ദുബൈ: ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അവശ്യവസ്തുക്കൾക്കും മരുന്നുകൾക്കും വില വർധിപ്പിക്കുന്നതിനെതിരെ ദുബൈ എക്കണോമി കാമ്പയിൻ തുടരുന്നതിനിടെ ലഭിച്ചത് നിരവധ ി പരാതികൾ. ന്യായവിലയ്ക്ക് ലഭ്യമാക്കേണ്ട സാധനങ്ങൾ സാഹചര്യം ചൂഷണം ചെയ്ത് അമിത വില ഇൗടാക്കി വിൽക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചക്കിടെ ഉപഭോക്താക്കളിൽ നിന്ന് 784ഓളം പരാതികളാണ് ലഭിച്ചതെന്ന് ദുബൈ എക്കണോമി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. വില വർധനയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനായി ദുബൈ എക്കണോമി കൊമേഴ്സ്യൽ കംപ്ലയിൻസ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ (സി.സി.സി.പി) വകുപ്പ് തയാറാക്കിയ പുതിയ പോർട്ടലിലാണ് പരാതികൾ ലഭിച്ചത്.
എല്ലാ വിഭാഗം ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് വ്യത്യസ്ത മാർഗങ്ങൾ വഴി അവരുടെ പരാതികളും നിർദേശങ്ങളും നാം തേടിയിരുന്നത്. വില വർധനവുമായി ബന്ധപ്പെട്ട രണ്ടാഴ്ചക്കിടെ നിരവധി പരാതികളാണ് വന്നത്. പരാതികളിൽ 71 ശതമാനവും പുതിയ പോർട്ടൽ വഴി ലഭിച്ചപ്പോൾ 29 ശതമാനം പരാതികൾ ദുബൈ കൺസ്യൂമർ ആപ് മുഖേനമാണ് ലഭിച്ചിരിക്കുന്നത് - ദുബൈ എക്കണോമിയിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടർ അഹമ്മദ് അൽ സാബി പറഞ്ഞു.ലഭ്യമായ തെളിവുകൾ പരിശോധിച്ച് നിലവിലുള്ള ബില്ലുകളും നേരത്തെയുള്ള കേസുകളുമായി താരതമ്യപ്പെടുത്തി സി.സി.സി.പി ടീം പരാതികളുടെ കൃത്യത പരിശോധിക്കും. വില പട്ടികയുടെയും മറ്റ് രീതികളുടെയും ഫീൽഡ്, ഇലക്ട്രോണിക് പരിശോധനയും സംഘം നടത്തും. പരാതി സാധുതയുള്ളതാണെന്ന് കണ്ടെത്തിയാൽ ന്യായവിലയ്ക്ക് സാമഗ്രികൾ വിൽക്കാൻ നിർദേശിക്കും. അല്ലാത്ത പക്ഷം കനത്ത പിഴയുൾപ്പെടെയുള്ള ശിക്ഷ നടപടികൾ സ്വീകരിക്കും.
ഇപ്പോഴത്തെ സാഹചര്യം ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങൾ നൽകിയതിന് ഉപഭോക്താക്കളെ അഭിനന്ദിക്കുന്നു, അതുവഴി വിപണിയിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിന് സമഗ്ര ഇടപെടൽ നടത്തി ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിന് ദുബൈ എക്കണോമി വലിയ പ്രാധാന്യം നൽകുന്നത് തുടരും - അൽ സാബി പറഞ്ഞു. വില വർധനയുമായി ബന്ധപ്പെട്ട പരാതികൾ ദുബൈ കൺസ്യൂമർ ആപ് വഴിയോ 600 54 5555 എന്ന നമ്പറിൽ വിളിച്ചോ ഉപഭോക്താക്കൾക്ക് സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.