ദുബൈ: സാമൂഹിക പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന വ്യക്തികളും സംഘടനകളും സർക്കാർ നിർദേശിച്ച നടപടിക്രമങ്ങൾ പാലിച്ച് അനുമതി നേടണമെന്ന് ഒാർമിപ്പിച്ച് കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ). സംഘടകൾ രൂപവത്കരിക്കുന്നതിനും സംഘടനകളുടെ ബാനറിൽ ദുബൈയിൽ കലാ^സാംസ്കാരിക^കായിക^ജീവകാരുണ്യ പരിപാടികളോ നടത്തുന്നതിനും മുൻപ് നിയമാനുസൃതമായി രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.
സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നതിനും ഇതു ബാധകമാണ്. എന്നാൽ ഇക്കാര്യം അറിയാതെയോ ഗൗരവമായി എടുക്കാതെയോ പ്രവർത്തനങ്ങൾ നടത്തുകയും പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് അതോറിറ്റി ഇക്കാര്യം ആവർത്തിച്ചത്. വിവിധ ആവശ്യങ്ങളുടെ പേരിൽ പണപ്പിരിവ് നടത്തുന്നതും സി.ഡി.എയുടെ അനുമതി നേടിയ ശേഷം നിയമനാസൃതമായ വഴിയിലൂടെ മാത്രമേ അനുവദിക്കു.
പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലയക്കാനും തടവിൽ കഴിയുന്നവരുടെ മോചനത്തിനും നാട്ടിലെ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയും മറ്റും പിരിവെടുക്കുന്നതും അനുമതിയില്ലാതെ അനുവദിക്കില്ല. അനധികൃതമായി പിരിവുകൾ നടത്തുന്നവർക്ക് അഞ്ഞൂറു മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. ഇതിനു പുറമെ സംഘടനയുടെ അംഗീകാരം സസ്പെൻറ് ചെയ്യുന്നതിലേക്കോ റദ്ദാക്കപ്പെടുന്നതിലേക്കോ കാര്യങ്ങൾ എത്തിപ്പെേട്ടക്കാം. ഏതാനും വർഷം മുൻപ് ഒരു സന്നദ്ധ സംഘടനക്കു വേണ്ടി ഫേസ്ബുക്ക് വഴി സംഭാവന സ്വരൂപിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റ് നടപടികൾ പോലുമുണ്ടായി.
നിയമാനുസൃതമാക്കാം പ്രവർത്തനങ്ങൾ
സന്നദ്ധ പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പരിപാടികൾക്കും ലോകത്തു തന്നെ ഏറ്റവുമധികം പ്രാധാന്യം നൽകുന്ന നാടുകളിലൊന്നായ ദുബൈയിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻ താൽപര്യമുള്ള ആളുകൾക്ക് എല്ലാ വിധ പിന്തുണയും സർക്കാർ നൽകുന്നുണ്ട്. പക്ഷെ നിയമങ്ങൾ പാലിച്ച് വേണമെന്നതാണ് നിബന്ധന. കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റിയുടെ അനുമതിയുള്ള സംഘടനകൾ മുഖേനെയാണ് പ്രവർത്തനങ്ങൾ നടത്തേണ്ടത്. കലാ^സാമൂഹിക^കായിക പ്രവർത്തനങ്ങൾ നടത്തുന്ന കൂട്ടായ്മയുടെ ഭാഗമാണ് നിങ്ങളെങ്കിൽ സി.ഡി.എയുടെ വെബ്സൈറ്റ് മുഖേനെ നിങ്ങളുടെ സംഘടനക്ക് അംഗീകാരത്തിനായി അപേക്ഷിക്കുകയും ചെയ്യാം. https://www.cda.gov.ae/en/pages/default.aspx എന്ന വെബ്സൈറ്റിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. 8002121 എന്ന ടോൾഫ്രീ നമ്പർ മുഖേനെ സി.ഡി.എയുടെ സേവനങ്ങളെക്കുറിച്ച് അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.