ഒരു കുഞ്ഞു തോണിയുടെ ആകൃതിയിലുള്ള ചെറിയ ഒരു നാടാണെങ്കിലും അനുഭവങ്ങളുടെയും വൈവിധ്യങ്ങളുടെയും കടലാണ് കേരളം. തൊട്ടടുത്തുള്ള ഗ്രാമങ്ങളിൽ പോലും ആചാര അനുഷ്ഠാനങ്ങളിൽ വ്യത്യാസങ്ങളുണ്ടാവും. നോമ്പ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഏകനാഥെൻറ പ്രീതികാംക്ഷിച്ച് ഒരേ നിയ്യത്തോടെയാണ് അനുഷ്ഠിക്കുന്നതെങ്കിലും അതുമായി ബന്ധപ്പെട്ട രീതികൾ പലയിടത്തും വ്യത്യസ്തമാണ്. കേരളത്തിെൻറ വടക്കൻ ജില്ലയായ കാസർേകാട് പടന്നയിലെ കുട്ടിക്കാലമാണ് ഞങ്ങളുടെ ഉമ്മാമ അസീമ ബഷീറുദ്ദീൻ പറയുന്നത്:
കുട്ടികെളക്കൊണ്ട് നോമ്പ് പിടിപ്പിക്കുന്ന കാര്യത്തിൽ വലിയവർക്ക് അത്ര താൽപര്യം ഇല്ലായിരുന്നു പണ്ട്. പക്ഷേ, ഞങ്ങൾക്കാണെങ്കിൽ നോമ്പ് പിടിക്കാൻ വല്ലാത്ത കൊതിയുമാണ്. അത്താഴം കഴിച്ചാലേ നോമ്പുപിടിക്കാൻ പറ്റുള്ളൂ എന്ന് അവർ പറയും. എന്നിേട്ടാ, കുട്ടികെള അത്താഴത്തിന് വിളിക്കാൻ അമാന്തം കാണിക്കും. എനിക്കൊക്കെ അത്താഴത്തിന് എണീക്കാൻ പറ്റുക എന്നത് വലിയ സന്തോഷം ആയിരുന്നു. എന്നാലും കുട്ടികളല്ലേ, ഉറങ്ങിപ്പോവൂലേ. ഞങ്ങൾ ഉറങ്ങുകയാണെങ്കിൽ വിളിക്കണ്ട എന്ന മട്ടാണ് വലിയോരെല്ലാം. അതിനെ മറികടക്കാൻ ഒരു വഴി കണ്ടുവെച്ചിരുന്നു. ഉമ്മാമ ഉറങ്ങുേമ്പാൾ ഒരു ചരടെടുത്ത് ഒാരുടെ തുണി കോന്തലയിൽ കെട്ടും.
അതിെൻറ മറ്റേ അറ്റം ഞങ്ങൾ കാലിലും കെട്ടിവെക്കും. ഉമ്മാമ എണീക്കുേമ്പാൾ തന്നെ ഉണരാനുള്ള ഞങ്ങളുടെ ഇൗ സൂത്രം വിജയകരമായിരുന്നു. നോമ്പുപിടിക്കാനുള്ള ഉത്സാഹം മനസ്സിലാക്കുന്നതോടെ മുതിർന്നവർ വിളിച്ചെണീപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങും. നെയ്ച്ചോറും ചൂര മീൻ പ്രത്യേക രീതിയിൽ ഉണക്കിയെടുക്കുന്ന മാസ് വറുത്തതും ആയിരുന്നു അത്താഴത്തിന് പ്രധാന വിഭവം. മംഗലാപുരം കേന്ദ്രമായി അക്കാലത്ത് ബിസിനസുകൾ ചെയ്തിരുന്ന ലക്ഷദ്വീപുകാരുടെ പ്രധാന കച്ചവട സാധനങ്ങളിൽ ഒന്നായിരുന്നു മാസ്. ഖുർആൻ ഖത്തം തീർക്കുന്ന കാര്യത്തിൽ കുട്ടികൾ തമ്മിൽ മത്സരിച്ചിരുന്നു അന്ന്. ഖത്തം തീർത്ത കുട്ടികൾക്ക് പെരുന്നാളിന് മുതിർന്നവരുടെ കൈയിൽനിന്ന് പൈസയും സമ്മാനങ്ങളുമെല്ലാം കിട്ടുമായിരുന്നു.
ആ മക്കൾക്ക് സമ്മാനം കൊടുക്കുന്നത് വലിയ സന്തോഷവും െഎശ്വര്യവും ഉള്ള കാര്യമായി മുതിർന്നവരും കണക്കാക്കിപ്പോന്നു. ഇത്കാരണം കുട്ടികൾ രാത്രിയിലും പകലുമായി മത്സരിച്ച് ഓതിത്തീർക്കും. ഏതുഭാഗം വരെ ഒാതിത്തീർത്തു എന്ന് സഹോദരങ്ങൾ പോലും പരസ്പരം പറയാറുണ്ടായിരുന്നില്ല. നോമ്പിന് പകൽസമയം നിയ്യത്ത് പറഞ്ഞാൽ നോമ്പുമുറിയും എന്ന വിശ്വാസമായിരുന്നു കുട്ടികൾക്കുണ്ടായിരുന്നത്. മറ്റു കുട്ടികളോട് നിയ്യത്ത് ചൊല്ലിപ്പിക്കലും ആഹ്, നിെൻറ നോമ്പുപോയി എന്ന് കളിയാക്കലും ഒരു ശീലമായിരുന്നു.
നോമ്പ് കാലമായാൽ എല്ലാ പള്ളിയിലും നമസ്കാര ശേഷം ഉറുദി പറയൽ ഉണ്ടായിരുന്നു. പല ദേശങ്ങളിൽനിന്നും വരുന്ന ഉസ്താദുമാർ ഉറുദിപറയും. പള്ളിയിൽ നമസ്കരിക്കാൻ പോകുന്നവർ അവിടെ വിരിച്ചിട്ടിരിക്കുന്ന തൂവാലയിൽ നാണയ തുട്ടുകൾ വെച്ചു കൊടുക്കും. പള്ളിയിൽ പോകുന്ന കുട്ടികളുടെ കൈയിൽ ഉമ്മമാർ ഇൗ ആവശ്യത്തിനായി പണം കൊടുത്തുവിടൽ പതിവാണ്. വീടുകളിൽ ഇരുന്നാൽ ഇവ കേൾക്കാം. എന്നാലും പള്ളിയിൽ പോയി ഉറുദി കേട്ടു വന്ന കുട്ടികളോട് അത് ചോദിച്ചറിയുന്നതും അവർ അതേ പടി അനുകരിച്ച് പറയുന്നതും നല്ല ഹരമായിരുന്നു.
ഒാർത്തെടുത്തത്: ആസീമ ബഷീറുദ്ദീൻ
ചോദിച്ചറിഞ്ഞത്: ഹിബ, സെബ, ഖൈറ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.