മക്ക: ഇന്ത്യൻ ഹജ്ജ് തീർഥാടകർക്ക് മുൻവർഷങ്ങളിലേക്കാൾ മികവുറ്റ സേവനം ലഭ്യമാക്കാൻ സാധിക്കുന്നതായി കോൺസൽ ജനറ ൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ്. എല്ലാ നിലയിലും ഒാർമിക്കപ്പെടുന്നതും ചരിത്രപരവുമാണ് 2019 ഹജ്ജ് സീസണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ആസ്ഥാനത്ത് നടത്തിയ വാർത്തസേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഒരു ലക്ഷത്തോളം ഇന്ത്യൻ ഹാജിമാർ എത്തിക്കഴിഞ്ഞു. ഇത്തവണ സ്വകാര്യ ഗ്രൂപ് വഴിയുൾപ്പെടെ രണ്ട് ലക്ഷത്തോളം ഹാജിമാരാണ് ഇന്ത്യയിൽനിന്ന് വരുന്നത്. മിന^അറഫ^ജംറാത്ത് എന്നിവിടങ്ങളിലേക്ക് ഇത്തവണ 74,000 ഹാജിമാർക്ക് സഞ്ചരിക്കാൻ മശാഇർ മെട്രോ ട്രെയിൻ സൗകര്യം ലഭിക്കുമെന്ന് കോൺസൽ ജനറൽ വ്യക്തമാക്കി. ബാക്കിയുള്ളവർക്ക് ബസ് സൗകര്യമാണുണ്ടാവുക. കഴിഞ്ഞ വർഷം 68,000 പേർക്കായിരുന്നു ട്രെയിൻ സൗകര്യം ലഭിച്ചത്. എല്ലാവർക്കും മെട്രോ ട്രെയിൻ സൗകര്യം ലഭ്യമാക്കണമെന്നാണ് ഹജ്ജ് മിഷെൻറ ആവശ്യം. മക്കയിലും മദീനയിലും മികച്ച താമസകേന്ദ്രങ്ങൾ ഹാജിമാർക്കായി ഒരുക്കിയിട്ടുണ്ട്. താമസകേന്ദ്രങ്ങളിൽ ഏഴുപേർക്ക് ഒരു ടോയ്ലറ്റ് എന്ന അനുപാതത്തിൽ സൗകര്യമുണ്ട്. 22 പേർക്ക് ഒരു അടുക്കള വീതമുണ്ട്. ആവശ്യമായ ബക്കറ്റ്, മഗ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ലഗേജ് നീക്കം ഇത്തവണ വളരെ എളുപ്പത്തിലായി. ഒാരോ ഹാജിക്കും ലഗേജ് അവരവരുടെ താമസ കേന്ദ്രങ്ങളിലെത്തിക്കാൻ സാധിക്കുന്നുണ്ട്. പരാതികൾ പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടീമുണ്ട്. എല്ലാ പരാതികൾക്കും ഉടൻ പരിഹാരം കാണാനാവുന്നുണ്ട്. കടുത്ത ചൂട് കണക്കിലെടുത്ത് 1,40,000 ഗുണനിലവാരമുള്ള ത്രിവർണ കുടകൾ വിതരണം ചെയ്യുന്നുണ്ട്. സീസണിലെ രണ്ട് ഫ്രൈഡേ ഒാപറേഷനുകളും വളരെ വിജയകരമായിരുന്നു. 200ഒാളം ബസുകളാണ് വെള്ളിയാഴ്ച ഹാജിമാർക്കായി അസീസിയയിൽനിന്ന് ഹറമിലേക്ക് തുടർച്ചയായി സർവിസ് നടത്തിയത്. 2018 മോഡൽ ബസുകളാണ് സർവിസ് നടത്തുന്നത്. ബസുകൾക്ക് ഒരു ക്ഷാമവുമില്ല. ലക്ഷക്കണക്കിന് ഹാജിമാർ സംഗമിക്കുന്ന വെള്ളിയാഴ്ചകളിൽ സ്വാഭാവികമായ പ്രയാസങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും വരുന്ന തീർഥാടകർക്ക് ഒരേ പരിഗണനയും സൗകര്യങ്ങളുമാണ് ലഭ്യമാക്കുന്നത് എന്ന് കോൺസൽ ജനറൽ അറിയിച്ചു.
ഹജ്ജ് മിഷൻ ഒരുക്കിയ ചികിത്സാകേന്ദ്രങ്ങളിൽ 52,000 പേർ ഇതിനകം ചികിത്സ തേടി. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുമുൾപ്പെടെ മികച്ച ടീം പ്രവർത്തിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ ഹജ്ജ് കോൺസൽ വൈ. സാബിറും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.