്യവേക്ഷകരെ തയാറാക്കാനുമാണ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രം (എം.ബി.ആർ.എസ്.സി) സംഘടിപ്പിക്കുന്ന പദ്ധതി ലക്ഷ്യമിടുന്നത്. 2019 സെപ്റ്റംബർ 25നായിരുന്നു യു.എ.ഇ പൗരൻ മേജർ ഹസ്സ അൽമൻസൂറി ബഹിരാകാശ കേന്ദ്രത്തിലേക്ക് ചരിത്രക്കുതിപ്പ് നടത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) പോയ ഹസ്സ, വിജയകരമായ പര്യവേക്ഷണത്തിലൂടെ ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇക്ക് ഇടം നേടിക്കൊടുക്കുകയും ചെയ്തു. എട്ടു ദിവസത്തിനു ശേഷം ഒക്ടോബർ മൂന്നിനാണ് ഹസ്സ തിരികെ ഭൂമിയിലെത്തിയത്. 16 പരീക്ഷണങ്ങളാണ് ഹസ്സ ബഹിരാകാശ കേന്ദ്രത്തിൽ നടത്തിയത്.
ബഹിരാകാശത്തു നിന്നുള്ള ദുബൈയുടെ അത്ഭുതാവഹമായ ചിത്രങ്ങൾ പിന്നീട് ഹസ്സ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ബഹിരാകാശ കേന്ദ്രത്തിലേക്ക് നടത്തിയ ചരിത്രക്കുതിപ്പിൽ പകർത്തിയ പ്രിയപ്പെട്ട നഗരത്തിെൻറ ബഹിരാകാശത്ത് നിന്നുള്ള ചിത്രങ്ങളാണ് പുറത്തിവിട്ടത്. യു.എ.ഇയുടെ ബഹിരാകാശ ചരിത്രത്തിൽ വലിയൊരു നാഴികക്കല്ലായി മാറിയ പര്യവേക്ഷണത്തിന് ശേഷം മാതൃരാജ്യത്ത് തിരിച്ചെത്തിയ ഹസ്സ നാലാം ദിവസമാണ് സ്വാഭിമാനത്തോടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. യു.എ.ഇയുടെ യശസ്സ് അന്താരാഷ്ട്ര ബഹികാരാകാശത്തോളം ഉയർത്തി, വിസ്മയകരമായ ദൗത്യം പൂർത്തീകരിച്ച് നാടഞ്ഞ വീരപുരത്രനെ സ്നേഹവായ്പിൽ പൊതിഞ്ഞ രാജകീയ വരവേൽപ് നൽകിയാണ് ജന്മനാട് സ്വീകരിച്ചത്. ലക്ഷക്കണക്കിന് അറബ് യുവതക്ക് പ്രേരണയും പ്രതീക്ഷയും പകരുന്ന ചരിത്രക്കുതിപ്പാണ് ഹസ്സ അൽമൻസൂരി നടത്തിയതെന്ന് യു.എ.ഇ ഭരണാധികാരികളും പ്രശംസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.